അഞ്ചാമൂഴം ചോദിച്ച് കുഞ്ഞുമോൻ; ഒന്നാം വിജയം തേടി ഉല്ലാസ്
text_fieldsകുന്നത്തൂർ മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർഥി കോവൂർ കുഞ്ഞുമോൻ സ്വീകരണ യോഗത്തിൽ സംസാരിക്കുന്നു
മുഖത്ത് നിറചിരിയുമായി ചിരപരിചിതനായി എൽ.ഡി.എഫ് സ്ഥാനാർഥി കോവൂർ കുഞ്ഞുമോൻ എല്ലാവരോടും കൈകൂപ്പി വോട്ടു ചോദിച്ചു.
കിഴക്കേകല്ലട പഞ്ചായത്തിലെ കടപുഴ േട്രാൾമുക്കിൽനിന്ന് രാവിലെതന്നെ സ്വീകരണം ആരംഭിച്ചു. മണ്ഡലത്തിൽ നടത്തിയ വികസനങ്ങൾ പറഞ്ഞ്, അഞ്ചാമൂഴത്തിനായി വോട്ടുചോദിച്ച് സ്ഥാനാർഥി മുന്നോട്ടുനീങ്ങി.
മാർക്കറ്റ് ജങ്ഷനിൽ, കടക്കാരോട് 'അണ്ണാ... ചേട്ടാ... ചേച്ചീ...' വിളികളോടെ വോട്ടഭ്യർഥന. കോളനികളിലെത്തി വികസനത്തിനായി വീണ്ടും വിജയിപ്പിക്കണമെന്ന് അഭ്യർഥന. നിലമേൽ സെൻറ് ജോർജ് കാഷ്യൂ ഫാക്ടറിയിലെത്തിയപ്പോൾ ഞാനും ഒരു കശുവണ്ടി തൊഴിലാളിയുടെ മകനാണെന്ന് ഒാർമപ്പെടുത്തൽ.
ഫാക്ടറികളുടെ പശ്ചാത്തല സൗകര്യങ്ങളിലെ മാറ്റം എടുത്തുപറഞ്ഞു. ഫാക്ടറിയിൽനിന്ന് വൈകുന്നേരം പുറത്തിറങ്ങുമ്പോൾ കോളജ് കുമാരിമാരെപ്പോലെയാണ് നിങ്ങളുടെ വരവെന്ന കുഞ്ഞുമോെൻറ പുകഴ്ത്തലിൽ തൊളിലാളികൾ പൊട്ടിച്ചിരിച്ചു. ഫാക്ടറി തറ ഇപ്പോൾ ടൈൽസിട്ട് ഭംഗിയാക്കി, ഫാനും വസ്ത്രം മാറാനുള്ള സൗകര്യവും ഉൾപ്പെടെ എല്ലാമായി.
ഇതിെൻറ പിന്നിൽ ഇടതുസർക്കാറാണ്. ഈ നന്മ തുടരാൻ തുടർഭരണം ഉണ്ടാകണം. നിങ്ങൾക്ക് എന്നെക്കാണാൻ മറ്റാരുടെയും ശിപാർശ വേണ്ട. ഇതിന് എന്നെ കളിയാക്കുന്നവരുണ്ട്. ജനങ്ങൾ തന്നോടൊപ്പമാണെന്നും വിജയം ഉറപ്പാണെന്നും കുഞ്ഞുമോൻ പറഞ്ഞു. എ. സുനിൽകുമാർ, ജി. വേലായുധൻ, കല്ലട വി.വി.ജോസ്, എൻ.എസ്. ശാന്തകുമാർ, പി. റോബിൻസ്, കെ. ബാബു, ശശി മോഹൻ എന്നിവർ സ്ഥാനാർഥിക്കൊപ്പമുണ്ടായിരുന്നു.
കുന്നത്തൂർ മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി ഉല്ലാസ് േകാവൂർ കശുവണ്ടി ഫാക്ടറി തൊഴിലാളിയോട് വോട്ടഭ്യർഥിക്കുന്നു
മണ്ഡലത്തിൽ വികസന വെളിച്ചം എത്തിക്കാൻ വിജയിപ്പിക്കണമെന്ന അഭ്യർഥനയുമായാണ് യു.ഡി.എഫ് സ്ഥാനാർഥി ഉല്ലാസ് കോവൂർ വോട്ടർമാരെ കാണുന്നത്. മൺറോതുരുത്ത് പഞ്ചായത്ത് ഓഫിസിന് സമീപം സ്വീകരണ പരിപാടി ആരംഭിച്ചു.
തുടർച്ചയായി എം.എൽ.എ ആയിരുന്നിട്ടും മൺറോതുരുത്തിന് ഒരു റോഡ് പോലും നൽകാൻ കഴിഞ്ഞിട്ടില്ല. ഒരു പുതിയ പാലം പോലും വന്നില്ല. ജനപ്രതിനിധിയല്ലാതിരുന്നിട്ടും കഴിഞ്ഞ അഞ്ച് വർഷം താൻ നിങ്ങളോടൊപ്പം ഉണ്ടായിരുന്നു.
വെള്ളപ്പൊക്കത്തിലും കോവിഡ് ഭീഷണിക്കാലത്തും ഒപ്പമുണ്ടായിരുന്നു. തൊഴിലുറപ്പ് തൊഴിലാളിയുടെ മകനാണ് താൻ.
കശുവണ്ടി ഫാക്ടറികൾ അടഞ്ഞുകിടക്കുമ്പോൾ തൊഴിലാളികളുടെ വീടുകളിൽ അടുപ്പ് പുകഞ്ഞത് തൊഴിലുറപ്പ് പദ്ധതി മൂലമായിരുന്നു. ഇത് കൊണ്ടുവന്നത് യു.പി.എ ഗവൺമെൻറായിരുന്നെന്ന് ഒാർപ്പിപ്പിച്ചു. ഇത്തവണ ഇവിടെ യു.ഡി.എഫിെൻറ എം.എൽ.എ ഉണ്ടാകണം.
അതിന് സഹായിക്കണമെന്ന് അഭ്യർഥിച്ചാണ് ഒാരോ കേന്ദ്രവും പിന്നിട്ടത്. താൻ ഇക്കുറി വിജയപ്രതീക്ഷയിലാണ്. ജനം ഒരു മാറ്റം ആഗ്രഹിക്കുന്നതായും ഉല്ലാസ് പറഞ്ഞു. ജയകുമാർ, സുരേഷ് ബാബു, സേതുനാഥ്, സന്തോഷ്, സുദർശനൻ, പഞ്ചായത്ത് പ്രസിഡൻറ് മിനി സൂര്യകുമാർ, മേഴ്സി ഷാജി, സുശീല ജയകുമാർ, സുജാത, പ്രമീള എന്നിവർ സ്ഥാനാർഥിക്കൊപ്പം ഉണ്ടായിരുന്നു.