കേരളം നിറഞ്ഞ് ചാണ്ടി ഉമ്മൻ
text_fieldsകോട്ടയം: ഉമ്മൻ ചാണ്ടി പുതുപ്പള്ളിയിലെ സ്ഥാനാർഥിയാണെങ്കിലും തെരഞ്ഞെടുപ്പിൽ അദ്ദേഹം എല്ലാ സ്ഥാനാർഥികൾക്കും വേണ്ടി കേരളം മുഴുവൻ ഓടിയെത്തണം. അതുപോലെയാണ് മകൻ ചാണ്ടി ഉമ്മെൻറയും അവസ്ഥ. അപ്പക്കുവേണ്ടി പുതുപ്പള്ളിയിൽ മാത്രമല്ല പ്രചാരണം. യൂത്ത് കോൺഗ്രസ് നേതാവ് എന്ന നിലയിൽ കേരളം മുഴുവൻ സഞ്ചരിക്കണം. എല്ലാ തെരഞ്ഞെടുപ്പിലും അതാണ് പതിവ്. ദുഃഖവെള്ളിയാഴ്ച പുതുപ്പള്ളിയിലുണ്ടെങ്കിലും ശനിയാഴ്ച െചങ്ങന്നൂരും നെടുമങ്ങാട്ടും റോഡ് ഷോയിൽ പങ്കെടുക്കണം. 2011ൽ തെരുവുനാടകവുമായി സംസ്ഥാനം മുഴുവൻ യാത്ര ചെയ്തതിെൻറ ഓർമ ചാണ്ടി ഉമ്മന് ഇപ്പോഴും ആവേശം നൽകുന്നു.
ഇത്തവണ നിയമസഭ തെരഞ്ഞെടുപ്പിൽ പുതുപ്പള്ളിയിൽ ഉയർന്നുകേട്ട പേരായിരുന്നു ചാണ്ടി ഉമ്മേൻറത്. ഉമ്മൻ ചാണ്ടി നേമത്തേക്ക് പോകുമെന്നും പകരം പുതുപ്പള്ളിയിൽ ചാണ്ടി ഉമ്മൻ വരുമെന്നുമായിരുന്നു വാർത്തകൾ. എന്നാൽ, ഉമ്മൻ ചാണ്ടി പുതുപ്പള്ളിയിൽതന്നെ നിൽപുറപ്പിച്ചപ്പോൾ പതിവുപോലെ അണിയറയിൽ ചാണ്ടി ഉമ്മനുണ്ട്. പുതുപ്പള്ളിയെ പ്രവർത്തകരെ വിശ്വസിച്ചേൽപിച്ചാണ് ഉമ്മൻ ചാണ്ടി മണ്ഡലത്തിന് പുറത്തുപോകാറുള്ളത്. പ്രാദേശിക പാർട്ടി പ്രവർത്തകർ അത് കൃത്യമായി ചെയ്യുന്നുമുണ്ട്. വനിതകളും യുവാക്കളും പാർട്ടി പ്രവർത്തകരും വെവ്വേറെതന്നെ വോട്ടുതേടിയിറങ്ങുന്നു. ചാണ്ടി ഉമ്മൻ ഇത്തവണയും പുതുപ്പള്ളിയിൽ പ്രവർത്തകർക്കൊപ്പം വീടുകളിലും സ്ഥാപനങ്ങളിലും കയറി വോട്ടുതേടി. എന്നാൽ, അപ്പക്കൊപ്പം ഇതുവരെ ഒരുമിച്ച് പ്രചാരണത്തിനിറങ്ങാൻ കഴിഞ്ഞിട്ടില്ല. അപ്പ വേറെ വഴി, ചാണ്ടി ഉമ്മൻ വേറെ വഴി. ''ഏതുവഴിപോയാലും വോട്ടും വിജയവും അപ്പക്കുതന്നെയാണ്''- ചാണ്ടി ഉമ്മൻ പറയുന്നു.