കുറ്റ്യാടിയിൽ കുഞ്ഞമ്മദ് കുട്ടി: ചോദിച്ചുവാങ്ങിയ സീറ്റിൽ അണികൾ ഏറ്റെടുത്ത വിജയം
text_fieldsവടകര: സി.പി.എമ്മിന്‍റെ സംഘടനാ ചരിത്രത്തിൽ മുമ്പില്ലാത്തരീതിയിൽ, കൈക്കൊണ്ട തീരുമാനം തിരുത്തേണ്ടിവന്ന കുറ്റ്യാടിയിൽ എൽ.ഡി.എഫ് സ്ഥാനാർഥി സി.പി.എമ്മിലെ കെ.പി. കുഞ്ഞമ്മദ് കുട്ടിക്ക് വിജയം. യു.ഡി.എഫ് സ്ഥാനാർഥിയും നിലവിലെ എം.എൽ.എയുമായിരുന്ന മുസ്ലിം ലീഗിലെ പാറക്കൽ അബ്ദുള്ളയെയാണ് കെ.പി. കുഞ്ഞമ്മദ് കുട്ടി പരാജയപ്പെടുത്തിയത്. പാറക്കലിനെ 333 വോട്ടിന്‍റെ ഭൂരിപക്ഷത്തിന് പരാജയപ്പെടുത്തിയാണ് കുഞ്ഞമ്മദ് കുട്ടി കന്നി വിജയം കരസ്ഥമാക്കിയത്.
സി.പി.എം സീറ്റായിരുന്ന കുറ്റ്യാടി ഇത്തവണ എൽ.ഡി.എഫിലെ സീറ്റ് വീതം വെപ്പിൽ കേരള കോൺഗ്രസ് എമ്മിന് നൽകിയിരുന്നു. എന്നാൽ അണികളുടെ പ്രതിഷേധ കൊടുങ്കാറ്റിൽ സി.പി.എം സീറ്റ് തിരിച്ചെടുത്തതോടെ കുറ്റ്യാടി മണ്ഡലം രാഷ്ട്രീയ കേരളം ഏറെ ചർച്ച ചെയ്യപ്പെട്ട മണ്ഡലമായി മാറി. ഇതോടെയാണ് ആദ്യഘട്ടം സി.പി.എമ്മിന്‍റെ സ്ഥാനാർഥി പട്ടിയയിലുണ്ടായ കെ.പി. കുഞ്ഞമ്മദ് കുട്ടിക്ക് നറുക്ക് വീണത്. ഇതോടെ ആവേശത്തിലായ പ്രവർത്തകർ പ്രചാരണം ഏറ്റെടുക്കുന്ന കാഴ്ചയാണ് കുറ്റ്യാടിയിൽ കണ്ടത്. സമീപ മണ്ഡലങ്ങളിൽ നിന്നു പോലും പ്രവർത്തകർ പ്രചരണത്തിന് കോപ്പുകൂട്ടാൻ കുറ്റ്യാടിയിൽ എത്തിയിരുന്നു.
കഴിഞ്ഞ തവണ കെ.കെ. ലതികയിലൂടെ കൈവിട്ട സീറ്റ് തിരിച്ചെടുത്ത ആശ്വാസത്തിലാണ് സി.പി.എം. വിഭാഗീതയുടെ ഫലമായാണ് കഴിഞ്ഞ തവണത്തെ കെ.കെ. ലതികയുടെ തോൽവി അറിയപ്പെട്ടിരുന്നത്.
കെ.പി. കുഞ്ഞമ്മദ് കുട്ടി വിജയിച്ചെങ്കിലും സി.പി.എമ്മിലെ കനലടങ്ങാൻ കുറ്റ്യാടിയിൽ ഇനിയും സമയമെടുക്കും. സി.പി.എം തീരുമാനത്തിനെതിരെ പരസ്യ പ്രകടനം നയിച്ച പ്രാദേശിക നേതാക്കൾക്കെതിരെ അച്ചടക്കത്തിന്‍റെ വാൾ ഓങ്ങി നിൽപ്പുണ്ട്. ഇത് വരും ദിവസങ്ങളിൽ ഏറെ ചർച്ചയാവും.