ഇടതുപക്ഷത്തുറച്ച് കോന്നി; സുരേന്ദ്രൻ മൂന്നാമത്
text_fieldsപത്തനംതിട്ട: 25 വർഷങ്ങൾക്ക് ശേഷം ഇടത്തോട്ട് ചുവട് മാറ്റിയ കോന്നിക്കാർ ആ ചുവട് പിന്നോട്ട് വക്കാൻ തയാറെല്ലന്ന് തെളിയിച്ചിരിക്കുകയാണ് സി.പി.എമ്മിലെ കെ.യു. ജനീഷ് കുമാറിനെ വീണ്ടും വിജയിപ്പിച്ചതിലൂടെ. 2019ൽ നടന്ന ഉപതെരെഞ്ഞടുപ്പിൽ കോന്നിയിൽ കന്നിയങ്കത്തിനിറങ്ങിയ ജനീഷ് കുമാർ കോന്നിക്കാരുടെ മാനസ പുത്രനായി മാറുകയായിരുന്നു. മണ്ഡലത്തിന് എന്നും പുറത്തു നിന്നെത്തുന്നവരെ വിജയിപ്പിക്കുന്ന ചരിത്രമാണുണ്ടായിരുന്നത്. ജനീഷ്കുമാറിലൂടെ കോന്നിക്കാർ ആ ശീലവും മാറ്റുകയായിരുന്നു.
ഇത്തവണ മത്സരിച്ചവരിൽ കോൺഗ്രസിലെ റോബിൻ പീറ്ററും കോന്നി മണ്ഡലത്തിലെ തെന്ന വോട്ടറായിരുന്നു. ചരിത്രത്തിൽ തെന്ന ആദ്യമായാണ് കോന്നിക്ക് കോന്നിക്കാരനായ എം.എൽ.എയെ അന്ന് ലഭിച്ചത്. 25 വർഷമായി കോൺഗ്രസിലെ അടൂർ പ്രകാശ് കൈയടക്കിവച്ചിരുന്ന മണ്ഡലം അടൂർ പ്രകാശ് എം.പിയായതോടെയാണ് കോന്നിയിൽ 2019ൽ ഉപതെരെഞ്ഞടുപ്പ് നടന്നത്. അന്ന് ഇടതുവശം ചേർന്ന കോന്നിക്കാർ ഒന്നര വർഷത്തിനു ശേഷവും അവിടെ തന്നെ നിൽക്കുന്നുവെന്നാണ് ഫലം തെളിയിക്കുന്നത്.
ഉപതെരെഞ്ഞടുപ്പിൽ കോൺഗ്രസിലെ സ്ഥാനാർഥി നിർണയെത്ത ചൊല്ലി നടന്ന കലാപമാണ് കോന്നിക്കാരെ ഇടതു പാളയത്തിലെത്തിച്ചത്. എം.എൽ.എ സ്ഥാനം രാജിവച്ച അടൂർ പ്രകാശ് സ്ഥാനാർഥിയായി നിർദേശിച്ചത് റോബിൻ പീറ്ററെയായിരുന്നു. കോൺഗ്രസ് സ്ഥാനാർഥിയാക്കിയത് മുതിർന്ന നേതാവായ പി. മോഹൻ രാജിനെയും. ഇതേചൊല്ലി യു.ഡി.എഫിലുണ്ടായ പടലപിണക്കം പിടിവള്ളിയാക്കി ജനീഷ്കുമാർ വിജയം കൈപ്പിടിയിലാക്കുകയായിരുന്നു.
ഉപതെരെഞ്ഞടുപ്പിൽ കോന്നിയിൽ മത്സരിച്ച കെ. സുരേന്ദ്രൻ പാർലമെൻറ് തെരെഞ്ഞടുപ്പിൽ നേടിയ വോട്ടിൽ നിന്നും പിന്നാക്കം പോയിരുന്നു. ഇത്തവണ മഞ്ചേശ്വരത്തും മത്സരിച്ചു. കോന്നിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി വന്നതോടെ കോന്നിയിൽ ബി.ജെ.പി പ്രവർത്തകർക്ക് വലിയ ആവേശമായിരുന്നു. എന്നിട്ടും സുരേന്ദ്രൻ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.