കുന്നത്തുനാട്ടിൽ വൻ പോളിങ്, ഇഞ്ചോടിഞ്ച് പോരാട്ടം
text_fieldsകൊച്ചി: കിഴക്കമ്പലം ട്വൻറി20യുടെ സ്ഥാനാർഥിത്വംകൊണ്ട് തെരഞ്ഞെടുപ്പുപോരാട്ടം മുറുകിയ കുന്നത്തുനാട് മണ്ഡലത്തിൽ 80 ശതമാനം കടന്ന് പോളിങ്. 80.79 ശതമാനമാണ് അവസാനം വ്യക്തമാകുന്ന പോളിങ്.
വൈകീട്ട് 6.20 വരെ മണ്ഡലത്തിലെ 79.82 ശതമാനം പേരും വോട്ടുചെയ്തിരുന്നു. 2016ലെ പോളിങ് ശതമാനം 85.63. യു.ഡി.എഫിെൻറ സിറ്റിങ് എം.എൽ.എ വി.പി. സജീന്ദ്രൻ, എൽ.ഡി.എഫ് സ്ഥാനാർഥി പി.വി. ശ്രീനിജിൻ, ട്വൻറി20യുടെ ഡോ. സുജിത്ത് പി. സുരേന്ദ്രൻ, എൻ.ഡി.എ സ്ഥാനാർഥി രേണു സുരേഷ്, എസ്.ഡി.പി.ഐയുടെ കൃഷ്ണൻ എരഞ്ഞിക്കൽ എന്നിവരാണ് മത്സര രംഗത്ത്. ട്വൻറി20 ഒന്നാമതോ രണ്ടാമതോ ആകുമെന്ന പ്രചാരണത്തെത്തുടർന്ന് മണ്ഡലം വിട്ടുകൊടുക്കില്ലെന്ന വാശിയിലാണ് യു.ഡി.എഫ്.
വീറുറ്റ പോരാട്ടമാണ് മണ്ഡലത്തിൽ നടക്കുന്നത്. എട്ട് പഞ്ചായത്ത് ചേർന്ന മണ്ഡലത്തിൽ ഐക്കരനാട്, കിഴക്കമ്പലം, കുന്നത്തുനാട്, മഴുവന്നൂർ പഞ്ചായത്തുകൾ ട്വൻറി20യുടെ ഭരണത്തിലാണ്.
പൂതൃക്കയും വാഴക്കുളവും യു.ഡി.എഫും തിരുവാണിയൂരും വടവുകോട് പുത്തൻകുരിശും എൽ.ഡി.എഫും ഭരിക്കുന്നു. 273 പോളിങ് ബൂത്തുള്ള മണ്ഡലത്തിൽ പരമാവധി വോട്ടർമാരെ എത്തിക്കാൻ ഇരുമുന്നണിയും ട്വൻറി20യും രാവിലെ മുതൽ എല്ലായിടത്തും ജാഗ്രത പുലർത്തി.
വോട്ടെടുപ്പ് തുടങ്ങി ആദ്യ ഒരുമണിക്കൂറിൽ 5.34 ശതമാനം പേർ വോട്ടുചെയ്തു. ഉച്ചക്ക് 12ന് 34.32 ശതമാനം പേരും വോട്ടുചെയ്തു. ഒരുമണിയോടെ മണ്ഡലത്തിലെ 85ാം നമ്പർ ബൂത്തായ പട്ടിമറ്റം ജമാഅത്ത് യു.പി സ്കൂളിൽ 91.33 ശതമാനം പുരുഷ വോട്ടർമാരും 70.60 ശതമാനം സ്ത്രീകളും വോട്ടുചെയ്തു.
പ്രശ്നബാധിതമായി പ്രഖ്യാപിച്ച കടയിരിപ്പ് ഗവ. ഹൈസ്കൂൾ, ഐരാപുരം സെൻറ് പോൾസ് എൽ.പി, കാവുങ്ങപറമ്പ് മുഹിയുദ്ദീൻ മസ്ജിദ് മദ്റസ, ചേലക്കുളം മദ്റസത്തുൽ ഉലൂമില്ല മദ്റസ, കുമ്മനോട് ഗവ. അപ്പർ പ്രൈമറി സ്കൂൾ എന്നിവിടങ്ങളിലെല്ലാം മികച്ച പോളിങ് നടന്നു. മണ്ഡലത്തിലെ 103ാം ബൂത്തായ പിണർമുണ്ട ഇർഷാദുൽ ഇബാദ് മദ്റസയിൽ 88.83 ശതമാനം പേരും വോട്ടുചെയ്തു.