ബി.ഡി.ജെ.എസിൽനിന്ന് പിടിച്ചുവാങ്ങിയ കൊടുങ്ങല്ലൂരിൽ തിരിച്ചടിയേറ്റ് ബി.ജെ.പി
text_fieldsകൊടുങ്ങല്ലൂർ: ബി.ഡി.ജെ.എസിൽനിന്ന് പിടിച്ചുവാങ്ങിയ കൊടുങ്ങല്ലൂരിൽ തിരിച്ചടിയേറ്റ് ബി.ജെ.പി. ത്രികോണ മത്സര പ്രതീതി സൃഷ്ടിച്ച പോരിൽ ബി.ജെ.പി മൂന്നാം സ്ഥാനംകൊണ്ട് തൃപ്തിപ്പെടേണ്ടി വന്നതിനെക്കാൾ ഗണ്യമായ വോട്ട് ചോർച്ചയാണ് അവരെ അലോസരപ്പെടുത്തുന്നത്.
പ്രത്യേകിച്ച് ബി.ജെ.പി ശക്തികേന്ദ്രമായി പറയുന്ന കൊടുങ്ങല്ലൂരിലുണ്ടായ അടിയൊഴുക്ക്. സംസ്ഥാനത്തെ 15 എ ക്ലാസ് മണ്ഡലങ്ങളിൽ ഒന്നായി കണ്ട് ബി.ഡി.ജെ.എസിൽനിന്ന് സീറ്റ് വിട്ടുകിട്ടും മുമ്പ് തന്നെ ബി.ജെ.പി കൊടുങ്ങല്ലൂരിൽ പടയൊരുക്കം തുടങ്ങിയിരുന്നു.
തദ്ദേശ തെരഞ്ഞെടുപ്പിൽ കൊടുങ്ങല്ലൂർ നഗരസഭയിൽ ഭരണത്തിനടുത്ത് എത്തിയ ബി.ജെ.പി നേടിയ വോട്ടിെൻറ ബലത്തിലായിരുന്നു മുഖ്യമായും നിയമസഭ പോരിലെ പടപ്പുറപ്പാട്. എന്നാൽ, അതേ നഗരസഭയിൽ തന്നെ എൻ.ഡി.എക്ക് കനത്ത തിരിച്ചടിയാണുണ്ടായത്.
തദ്ദേശ പോരിൽ കൊടുങ്ങല്ലൂർ നഗരസഭയിൽ 17,822 വോട്ട് നേടിയ ബി.ജെ.പിക്ക് നിയമസഭയിലേക്ക് കിട്ടിയത് വെറും 11,294 വോട്ട് മാത്രമാണ്. അതായത് 6528 വോട്ട് കുറവ്. അതേസമയം, എൽ.ഡി.എഫ് വോട്ടു വിഹിതം 19,818ൽനിന്ന് 21,164 ലേക്കും യു.ഡി.എഫിേൻറത് 7846ൽനിന്ന് 8900ത്തിലേക്കും ഉയർത്താൻ അവർക്കായി.
കൊടുങ്ങല്ലൂർ നഗരസഭയിൽ ഉണ്ടായ കനത്ത ക്ഷീണമാണ് നിയോജക മണ്ഡലത്തിൽ എൻ.ഡി.എയുടെ പിന്നാക്കം പോക്കിന് കാരണമായത്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പ് ഫലവുമായി താരതമ്യം ചെയ്യുമ്പോൾ കൊടുങ്ങല്ലൂർ മണ്ഡലത്തിൽ 4589 വോട്ട് കുറവാണ് എൻ.ഡി.എക്ക് സംഭവിച്ചത്.
2016ൽ ബി.ഡി.ജെ.എസ് സ്ഥാനാർഥി സംഗീത വിശ്വനാഥ് 32,793 വോട്ട് നേടിയിരുന്നു. എന്നാൽ, ഇക്കുറി മത്സരിച്ച സന്തോഷ് ചെറാക്കുളത്തിന് 28,204 വോട്ടേ നേടാനായുള്ളൂ.
പിന്മാറിയെങ്കിലും ബി.ജെ.പി സംസ്ഥാന കമ്മിറ്റി അംഗം ഉമേഷ് ചള്ളിയിൽ മത്സര രംഗത്ത് വന്നത് ഉൾപ്പെടെ എൻ.ഡി.എ പ്രശ്നങ്ങളെ അഭിമുഖീകരിച്ചിരുന്നു. കയ്പമംഗലം മണ്ഡലത്തിൽ എൻ.ഡി.എയുടെ സ്ഥിതി അത്യന്തം ദയനീയമാണ്. 2016ൽ 30,041 വോട്ടുണ്ടായിരുന്നു. ഇക്കുറി 9067 വോട്ട് മാത്രമാണ് ലഭിച്ചത്. പാർട്ടിക്ക് വേരോട്ടമുള്ള മണ്ഡലങ്ങളിലാണ് വോട്ട് ചോർച്ച.