ജനവാസ മേഖലയിൽ കള്ള് ഷാപ്പ് തുറക്കാൻ നീക്കം
text_fieldsകുന്നത്തൂരിൽ കള്ള് ഷാപ്പ് സ്ഥാപിക്കാനുള്ള നീക്കത്തിനെതിരെ നാട്ടുകാർ നടത്തിയ പ്രതിഷേധം
കുന്നത്തൂർ: ജനവാസ മേഖലയിൽ കള്ള് ഷാപ്പ് തുടങ്ങാനുള്ള നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി നാട്ടുകാർ രംഗത്ത്. കുന്നത്തൂർ പഞ്ചായത്ത് 12-ാം വാർഡിൽ പുത്തനമ്പലം റോഡിൽ കരിമ്പിൻപുഴ മഹാദേവർ ക്ഷേത്രത്തിന് സമീപമാണ് അനധികൃതമായി ഷാപ്പ് സ്ഥാപിക്കാൻ ശ്രമം നടന്നത്. പാലക്കാട് സ്വദേശിയുടെ ലൈസൻസിൽ തൊടിയൂർ സ്വദേശിയായ കരാറുകാരനാണ് രണ്ട് മാസം മുമ്പ് ഷാപ്പ് സ്ഥാപിക്കാനെത്തിയത്. തുടക്കത്തിൽ പ്രതിഷേധം ശക്തമായതോടെ കരാറുകാരൻ പിന്മാറിയിരുന്നു. കലക്ടറുടെയും എക്സൈസിന്റെയു അനുമതിയോടെയാണ് തങ്ങൾ ഷാപ്പ് നടത്താനെത്തിയതെന്നും, പഞ്ചായത്തിന്റെയോ നാട്ടുകാരുടെയോ അനുമതി ആവശ്യമില്ലെന്നുമായിരുന്നു കരാറുകാരന്റെ നിലപാട്.
എന്നാൽ കഴിഞ്ഞ ദിവസം പാലക്കാട് രജിസ്ട്രേഷനിലുള്ള വാഹനത്തിൽ കള്ള് നിറച്ച കുപ്പികളും ബോർഡും നിരീക്ഷണ കാമറാ സംവിധാനങ്ങളെല്ലാം ഒരുക്കി കരാറുകാരനും സംഘവും എത്തുകയായിരുന്നു. സ്ത്രീകൾ ഉൾപ്പെടെ പ്രദേശവാസികൾ പ്രതിഷേധവുമായെത്തിയതോടെ സംഘർഷാവസ്ഥ ഉടലെടുത്തു. തുടർന്ന് വാർഡ് മെംബർ അനില, പഞ്ചായത്ത് പ്രസിഡൻറ് പി.ടി. അനുപമ ഉൾപ്പെടെ മറ്റ് പഞ്ചായത്തംഗങ്ങളും സ്ഥലത്തെത്തി. ഇതിനിടയിലെത്തിയ പൊലീസ് ഷാപ്പ് നടത്തിപ്പുകാർക്ക് അനുകൂലമായ നിലപാടാണ് സ്വീകരിച്ചതെന്നും പ്രദേശവാസികളോട് തട്ടിക്കയറിയതായും പരാതിയുണ്ട്.
പ്രതിഷേധം ശക്തമായതോടെ കട പൂട്ടി താക്കോൽ ശാസ്താംകോട്ട പൊലീസിന് കൈമാറി. ഒരു ഭാഗത്ത് കല്ലടയാറും മറുഭാഗത്ത് ആഴത്തിൽ ചെളിയെടുത്ത പാടശേഖരങ്ങളും ഉൾപ്പെടുന്ന, ഏത് നിമിഷവും ദുരന്തം സംഭവിച്ചേക്കാവുന്ന ഭാഗത്തെ പ്രധാന റോഡിനോട് ചേർന്ന കാലഹരണപ്പെട്ട കെട്ടിടത്തിലാണ് ഷാപ്പ് പ്രവർത്തിക്കാൻ ശ്രമം നടന്നത്.


