വിജയപ്രതീക്ഷയിൽ സ്ഥാനാർഥികൾ
text_fieldsയു.ഡി.എഫ് സ്ഥാനാർഥി എൻ. സുബ്രഹ്മണ്യൻ വോട്ടുതേടുന്നു
കൊയിലാണ്ടി: പരസ്യപ്രചാരണം കഴിഞ്ഞെങ്കിലും സ്ഥാനാർഥികളും പ്രവർത്തകരും തിങ്കളാഴ്ചയും സജീവമായി രംഗത്തുണ്ടായിരുന്നു. പതിവുപോലെ രാവിലെ തന്നെ വോട്ടുതേടി യാത്ര തുടങ്ങി. സ്ഥാനാർഥികൾക്ക് ഏറെ പ്രധാനപ്പെട്ട ദിനം കൂടിയായിരുന്നു ഇത്. വോട്ടുകൾ ഒന്നുപോലും വിട്ടു പോകാതിരിക്കാനുള്ള അവസാനവട്ട ശ്രമം. കനത്ത മത്സരമായതിനാൽ ഓരോ വോട്ടും പ്രധാനമാണ്. വിജയപ്രതീക്ഷയിലാണ് എല്ലാവരും.
യു.ഡി.എഫ് സ്ഥാനാർഥി എൻ. സുബ്രഹ്മണ്യൻ തിങ്കളാഴ്ച രാവിലെ കൊല്ലത്ത് വോട്ടർമാരെ സന്ദർശിച്ചു. ചേമഞ്ചേരി പഞ്ചായത്തിലെ തിരുവങ്ങൂർ കാലിത്തീറ്റ ഫാക്ടറി, പൊയിൽക്കാവിലെ ഖാദിനെയ്ത്ത് കേന്ദ്രം, ചെങ്ങോട്ടുകാവ് ടൗൺ, നാലു സെൻറ് കോളനി, കൊയിലാണ്ടി ഫിഷർമെൻ കോളനി, കാളിയാട്ട മഹോത്സവം നടക്കുന്ന പിഷാരികാവ് പരിസരം തുടങ്ങിയ സ്ഥലങ്ങൾ സന്ദർശിച്ചു.
ഇടതുമുന്നണി സ്ഥാനാർഥി കാനത്തിൽ ജമീല വിവിധ കോളനികൾ, വ്യക്തികൾ, സ്ഥാപനങ്ങൾ തുടങ്ങിയവ സന്ദർശിച്ചു. വൈകീട്ട് കാളിയാട്ട മഹോത്സവം നടക്കുന്ന കൊല്ലം പിഷാരികാവ് ക്ഷേത്രത്തിലുമെത്തി. എൻ.ഡി.എ സ്ഥാനാർഥി എൻ.പി. രാധാകൃഷ്ണൻ പന്തലായനി, ചെറിയമങ്ങാട്, കാട്ടിൽപീടിക, പയ്യോളി തുടങ്ങിയ ഭാഗങ്ങളിൽ പര്യടനം നടത്തി.