കുറ്റ്യാടി ടൗൺ നവീകരണ പ്രവൃത്തി അടിയന്തരമായി പൂർത്തിയാക്കണം –എം.എൽ.എ
text_fieldsകുറ്റ്യാടി ടൗൺ നവീകരണത്തിന്റെ ഭാഗമായി എം.ഐ.യു.പി
സ്കൂൾ വളപ്പിൽ പുനർനിർമിക്കുന്ന ഓവുചാൽ
കുറ്റ്യാടി: കുറ്റ്യാടി ടൗൺ നവീകരണ പ്രവൃത്തി അടിയന്തരമായി പൂർത്തിയാക്കണമെന്ന് കെ.പി. കുഞ്ഞമ്മദ്കുട്ടി എം.എൽ.എ ആവശ്യപ്പെട്ടു. നിയോജക മണ്ഡലത്തിലെ പൊതുമരാമത്ത് വകുപ്പ് പ്രവൃത്തികളുടെ പുരോഗതി വിലയിരുത്തുന്നതിന് ചേർന്ന ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് ഈ ആവശ്യമുന്നയിച്ചത്. കുറ്റ്യാടി- കക്കട്ടിൽ റോഡിന്റെ റീ ടാറിങ് മഴക്കുശേഷം നടത്താനും തീരുമാനിച്ചു. മൊകേരി ഗവ. കോളജിലെ മൂന്ന് ക്ലാസ് മുറികളുടെ നിർമാണം പൂർത്തിയായി. തിരുവള്ളൂർ ഗവ. എം.യു.പി സ്കൂളിന്റെ പ്രവൃത്തി ടെൻഡർ നടപടികളിൽ ആണെന്നും പൈങ്ങോട്ടായി ഗവ. യു.പി സ്കൂളിന്റെ പ്രവൃത്തി സാങ്കേതിക അനുമതിക്കായി തയാറായെന്നും അധികൃതർ അറിയിച്ചു.
6.9 കോടി രൂപയുടെ വില്യാപ്പള്ളി ഐ.ടി.ഐയുടെ കെട്ടിട നിർമാണ പ്രവൃത്തികൾ പുരോഗമിക്കുകയാണെന്നും യോഗം വിലയിരുത്തി. കെ.പി. കുഞ്ഞമ്മദ് കുട്ടി എം.എൽ.എ അധ്യക്ഷത വഹിച്ചു. ഈ വർഷം ആകെ 10.50 കോടി രൂപയുടെ ഭരണാനുമതി ലഭിച്ച ആയഞ്ചേരി വില്യാപ്പള്ളി റോഡ്, എസ് മുക്ക് വള്ളിയാട് കോട്ടപ്പള്ളി റോഡ്, വട്ടോളി പാതിരിപ്പറ്റ റോഡ്, വില്യാപ്പള്ളി ചെമ്മരത്തൂർ റോഡ് എന്നീ പ്രവൃത്തികളുടെ എസ്റ്റിമേറ്റ് സാങ്കേതികാനുമതി ലഭ്യമാക്കുന്നതിനായി സമർപ്പിച്ചതായും ഒന്നരക്കോടി രൂപയുടെ നങ്ങീലണ്ടിമുക്ക് വളയന്നൂർ റോഡ് ഭരണാനുമതിക്കായി സർക്കാറിലേക്ക് സമർപ്പിച്ചതായും ഉദ്യോഗസ്ഥർ യോഗത്തെ അറിയിച്ചു. തുടരനുമതികൾ കിട്ടുന്ന മുറക്ക് മഴക്കാലത്തിനുശേഷം പ്രവൃത്തികൾ ആരംഭിക്കാൻ സാധിക്കുമെന്ന് യോഗം വിലയിരുത്തി.
പൊതുമരാമത്ത് കെട്ടിട വിഭാഗം എക്സി. എൻജിനീയർ വിനോദ് കുമാർ, റോഡ്സ് വിഭാഗം അസിസ്റ്റൻറ് എക്സിക്യൂട്ടിവ് എൻജിനീയർ നിധിൻ ലക്ഷ്മണൻ, അസിസ്റ്റൻറ് എൻജിനീയർമാർ, ജലഅതോറിറ്റി എക്സിക്യൂട്ടിവ് എൻജിനീയർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.