കൊണ്ടോട്ടിയിൽ ടി.വിയുടെ തട്ടകം പിളർത്തുമോ?
text_fieldsടി.വി. ഇബ്രാഹീം, കാട്ടുപ്പരുത്തി സുലൈമാന്‍ ഹാജി
കൊണ്ടോട്ടി: ഓരോ തെരഞ്ഞെടുപ്പ് വരുമ്പോഴും വിജയത്തെപ്പറ്റിയല്ല, ഭൂരിപക്ഷത്തെക്കുറിച്ചാണ് കൊണ്ടോട്ടിയിൽ മുസ്ലിം ലീഗിെൻറ ചർച്ച. എന്നാല്‍, പോരിന് മൂര്ച്ചകൂട്ടിത്തന്നെയാണ് ഇത്തവണ എല്‍.ഡി.എഫ് രംഗത്തുള്ളത്.
യു.ഡി.എഫിന് വേണ്ടി ടി.വി. ഇബ്രാഹീം വീണ്ടും ജനവിധി തേടുമ്പോള്‍ ജീവകാരുണ്യ പ്രവര്‍ത്തകനെന്ന നിലയില്‍ പേരെടുത്ത പ്രവാസി വ്യവസായി കാട്ടുപ്പരുത്തി സുലൈമാന്‍ ഹാജിയെയാണ് എല്‍.ഡി.എഫ് കളത്തിലിറക്കിയത്.
മണ്ഡലത്തിലെ വികസനപ്രവര്‍ത്തനങ്ങള്‍ എണ്ണിപ്പറഞ്ഞാണ് ടി.വി. ഇബ്രാഹീം വോട്ട് ചോദിക്കുന്നത്. 600 കോടിയുടെ വികസനപ്രവര്‍ത്തനങ്ങൾ അദ്ദേഹം നിരത്തുന്നു. എന്നാല്‍, എൽ.ഡി.എഫ് സര്‍ക്കാര്‍ മണ്ഡലത്തിലേക്ക് നല്കിയ വികസന പ്രവര്‍ത്തനങ്ങളും മണ്ഡലത്തില്‍ എം.എല്‍.എ കാണിച്ച അവഗണനയും എണ്ണിപ്പറഞ്ഞ് എല്‍.ഡി.എഫ് വോട്ടര്‍മാരെ സമീപിക്കുന്നു.
മതരാഷ്ട്രീയ വേർതിരിവുകള്‍ക്കപ്പുറത്ത് സുലൈമാന്‍ ഹാജി ചെയ്ത ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും ഇടതു സര്‍ക്കാറിെൻറ ജനകീയ ഇടപെടലും വോട്ടാകുമെന്നും പരമ്പരാഗത യു.ഡി.എഫ് വോട്ടില്‍ വിള്ളലുണ്ടാകുമെന്നുമാണ് എല്‍.ഡി.എഫ് പറയുന്നത്. പ്രമുഖ നേതാക്കള്‍ വിജയക്കൊടി പാറിച്ച മണ്ഡലത്തില്‍ ലീഗ് സ്ഥാനാർഥികളല്ലാതെ വിജയം കണ്ടിട്ടില്ല.
1957ല്‍ എം.പി.എം അഹമ്മദ് കുരിക്കളാണ് മണ്ഡലത്തിെൻറ ആദ്യ ജനപ്രതിനിധി. നാലുതവണയാണ് പി. സീതി ഹാജി ഇവിടെനിന്ന് നിയമസഭയിലെത്തിയത്. 1977, 1980, 1982, 1987 വർഷങ്ങളിലാണിത്. 1991ല്‍ കെ.കെ. അബുവും 1996ല്‍ പി.കെ.കെ ബാവയും 2001ല്‍ അഡ്വ. കെ.എന്‍.എ ഖാദറും മണ്ഡലത്തെ പ്രതിനിധാനം ചെയ്തു.
2006ലും 2011ലും കെ. മുഹമ്മദുണ്ണി ഹാജിയായിരുന്നു. ചെറുകാവ്, ചീക്കോട്, മുതുവല്ലൂര്‍, പുളിക്കല്‍, വാഴയൂര്‍, വാഴക്കാട് പഞ്ചായത്തുകളും കൊണ്ടോട്ടി നഗരസഭയും ചേര്‍ന്നതാണ് കൊണ്ടോട്ടി മണ്ഡലം. ഇതില്‍ പുളിക്കല്‍ മാത്രമാണ് ഇപ്പോള്‍ ഇടത് ഭരിക്കുന്നത്.
ടി.വി. ഇബ്രാഹീമിന് കഴിഞ്ഞ തവണ 10,654 വോട്ടിെൻറ ഭൂരിപക്ഷമാണ് മണ്ഡലം നല്‍കിയത്. അത് ഇരട്ടിക്കുകയല്ലാതെ മറിച്ചൊന്നും സംഭവിക്കില്ലെന്ന് യു.ഡി.എഫ് ആണയിടുന്നു. 2019ലെ ലോക്സഭ തെരഞ്ഞെടുപ്പ് കൊണ്ടോട്ടി ലീഗിെൻറ കോട്ട തന്നെയെന്ന് തെളിയിച്ചു. 39,313 വോട്ടിെൻറ ചരിത്ര ലീഡാണ് പി.കെ. കുഞ്ഞാലിക്കുട്ടിക്ക് കിട്ടിയത്.
കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിലും മണ്ഡലത്തിൽ യു.ഡി.എഫിന് 21,235 ലീഡാണ് ലഭിച്ചത്. കഴിഞ്ഞ തവണ മണ്ഡലത്തില്‍ ജനവിധി തേടിയിരുന്ന എസ്.ഡി.പി.ഐക്ക് ഇപ്രാവശ്യം സ്ഥാനാര്‍ഥിയില്ല. ഇവരുടെ വോട്ടില്‍ രണ്ട് മുന്നണികളും കണ്ണുെവച്ചിരിക്കുകയാണ്.
എന്‍.ഡി.എ സ്ഥാനാര്‍ഥിയായി ഷീബ ഉണ്ണികൃഷ്ണനും ബി.എസ്.പി സ്ഥാനാര്‍ഥിയായി ടി. ശിവദാസനും മത്സരിക്കുന്നു. വെൽഫെയര്‍ പാര്‍ട്ടി സ്ഥാനാര്‍ഥിയായി റസാഖ് പാലേരിയാണ് ജനവിധി തേടുന്നത്.
ടി.വി. ഇബ്രാഹീം
മണ്ഡലത്തിലുടനീളം ജനങ്ങള്‍ നല്കുന്ന ആവേശകരമായ സ്വീകരണങ്ങള്‍ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നു. എം.എല്‍.എ ഫണ്ട് നിർവഹണത്തിലെ ഒന്നാം സ്ഥാനം ഉള്‍പ്പെടെ കഴിഞ്ഞ അഞ്ചു വര്‍ഷത്തെ വികസന മുന്നേറ്റം ജനങ്ങള്‍ അംഗീകരിച്ചുകഴിഞ്ഞു. തീര്‍ച്ചയായും മികച്ച വിജയം പ്രതീക്ഷിക്കുന്നു.
കാട്ടുപ്പരുത്തി സുലൈമാന്‍ ഹാജി
കൊണ്ടോട്ടി മാറിയിരിക്കുന്നു. പ്രചാരണത്തിെൻറ ഓരോ ദിനങ്ങള്‍ പിന്നിടുമ്പോഴും അതാണ് കാണിക്കുന്നത്. പ്രചാരണത്തിെൻറ വഴികളിലെല്ലാംതന്നെ ഈ മാറ്റത്തില്‍ അധിഷ്ഠിതമായ ആത്മവിശ്വാസം വര്‍ധിക്കുന്നു. വലിയ മുന്നേറ്റംതന്നെയാണ് മണ്ഡലത്തില്‍ എല്‍.ഡി.എഫ് നടത്തുന്നത്.