
അക്രമങ്ങൾക്ക് കേന്ദ്രം കൂട്ട്, അമിത് ഷായെ കേരളം വിശ്വസിക്കില്ല -യെച്ചൂരി
text_fieldsേകാട്ടയം: കന്യാസ്ത്രീകൾക്കുനേരെ ഉത്തർപ്രദേശിലെ ഝാൻസിയിലുണ്ടായ ആക്രമണത്തിന് നേതൃത്വം നൽകിയവർക്കെതിരെ നടപടിയെടുക്കുമെന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ വാക്കുകൾ ജനം വിശ്വസിക്കില്ലെന്ന് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. കോട്ടയത്തെ എൽ.ഡി.എഫ് സ്ഥാനാർഥി അഡ്വ. കെ. അനിൽകുമാറിെൻറ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ന്യൂനപക്ഷങ്ങൾക്കെതിരെയുള്ള അതിക്രമങ്ങൾക്ക് കേന്ദ്രം കൂട്ടുനിൽക്കുന്ന കാഴ്ചയാണ് രാജ്യത്തെങ്ങും. ഉത്തർപ്രദേശിലെ ദലിത് പീഡനങ്ങളിലെയും കൂട്ടക്കൊലകളിലെയും പ്രതികൾക്ക് പൂമാല ചാർത്തുകയായിരുന്നു സംഘ്പരിവാർ. കേന്ദ്രസർക്കാറും കുറ്റക്കാർക്കൊപ്പം നിൽക്കുന്ന സമീപനമാണ് സ്വീകരിച്ചത്. ഝാൻസിയിലെ ആക്രമണത്തിൽ സമാനസാഹചര്യങ്ങൾ ആവർത്തിക്കും.
ഉത്തരേന്ത്യയിൽ പലയിടങ്ങളിലും ക്രൈസ്തവർക്കെതിരെ നടന്ന അതിക്രമങ്ങൾക്ക് ബി.ജെ.പി പിന്തുണയുണ്ടായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. മതനിരപേക്ഷത സംരക്ഷിക്കുന്നതിെനാപ്പം ദുരിതഘട്ടങ്ങളിൽ ജനങ്ങളെ ചേർത്തുനിർത്താൻ പിണറായി സർക്കാറിനു കഴിഞ്ഞു. തുടർഭരണത്തിലൂടെ കേരളം പുതുചരിത്രം രചിക്കുമെന്നും അദ്ദേഹം പറഞ്ഞു.