മരം പൊട്ടിവീണു; നിർത്തിയിട്ട കാർ തകർന്നു
text_fieldsദേശീയപാത 766ൽ പാലക്കുറ്റി അങ്ങാടിക്ക് സമീപം റോഡിലേക്ക് ചാഞ്ഞ് അപകടാവസ്ഥയിലായ മരം പൊട്ടിവീണ നിലയിൽ
കൊടുവള്ളി: ദേശീയപാത 766ൽ പാലക്കുറ്റി ആക്കിപ്പൊയിൽ ജുമാമസ്ജിദിന് മുൻവശത്ത് 110 കെ.വി വൈദ്യുതി ലൈനിന് മുകളിലൂടെ റോഡിലേക്ക് ചാഞ്ഞ് അപകടാവസ്ഥയിലായ മരം പൊട്ടിവീണു. ഇവിടെ റോഡരികിൽ നിർത്തിയിട്ട കാറിന് മുകളിലേക്കാണ് മരം പൊട്ടിവീണത്. കാർ പൂർണമായും തകർന്നു. ദേശീയപാതയിൽ ഏറെനേരം ഗതാഗതതടസ്സം നേരിട്ടു.
ബുധനാഴ്ച രാത്രി ഏഴരയോടെയാണ് സംഭവം. മരം പൊട്ടി വൈദ്യുതി ലൈനുകളുടെ മുകളിലേക്ക് പതിച്ച് റോഡിലേക്ക് വീഴുകയായിരുന്നു. ഈ സമയത്ത് ആളുകൾ പരിസരത്തില്ലാത്തതിനാൽ വലിയ ദുരന്തമാണ് ഒഴിവായത്. 2021 ഡിസംബർ മൂന്നിന് ഡിവിഷൻ അസി. ഫോറസ്റ്റ് കൺസർവേറ്റർ മരം മുറിച്ചുമാറ്റാൻ ഉത്തരവിറക്കുകയും ബന്ധപ്പെട്ടവർക്ക് നിർദേശം നൽകുകയും ചെയ്തിരുന്നു.
മാസങ്ങൾ കഴിഞ്ഞിട്ടും ഉണങ്ങിയ മരം മുറിച്ചുമാറ്റാൻ നടപടിയില്ലാത്തത് സംബന്ധിച്ച് 'മാധ്യമം' വാർത്ത നൽകിയിരുന്നു. പാലക്കുറ്റി സ്വദേശിയായ സി.കെ. അബ്ദുൽ അമീർ ദേശീയ പാത കൊടുവള്ളി സെക്ഷൻ അസി. എൻജിനീയർ മുമ്പാകെ കോഴിക്കോട് സോഷ്യൽ ഫോറസ്ട്രി ഡിവിഷൻ അസിസ്റ്റൻറ് ഫോറസ്റ്റ് കൺ സർവേറ്റർക്ക് മരം മുറിച്ചുമാറ്റാൻ നടപടിയാവശ്യപ്പെട്ട് പരാതി നൽകിയിരുന്നു.
ഇതുപ്രകാരം വനംവകുപ്പ് വൃക്ഷ കമ്മിറ്റി അംഗങ്ങൾ സ്ഥലം സന്ദർശിക്കുകയും മരം മുറിച്ചുമാറ്റൽ അനിവാര്യമാണെന്ന് റിപ്പോർട്ട് നൽകുകയും ചെയ്തു. അസി. ഫോറസ്റ്റ് കൺസർവേറ്റർ മരം മുറിച്ചുമാറ്റാൻ ഉത്തരവിറക്കുകയും ബന്ധപ്പെട്ടവർക്ക് നിർദേശം നൽകുകയും ചെയ്തിരുന്നു.
എന്നാൽ, മാസങ്ങൾ കഴിഞ്ഞിട്ടും മുറിച്ചുമാറ്റാൻ നടപടിയില്ലാത്തതിനെ തുടർന്ന് ദേശീയപാത ഉദ്യോഗസ്ഥരെ സമീപിച്ചവരോട് സ്വന്തംനിലക്ക് മുറിച്ചുമാറ്റാൻ ആവശ്യപ്പെടുകയായിരുന്നു.