
താൻ മാഫിയാ രാഷ്ട്രീയത്തിന്റെ ഇരയെന്ന് മേഴ്സിക്കുട്ടിയമ്മ; സ്വന്തം മുന്നണിയിൽനിന്നും വോട്ട് ചോർന്നു
text_fieldsകൊല്ലം: ബി.ജെ.പിയും കോൺഗ്രസും ചേർന്ന് നടത്തിയ മാഫിയാ രാഷ്ട്രീയത്തിന്റെ ഇരയാണ് തെനന്ന് കുണ്ടറ മണ്ഡലത്തിൽ പരാജയപ്പെട്ട മന്ത്രി മേഴ്സിക്കുട്ടിയമ്മ. ആഴക്കടൽ മത്സ്യബന്ധന വിവാദം കാരണം കുണ്ടറയിൽ താൻ തോൽക്കുമെന്ന് സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലും എതിരാളികൾ പ്രചാരണം നടത്തിയിരുന്നു.
തോൽവിയിൽ ദുഃഖമില്ല. മറിച്ച് ഇടത് മുന്നണിയുടെ വിജയത്തിൽ അതിയായ സന്തോഷമുണ്ട്. ഞങ്ങൾ എടുത്ത നിലപാട് ശരിയായിരുന്നുവെന്ന് ജനം അംഗീകരിച്ചു. കേരളത്തിലെ മുഴുവൻ തീരദേശ മണ്ഡലങ്ങളിലും ഇടതുമുന്നണി ജയിച്ചു.
എന്നെ ലക്ഷ്യമിട്ടാൽ തീരദേശമെല്ലാം കീഴടക്കാം എന്നായിരുന്നു അവരുടെ ലക്ഷ്യം. അതെല്ലാം പരാജയപ്പെട്ടു. താൻ മാത്രം ബലിയാടായി എന്നത് ഒരു പ്രശ്നമല്ല. അതൊരു പരാജയമായി കാണുന്നില്ല. അഭിമാനകരമായ നേട്ടമാണ് ഇടതുപക്ഷത്തിന് ലഭിച്ചത്. പ്രതിസന്ധി ഘട്ടത്തിലും തന്നോടപ്പം നിന്ന മണ്ഡലത്തിലെ വോട്ടർമാർക്ക് നന്ദി.
തെരഞ്ഞെടുപ്പ് ദിവസം വധശ്രമക്കേസിൽപോലും തന്നെ പ്രതിയാക്കാൻ ശ്രമിച്ചു. വളരെ മലീനസമായ പ്രവർത്തനങ്ങളാണ് എതിരാളികളിൽനിന്ന് ഉണ്ടായത്. ഗൂഢാലോചന നടത്തിയവരെ തുറന്നുകാട്ടാൻ സാധിച്ചിട്ടുണ്ട്. അവർക്കെതിരെ കേസുമായി മുന്നോട്ടുപോകും.
വടക്കേ ഇന്ത്യയിലെ മാഫിയാ രാഷ്ട്രീയം കോൺഗ്രസ് കേരളത്തിലും പ്രയോഗിക്കുന്നു എന്നതിന്‍റെ നല്ലൊരു ഉദാഹരണമാണ് ഇവിടെ നടന്നത്. മാഫിയാ രാഷ്ട്രീയവും ബി.ജെ.പി കൂട്ടുകെട്ടുമെല്ലാം ജനങ്ങൾക്ക് മനസ്സിലാക്കാനയി. കുണ്ടറ മണ്ഡലത്തിൽ ബി.ജെ.പിക്ക് ഏകദേശം 25,000 വോട്ടുണ്ട്. എന്നാൽ, ഇത്തവണ അവർക്ക് കിട്ടിയത് 5000ന് അടുത്താണ്.
രാഷ്ട്രീയം അവർ കച്ചവടമാക്കി മാറ്റി. വോട്ടുകൾ കോൺഗ്രസിന് മറിച്ചുവിറ്റു. അതിന്‍റെ ഇരയാണ് താനെന്നും മേഴ്സിക്കുട്ടിയമ്മ വ്യക്തമാക്കി.
കുണ്ടറയിൽ 4454 വോട്ടിനാണ് മേഴ്സിക്കുട്ടിയമ്മ പി.സി. വിഷ്ണുനാഥിനോട് പരാജയപ്പെട്ടത്. അതേസമയം, ഇവിടത്തെ വൻവീഴ്ച സി.പി.എമ്മിലും ഇടത് മുന്നണിയിലും പൊട്ടിത്തെറിക്ക് കാരണമാകും. 2016 ൽ 30,460 വോട്ടുകളുടെ ഭൂരിപക്ഷത്തോടെ വിജയിച്ച മേഴ്സിക്കുട്ടിയമ്മയുടെ പരാജയം സി.പി.എമ്മിന് സംസ്ഥാനത്ത് തന്നെ വലിയ ക്ഷീണമുണ്ടാക്കും.
മന്ത്രിയും പാർട്ടിയുടെ മുതിർന്ന നേതാവുമായ അവരുടെ പരാജയം സി.പി.എമ്മിന് വൻ തിരിച്ചടിയാണ്. എത്രയൊക്കെ അട്ടിമറി നടന്നാലും അയ്യായിരത്തിനും പതിനായിരത്തിനും മധ്യേ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്ന ആത്മവിശ്വാസത്തിലായിരുന്നു പാർട്ടി.
അപ്രതീക്ഷിതമായി ഉണ്ടായ തോൽവിയുടെ കാരണങ്ങൾ തേടുേമ്പാൾ, അതിന് ബി.ജെ.പി.യുടെ വോട്ടിനെ പരിചയാക്കി രക്ഷപ്പെടാൻ പാർട്ടിക്ക് കഴിയില്ല. പഞ്ചായത്തുകളിൽ രണ്ടെണ്ണം ഒഴികെ, മറ്റെല്ലായിടത്തും എൽ.ഡി.എഫ് ഭരണമാണ്. നേരത്തെ തന്നെ ഇടത് മുന്നണി തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളും സജീവമാക്കിയിരുന്നു.
എൻ.ഡി.എയുടെ സ്ഥാനാർഥി ബി.ഡി.ജെ.എസാണെന്നത് ആത്മവിശ്വാസം വർധിപ്പിക്കുകയും ചെയ്തിരുന്നു. ഏറെ അനിശ്ചിതത്വത്തിന് ഒടുവിലാണ് യു.ഡി.എഫ് സ്ഥാനാർഥിയായി പി.സി. വിഷ്ണുനാഥ് എത്തുന്നത്. വോട്ടെടുപ്പ് അടുക്കും തോറും പാർട്ടിക്കുള്ളിലെ അസ്വാരസ്യങ്ങളും മുന്നണിക്കുള്ളിലെ അന്തർധാരകളും പ്രവർത്തിച്ചിരുന്നെങ്കിലും അവ പരിഹരിക്കാൻ പാർട്ടിക്കായില്ല.
മണ്ഡലത്തിലെ ഒരു പഞ്ചായത്തിലും എണ്ണൽ തുടങ്ങിയിട്ട് ഒരിക്കൽ പോലും ലീഡിലെത്താൻ മേഴ്സിക്കുട്ടിയമ്മക്ക് കഴിഞ്ഞില്ല. ഇതിനെ സ്വാഭാവികതയായി വിലയിരുത്താൻ കഴിയില്ല. ബി.ജെ.പി.യുടെ വോട്ട് വിഹിതത്തിൽ വന്ന 15,000 വോട്ടിന്‍റെ മാറ്റം മാത്രമല്ല, അത്രത്തോളമോ അതിൽ അധികമോ വോട്ട് സ്വന്തം മുന്നണിയിൽ നിന്ന് ചോരാതെ ഇങ്ങനെ പരാജയപ്പെടാൻ കഴിയില്ലെന്ന വിലയിരുത്തലും ഉണ്ട്.