കോന്നിയിൽ പന്നിപ്പനി സ്ഥിരീകരിച്ചു; ജനം ഭീതിയിൽ
text_fieldsകോന്നി: കോന്നി വനം ഡിവിഷനിൽ പന്നിപ്പനി (എച്ച്1 എൻ1) സ്ഥിരീകരിച്ചു. വൈറസ് മനുഷ്യരിലേക്കും പടരുന്നതാണെന്നത് മലയോര മേഖലയെ ഭീതിയിലാക്കി. കുറെ ദിവസങ്ങളായി കല്ലേലി ഭാഗത്ത് ഉൾപ്പെടെ കാട്ടുപന്നികൾ കൂട്ടത്തോടെ ചത്തുവീഴുന്നുണ്ടായിരുന്നു.
പന്നികളുടെ ജഡങ്ങൾ പോസ്റ്റ്മോർട്ടം ചെയ്തപ്പോൾ വൈറസ് ബാധയാണ് മരണകാരണമെന്ന് കണ്ടെത്തിയിരുന്നു. എന്തുതരം വൈറസാെണന്ന് കണ്ടെത്തുന്നതിന് ആന്തരിക അവയവങ്ങളുടെ സാമ്പിളുകൾ പാലോട്, വയനാട് വെറ്ററിനറി ലാബുകളിലേക്ക് പരിശോധനക്ക് അയച്ചിരുന്നു. ഇവിടെനിന്ന് കിട്ടിയ റിപ്പോർട്ടുകളിലാണ് പന്നിപ്പനിയാണെന്ന് സ്ഥിരീകരിച്ചത്. പത്തിലധികം കാട്ടുപന്നികളാണ് കോന്നിയിൽ ചത്തത്. ചിലയിടങ്ങളിൽ നായ്ക്കളും ചത്തുവീഴുന്നുണ്ട്. അതിെൻറ കാരണം വ്യക്തമായിട്ടില്ല.
ഓർത്തോമിക്സോ വൈറസ് ശ്രേണിയിൽപെട്ടവയാണ് രോഗബാധയുണ്ടാക്കുന്നത്. പന്നികളിലും മനുഷ്യരിലുമാണ് സാധാരണ കണ്ടെത്തിയിട്ടുള്ളത്. 1918ലാണ് ആദ്യമായി പന്നിപ്പനി വൈറസ് കണ്ടെത്തിയതെന്ന് വനം അധികൃതർ പറയുന്നു. ഇത്തരം വൈറസുകൾക്ക് 2009 ൽ നിരവധി ഉപവിഭാഗങ്ങളും ഉണ്ടായി. ഇൻഫ്ലൂവൻസ സി വൈറസ് എന്ന വ്യത്യസ്ത തരവും എച്ച്1 എൻ1, എച്ച്1 എൻ2, എച്ച്3 എൻ1, എച്ച്3 എൻ2, എച്ച്2 എൻ3 ഉപവിഭാഗങ്ങളും കണ്ടുപിടിക്കപ്പെട്ടിട്ടുണ്ട്. മനുഷ്യരിൽ രോഗബാധയുണ്ടായാൽ പനി, ചുമ, തൊണ്ടവേദന, ശരീരവേദന, വിറയൽ, ക്ഷീണം എന്നിവയൊക്കെയാണ് ലക്ഷണങ്ങൾ.
കാട്ടുപന്നികൾ ചത്തവിവരം മൂടിവെച്ചിട്ടില്ല –ഡി.എഫ്.ഒ
കോന്നി: കോന്നി വനംഡിവിഷെൻറ അധികാര പരിധിയിലെ ചില പഞ്ചായത്തുകളിൽ കാട്ടുപന്നികൾ കൂട്ടത്തോടെ ചത്തൊടുങ്ങുന്ന വിവരം വനംവകുപ്പ് മൂടിവെച്ചിട്ടില്ലെന്ന് ഡി.എഫ്.ഒ കെ.എൻ. ശ്യാം മോഹൻലാൽ അറിയിച്ചു. കഴിഞ്ഞമാസം മലയാലപ്പുഴ പഞ്ചായത്തിൽ ചത്ത കാട്ടുപന്നിയുടെ മൃതശരീര പരിശോധനയിലാണ് പന്നിപ്പനി വൈറസ് സ്ഥിരീകരിച്ചത്. ഇത് വളർത്തുപന്നികളിൽനിന്ന് കാട്ടുപന്നികളിലേക്ക് പകരുന്ന രോഗമാണ്.
രോഗം ബാധിച്ച പന്നികളുടെ മാംസ അവശിഷ്ടങ്ങൾ യഥാവിധി സംസ്കരിക്കാതെ വലിച്ചെറിയുമ്പോൾ കാട്ടുപന്നിക്കൂട്ടങ്ങളിലേക്കും ഇത് പകരുന്നു. പന്നികളിലെ ഈ പകർച്ചവ്യാധി മനുഷ്യനിലേക്ക് പകരുന്നതായോ മനുഷ്യർക്ക് ദോഷമുണ്ടാക്കുന്നതായോ കണ്ടെത്തിയിട്ടില്ലാത്തതിനാൽ ഇത്തരം ആശങ്കകൾക്ക് അടിസ്ഥാനമില്ല.
കാട്ടിലും നാട്ടിലും മരണപ്പെടുന്ന വന്യമൃഗങ്ങളുടെ വിശദാംശങ്ങൾ അതത് ദിവസങ്ങളിൽ തന്നെ വനംവകുപ്പ് ഓൺലൈനായി ചേർക്കുന്നുെണ്ടന്നും ഡി.എഫ്.ഒ പറഞ്ഞു.