ആദ്യ വോട്ട് മാസ്റ്ററോടൊപ്പം; മാസ്റ്ററില്ലാതെ ആദ്യത്തേതും
text_fieldsകോഴിക്കോട്: 'വോട്ട് പ്രായമാകുന്നതിന് മുമ്പ് പതിനഞ്ചാം വയസ്സിലാണ് മാസ്റ്റർ എന്നെ വിവാഹം കഴിച്ചത്. ആദ്യ വോട്ട് മുതൽ അവസാനം കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിലെ വോട്ടുവരെ മാസ്റ്റർക്കൊപ്പം ഒരുമിച്ചാണ് ചെയ്തത്. രണ്ടര മാസമായി മാസ്റ്റർ വിട്ടുപോയിട്ട്. ഇപ്പഴും കൂടെത്തന്നെയുള്ളതുപോലെയുണ്ട്. തെരെഞ്ഞടുപ്പ് കാലം മാസ്റ്റർക്ക് ഊണും ഉറക്കവുമുണ്ടാകുമായിരുന്നില്ല. വല്ലാതെ പ്രയാസപ്പെടുന്ന കാലമാണത്. ആ കാലത്തെക്കുറിച്ച് ഓർക്കുേമ്പാൾ സങ്കടം തോന്നാ...' കോൺഗ്രസിെൻറ മുതിർന്ന നേതാവും രണ്ടു തവണ മന്ത്രിയുമായിരുന്ന കെ.കെ. രാമചന്ദ്രൻ മാസ്റ്ററുടെ പത്നി പത്മിനിക്ക് തെരഞ്ഞെടുപ്പ് ഓർമകൾ ഏറെയാണ്.
മാസ്റ്ററുടെ കൂടെ മാത്രമാണ് എല്ലാ തവണയും വോട്ടുചെയ്യാൻ പോയത്. മാസ്റ്ററില്ലാതെയുള്ള ഇത്തവണത്തെ വോട്ടുരേഖപ്പെടുത്തൽ ഏറെ വേദന തന്നെയാണ് പത്മിനിക്ക്. മക്കളോടൊപ്പം കക്കോടിയിൽ താമസിക്കുന്ന അവർക്ക് കക്കോടിയിലാണ് വോട്ട്. ഈവർഷം ജനുവരി ഏഴിനാണ് മാസ്റ്റർ മരിച്ചത്. ജീവനെക്കാൾ രാഷ്ട്രീയത്തെ സ്നേഹിച്ച ഭർത്താവിന് ചില സഹപ്രവർത്തകരിൽനിന്ന് തിരിച്ചുകിട്ടിയത് ചതിയാണെന്ന കാര്യം ഓർക്കുേമ്പാൾ 78കാരിയായ പത്മിനിയുടെ കണ്ണുകൾ നിറയും. രാഷ്ട്രീയം കൊണ്ടുനടന്നതോടെ സ്വന്തം സ്വത്തുമാത്രമല്ല, തനിക്കവകാശപ്പെട്ട സ്വത്തുക്കൾ കൂടി മാസ്റ്റർ വിറ്റപ്പോഴും താൻ ഒരു പരാതിയും പറഞ്ഞില്ലെന്നു പത്മിനി പറയുന്നു. രാഷ്ട്രീയത്തിൽ സജീവമായിരുന്ന കാലത്ത് മാസ്റ്റർ രാഷ്ട്രീയ കാര്യങ്ങൾ ഒരിക്കൽപോലും ഭാര്യയുമായി പങ്കുവെച്ചിരുന്നില്ല. എല്ലാം പത്രങ്ങളിലൂടെയാണ് മനസ്സിലാക്കിയത്. മാസ്റ്റർക്ക് ഏറെ തിരക്കുള്ളതിനാൽ വീട്ടുകാര്യവും മക്കളുടെ കാര്യവുമായി കുടുംബിനിയുടെ റോളിൽ മാത്രമായിരുന്നു.
രാഷ്ട്രീയത്തിൽനിന്ന് മാസ്റ്ററെ അകറ്റിനിർത്താൻ ചിലരെല്ലാം ശ്രമിച്ചതിെൻറ കഥകൾ രോഗകാലത്ത് മാസ്റ്റർ പറഞ്ഞുകേട്ടതോടെ പല കോൺഗ്രസ് നേതാക്കളോടും വെറുപ്പാണിപ്പോൾ.
ചില കാര്യങ്ങൾക്ക് വഴങ്ങിക്കൊടുക്കാത്തതിനാലാണ് പാർട്ടിയിൽ തന്നെ ഒറ്റെപ്പടുത്താൻ ചിലർ ശ്രമിച്ചതെന്ന് രാമചന്ദ്രൻ മാസ്റ്റർ പറഞ്ഞതായി പത്മിനി ഓർക്കുന്നു. ചില കോൺഗ്രസ് നേതാക്കൾെക്കതിരെ ചില കേസിൽ തെളിവ് കൊടുത്തതിന് ഏറെ ദ്രോഹങ്ങൾ കുടുംബത്തിന് നേരിടേണ്ടി വന്നു.
1954ലാണ് അദ്ദേഹം രാഷ്ട്രീയ പ്രവർത്തനം തുടങ്ങിയത്. 1958 ലാണ് അധ്യാപക ജീവിതം ആരംഭിച്ചത്. ചൊക്ലിയിലെ വി.പി. ഓറിയൻറൽ ഹൈസ്കൂളിലാണ് ജോലിയിൽ പ്രവേശിച്ചത്. 1961ലായിരുന്നു വിവാഹം. 1962ൽ വയനാട്ടിലെ അരിമുള എ.യു.പി സ്കൂളിൽ അധ്യാപകനായി. തുടർന്ന് ജോലി രാജിവെച്ച് മുഴുസമയ രാഷ്ട്രീയ പ്രവർത്തകനായി.