പോളിങ് ബൂത്തിൽ പ്രശ്നമുണ്ടാക്കിയ 'ആനയെ തളച്ചു'
text_fieldsകൊടുങ്ങല്ലൂർ: എറിയാട് ജാമിഅഃ അസീസിയ ബൂത്തിൽ 'ഇടഞ്ഞ ആനയെ' ഉദ്യോഗസ്ഥർ മെരുക്കി. 70നടുത്ത് പ്രായമുള്ള, കാഴ്ചക്ക് അൽപം മങ്ങലുള്ളയാൾ വോട്ട് ചെയ്തപ്പോഴാണ് പ്രശ്നം ഉടലെടുത്തത്. വോട്ട് വിവി പാറ്റിൽ ആനയായി മാറിയോയെന്ന് ആൾക്കൊരു സംശയം.
കയ്പമംഗലത്ത് മത്സരിക്കുന്നവരുടെ പട്ടികയിലുള്ള ബി.എസ്.പി സ്ഥാനാർഥിയുടെ ചിഹ്നമാണ് ആന. ബൂത്തിൽ ചെയ്യുന്ന വോട്ടുകളെല്ലാം ആനക്ക് പോകുന്നതായി ഇതോടെ പ്രചാരണവുമായി.
സംഗതി പുകിലായതോടെ പ്രിസൈഡിങ് ഓഫിസർ പൊലീസിന് വിവരം നൽകി. കൊടുങ്ങല്ലൂർ സി.ഐ സോണി മത്തായി സ്ഥലത്തെത്തി.
ഇതിനിടെ റിട്ടേണിങ് ഓഫിസർ നടത്തിയ പരിശോധനയിൽ പ്രശ്നമൊന്നും ഉണ്ടായിട്ടില്ലെന്നും വോട്ടറുടെ സംശയം പരിഹരിക്കുന്നതിൽ പ്രിസൈഡിങ് ഓഫിസർക്കുണ്ടായ ധാരണപ്പിശകാണ് കാരണമെന്നും ബോധ്യമായി. ഇതോടെ സി.ഐയും മടങ്ങി.