കോഴിക്കോട് തുടക്കം മുതൽ കനത്ത പോളിങ്
text_fieldsകോഴിക്കോട്: നിയമസഭാ െതരഞ്ഞെടുപ്പിൽ ശക്തമായ മത്സരം നടക്കുന്ന കോഴിക്കോട് ജില്ലയിൽ കനത്ത പോളിങ്ങോടുകൂടിയാണ് വോട്ടെടുപ്പ് തുടങ്ങിയത്. എല്ലാ മണിക്കൂറിലും സംസ്ഥാന ശരാശരിയേക്കാൾ ഉയർന്ന പോളിങ് ജില്ലയിൽ എല്ലായിടത്തും രേഖപ്പെടുത്തുകയും ചെയ്തു.
രാവിലെ ബൂത്തുകളിലെല്ലാം തിരക്ക് താരതമ്യേന കുറവായിരുന്നു. പതിഞ്ഞ താളത്തിൽ തുടങ്ങിയ പോളിങ് ആദ്യ രണ്ട് മണിക്കൂർ പിന്നിട്ടപ്പോഴേക്കും 15 ശതമാനം കടന്നു. അടുത്ത ഒന്നര മണിക്കൂറിനുള്ളിൽ 25.20 ശതമാനം പോളിങ് രേഖപ്പെടുത്തിക്കൊണ്ട് ജില്ല മുന്നേറി.
12.30 ആയപ്പോൾ 43. 40 ശതമാനമായിരുന്നു വോട്ടിങ് നില. ഒന്നേകാലായപ്പോഴേക്കും ജില്ലയിലെ വോട്ടർമാരിൽ പകുതിയിലേറെപ്പേർ വോട്ട് രേഖപ്പെടുത്തി. 3.10 ഓടെ 61.06 ശതമാനം പേർവോട്ട് രേഖപ്പെടുത്തി. 60.69 ശതമാനം പുരുഷൻമാരും 61.41 ശതമാനം സ്ത്രീകളുമാണ് വോട്ട് ചെയ്തത്. ട്രാൻസ്ജെൻഡർമാരിൽ 12 പേരും വോട്ട് ചെയ്തു.
സ്ത്രീ വോട്ടർമാർ കൂടുതലുള്ള ജില്ലയിൽ ഒന്നരക്ക് ശേഷമാണ് സ്ത്രീകളുടെ വോട്ടിങ് ശതമാനം പുരുഷൻമാരേക്കാൾ ഉയർന്നത്. ഒന്നരക്ക് 51.25 ശതമാനം പുരുഷൻമാർ വോട്ടുചെയ്തു കഴിഞ്ഞപ്പോൾ 50.97 ശതമാനം സ്ത്രീകൾ മാത്രമായിരുന്നു വോട്ട് രേഖപ്പെടുത്തിയത്.
അതിനു ശേഷം സ്ത്രീകളുടെ വോട്ടിങ് ശതമാനം വർധിക്കുകയും 2.00 മണിയായപ്പോഴേക്കും പുരുഷൻമാരേക്കാൾ കൂടുതൽ സ്ത്രീകൾ വോട്ടു ചെയ്യുകയും ചെയ്തു. 3.15 ലെ കണക്കു പ്രകാരം 62.35 ശതമാനം പേരാണ് വോട്ട് രേഖപ്പെടുത്തിയത്.