ശോഭ സുരേന്ദ്രന് വോട്ട് തേടി റോഡ് ഷോയിൽ സുരേന്ദ്രൻ
text_fieldsകഴക്കൂട്ടം: കഴക്കൂട്ടത്തെ എൻ.ഡി.എ സ്ഥാനാർത്ഥി ശോഭ സുരേന്ദ്രന് വോട്ട് തേടി ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. സംസ്ഥാന അധ്യക്ഷനും ശോഭ സുരേന്ദ്രനും തമ്മിലുള്ള അഭിപ്രായ ഭിന്നതകൾ മറ നീക്കി പുറത്തുവന്ന സന്ദർഭങ്ങളായിരുന്നു സ്ഥാനാർഥി നിർണയത്തിലടക്കം ഉണ്ടായിരുന്നത്. ഇതിനിടെയാണ് കെ. സുരേന്ദ്രൻ ശോഭക്ക് വോട്ട് തേടി കഴക്കൂട്ടത്ത് എത്തിയത്.
ശോഭാ സുരേന്ദ്രൻറെ വരവോടെ മണ്ഡലത്തിലെ എൻ.ഡി.എ ക്യാമ്പിൽ വലിയ ഉണർവ് ഉണ്ടായെന്നും കൂടുതൽ ജനവിഭാഗങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാൻ ശോഭാ സുരേന്ദ്രന് കഴിഞ്ഞിട്ടുണ്ടെന്നും കെ സുരേന്ദ്രൻ പറഞ്ഞു. കഴക്കൂട്ടത്ത് യാതൊരു ഭിന്നതയുമില്ല, പാർട്ടി ഒറ്റക്കെട്ടെന്നും ശോഭ സുരേന്ദ്രൻ വിജയിക്കുമെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.
ശോഭാ സുരേന്ദ്രന് ഒപ്പം മണ്ഡലത്തിലൂടെ റോഡ് ഷോയിലും കെ. സുരേന്ദ്രൻ പങ്കെടുത്തു.
രണ്ട് സീറ്റുകളിലാണ് ഇത്തവണ കെ. സുരേന്ദ്രൻ മത്സരിക്കുന്നത്. മഞ്ചേശ്വരത്തും കോന്നിയിലും നടത്തുന്ന തിരക്കിട്ട പ്രചാരണ പരിപാടികൾക്കിടക്കാണ് ഇദ്ദേഹം കഴക്കൂട്ടത്ത് എത്തിയത്.