വിമർശനങ്ങൾ വിലങ്ങായില്ല; കൊല്ലത്ത് നങ്കൂരമിട്ട് മുകേഷ്
text_fieldsകൊല്ലം മണ്ഡലത്തിൽ വിജയിച്ച എൽ.ഡി.എഫ് സ്ഥാനാർഥി എം. മുകേഷ് മാതാവ് വിജയകുമാരിക്ക് മധുരം നൽകി വിജയം ആഘോഷിക്കുന്നു
കൊല്ലം: ആദ്യമുയർന്ന വിമർശനങ്ങൾക്കും പിന്നീടുയർന്ന സന്ദേഹങ്ങൾക്കുമൊന്നും എം. മുകേഷിെൻറ വിജയപാതയിൽ വിലങ്ങുതടിയാകാനായില്ല. സി.പി.എം രണ്ടാമതും തന്നിലർപ്പിച്ച വിശ്വാസം കാത്ത് കൊല്ലത്ത് സിറ്റിങ് എം.എൽ.എ മുകേഷ് തന്നെ വിജയക്കൊടി പാറിച്ചു.
യു.ഡി.എഫ് പാളയത്തിൽനിന്ന് കടുത്ത മത്സരവുമായി കളം നിറഞ്ഞുനിന്ന ബിന്ദു കൃഷ്ണയെ 2072 വോട്ടിനാണ് മുകേഷ് തോൽപിച്ചത്. 2016 ൽ സൂരജ് രവിക്കെതിരെ നേടിയ 17,611 വോട്ടുകളുടെ ഭൂരിപക്ഷത്തിൽനിന്ന് താഴേക്ക് പോയെങ്കിലും ഇൗ ജയത്തിനും മാറ്റേറെ. സ്ഥാനാർഥി നിർണയ ഘട്ടത്തിലുയർന്ന മുറുമുറുപ്പുകൾ അവഗണിച്ചാണ് മുകേഷിനെതന്നെ സി.പി.എം സ്ഥാനാർഥിയാക്കിയത്.
എൽ.ഡി.എഫ് രംഗത്തിറങ്ങി ആഴ്ചകൾ പിന്നിട്ടപ്പോഴാണ് കോൺഗ്രസ്, ബി.ജെ.പി സ്ഥാനാർഥികൾ രംഗപ്രവേശം ചെയ്തത്. നഷ്ടമായ ദിനങ്ങൾ മറികടക്കാൻ യു.ഡി.എഫ് ക്യാമ്പിൽനിന്ന് സജീവ പരിശ്രമം ഉണ്ടായതോടെ മണ്ഡലത്തിലെ മത്സരരംഗം ചൂടുപിടിക്കുന്ന കാഴ്ചയായിരുന്നു. മൂന്നുവർഷത്തോളമായി ഡി.സി.സി പ്രസിഡൻറ് എന്ന നിലയിൽ മണ്ഡലത്തിൽ ആഴത്തിലിറങ്ങി പ്രവർത്തിച്ച ബിന്ദു കൃഷ്ണ തെൻറ സ്വാധീനം വോട്ടാക്കി മാറ്റാനുള്ള കഠിന പ്രയത്നത്തിലായിരുന്നു. മത്സ്യബന്ധന മേഖല വരുന്ന മൂന്ന് കോർപറേഷൻ ഡിവിഷനുകളിൽ നിരന്തരം ഇടപെട്ട് പ്രവർത്തിച്ചതും ആ തന്ത്രത്തിെൻറ ഭാഗമായിരുന്നു. എന്നാൽ, അപകടം നേരത്തേ മണത്ത എൽ.ഡി.എഫ് ക്യാമ്പ് മത്സ്യത്തൊഴിലാളികളുടെ വീടുകളിലേക്ക് ദിവസങ്ങളോളം മുകേഷിനെ പ്രചാരണത്തിനെത്തിച്ചാണ് പിടിവിടാതെ കാത്തത്. താഴേത്തട്ടിലേക്ക് പ്രവർത്തനം വ്യാപിപ്പിച്ച ഇൗ പ്രചാരണരീതിയിലൂടെയാണ് വോട്ടു ചോർച്ചക്കിടയിലും എൽ.ഡി.എഫ് ജയം ഉറപ്പാക്കിയത്.