കായവറുത്തതിന് ആവശ്യക്കാരേറി
text_fieldsകൊച്ചി: തിളച്ച എണ്ണയിലേക്ക് അരിഞ്ഞിടുന്ന നേന്ത്രക്കായ മൊരിഞ്ഞ് കോരിയെടുക്കുന്നത് കാണാൻ തന്നെ ചേലാണ്. ഓണക്കാലമായാൽ ഈ വ്യാപാര കേന്ദ്രങ്ങൾ ഭക്ഷണപ്രിയരെ കൊണ്ട് നിറയും. കായവറുത്തതും ശർക്കര ഉപ്പേരിയും വറുത്ത ഉപ്പേരിയുമില്ലാതെ എന്ത് ഓണാഘോഷം. സ്കൂളുകൾ, കോളജുകൾ, ഓഫിസുകൾ, വിവിധ കൂട്ടായ്മകൾ എന്നിവിടങ്ങളിലൊക്കെയുള്ള ഓണാഘോഷ പരിപാടികളിലേക്കുള്ള ഓർഡറുകൾ മുൻകൂട്ടി എത്തിയതോടെ കച്ചവടക്കാരും ഹാപ്പിയാണ്. ഓർഡറനുസരിച്ച് കായവറുത്തത് തയാറാക്കുന്ന തിരക്കിലാണ് കച്ചവടക്കാർ. പ്രധാനമായി സ്വകാര്യ സ്ഥാപനങ്ങളിലേക്കുള്ള ഓർഡറുകളാണ് ആദ്യഘട്ടത്തിൽ ലഭിച്ചിട്ടുള്ളതെന്ന് വ്യാപാരികൾ പറഞ്ഞു. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഓണാഘോഷങ്ങളിൽ കുറവ് വരുമോയെന്ന ആശങ്ക വിപണിയിലുണ്ട്. എങ്കിലും കാര്യമായ കുറവ് കച്ചവടത്തിലുണ്ടാകില്ലെന്ന പ്രതീക്ഷയിലാണ് അവർ. ഒരു കിലോ കായവറുത്തതിന് 440 രൂപയാണ് എറണാകുളം നഗരത്തിലെ വില. പലയിടങ്ങളിലും വിലയിൽ ചെറിയ വ്യത്യാസങ്ങളുണ്ട്. മുൻവർഷത്തേതിന് അപേക്ഷിച്ച് വർധനയുണ്ടായിട്ടുണ്ട്.
ശർക്കര ഉപ്പേരി, വറുത്ത ഉപ്പേരി എന്നിവക്കും 440 രൂപ തന്നെയാണ് വില. സ്പൈസസിന്റെയും വെളിച്ചെണ്ണയുടെയുമൊക്കെ വില വർധന ഇവയെ സ്വാധീനിച്ചിട്ടുണ്ട്. ചുക്ക്, ഏലക്ക, ജീരകം തുടങ്ങിയവയുടെ വില കൂടിയിട്ടുണ്ട്. വെളിച്ചെണ്ണ 200 രൂപക്ക് മുകളിലാണ്. പഴകിയ എണ്ണ ഒരു കാരണവശാലും ഉപയോഗിക്കാറില്ലെന്നും അത് ഗുണമേന്മ ഉറപ്പുവരുത്തുന്നതിന്റെ പ്രധാന ഘടകമാണെന്നും വ്യാപാരികൾ പറഞ്ഞു. ശക്തമായ മഴയിൽ വിവിധയിടങ്ങളിൽ ഏത്തവാഴ കൃഷി നശിച്ചത് ഏത്തക്കായയുടെ വിലയിൽ വർധനക്ക് കാരണമായിരുന്നു. 60 രൂപ വരെയെത്തിയ ഏത്തപ്പഴത്തിന് ഇപ്പോൾ 50 രൂപയിൽ താഴെയെത്തിട്ടുണ്ട്. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നും തമിഴ്നാട്ടിൽ നിന്നും ഏത്തക്കായ എത്തുന്നുണ്ട്. മൊത്ത വ്യാപാരത്തിൽ ചെറിയ കുറവ് സംഭവിച്ചാലും റീട്ടെയിൽ കച്ചവടത്തിന് വലിയ പ്രയാസമുണ്ടാകാറില്ലെന്ന് കച്ചവടക്കാർ പറഞ്ഞു. കോവിഡ് കാലഘട്ടത്തിലടക്കമുള്ള ട്രെൻഡ് അങ്ങനെയായിരുന്നുവെന്നും അവർ വ്യക്തമാക്കി.