കരേറ്റയിൽ കണ്ടെത്തിയത് ബോംബ് നിർമാണ സാമഗ്രികളുടെ വൻ ശേഖരം
text_fieldsകരേറ്റയിൽ പൊലീസ് കണ്ടെത്തിയ ബോംബ് നിർമാണ സാമഗ്രികൾ
കൂത്തുപറമ്പ്: കഴിഞ്ഞദിവസം കരേറ്റ 13ാം മൈൽ ചോതാരത്തെ ആളൊഴിഞ്ഞ പറമ്പിൽ കണ്ടെത്തിയത് ബോംബ് നിർമാണ സാമഗ്രികളുടെ വൻ ശേഖരം.
12 കിലോ വെടിമരുന്ന്, അഞ്ച് കിലോ സൾഫർ, ബോംംബ് നിർമാണത്തിന് ഉപയോഗിക്കുന്ന സ്റ്റീൽ കണ്ടൈനറുകൾ, ബോൾ ഐസ്ക്രീം കണ്ടെയ്നറുകൾ, ഒമ്പത് നാടൻ ബോംബുകൾ എന്നിവയാണ് കണ്ടെത്തിയത്. കണ്ടെടുത്ത നാടൻ ബോംബുകൾ പഴകി ദ്രവിച്ച നിലയിലാണ്. കൂത്തുപറമ്പ് സി.ഐ സഞ്ജയ് കുമാറിന്റെ നേതൃത്വത്തിൽ പൊലീസും കണ്ണൂരിൽ നിന്നെത്തിയ ബോംബ് സ്ക്വാഡും സ്ഥലത്ത് പരിശോധന നടത്തി. ബോംബ് സ്ക്വാഡ് എസ്.ഐമാരായ ജിയാസ്, ടി. രമേശൻ അശോകൻ, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ സജീഷ്, ലിനേഷ് എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് നായുടെ സഹായത്തോടെയായിരുന്നു തിരച്ചിൽ. കണ്ടെടുത്ത സ്ഫോടകവസ്തുക്കൾ കൂത്തുപറമ്പ് സ്റ്റേഷനിൽ സൂക്ഷിച്ചിരിക്കയാണ്.


