മലപ്പുറം േവാട്ടുത്സവം @ 74.25 ശതമാനം
text_fieldsശക്തമായ പോരാട്ടം നടന്ന താനൂർ മണ്ഡലത്തിലെ പൊന്മുണ്ടം എച്ച്.എസിൽ വോട്ട് ചെയ്യാനെത്തിയവരുടെ നീണ്ട നിര
മലപ്പുറം: തെരഞ്ഞെടുപ്പ് ഉത്സവമാക്കിയ ജില്ലയിൽ മികച്ച പോളിങ്. രാവിലെത്തന്നെ ഇലക്ട്രോണിക് വോട്ടുയന്ത്ര തകരാർ ചിലയിടങ്ങളിൽ രസം കെടുത്തിയെങ്കിലും സെവൻസ് ഫുട്ബാൾ മത്സരം കളിക്കുകയും കാണുകയും ചെയ്യുന്ന ആവേശത്തിൽ രാഷ്ട്രീയ പാർട്ടി പ്രവർത്തകരും വോട്ടർമാരും വോട്ടെടുപ്പ് കൊണ്ടാടി.
ഉദ്യോഗസ്ഥരും നിയമപാലകരും ഉണർന്നുപ്രവർത്തിച്ചപ്പോൾ അനിഷ്ട സംഭവങ്ങളൊന്നുമില്ലാതെ 16 നിയമസഭ മണ്ഡലങ്ങളിലേക്കും മലപ്പുറം ലോക്സഭ മണ്ഡലത്തിലേക്കും നടന്ന തെരഞ്ഞെടുപ്പ് പ്രക്രിയ ജില്ല പൂർത്തിയാക്കി.
ആകെ 74.25 ശതമാനം പേർ സമ്മതിദാനം രേഖപ്പെടുത്തി. ജില്ലയിലെ 33,21,038 വോട്ടര്‍മാരില്‍ 24,66,177 പേരാണ് തെരഞ്ഞെടുപ്പ് പ്രക്രിയയിൽ പങ്കാളികളായത്. 16,56,996 പുരുഷ വോട്ടര്‍മാരില്‍ 11,88,627 (71.73 ശതമാനം) പേരും 16,64,017 സ്ത്രീ വോട്ടര്‍മാരില്‍ 12,77,539 (76.77 ശതമാനം) പേരും വോട്ട് ചെയ്തു. ജില്ലയിലെ 25 ട്രാന്‍സ്ജെന്‍ഡര്‍ വോട്ടര്‍മാരില്‍ 11 പേര് (44 ശതമാനം) സമ്മതിദാനാവകാശം വിനിയോഗിച്ചു. 2016ൽ 75.83 ശതമാനമായിരുന്നു ജില്ലയിലെ പോളിങ്.
ലോക്സഭയിലും കുറവ്
മലപ്പുറം, കൊണ്ടോട്ടി, മഞ്ചേരി, മങ്കട, പെരിന്തൽമണ്ണ, വേങ്ങര, വള്ളിക്കുന്ന് നിയമസഭ മണ്ഡലങ്ങള്‍ ഉള്‍പ്പെടുന്ന മലപ്പുറം ലോക്സഭ ഉപതെരഞ്ഞെടുപ്പില്‍ 74.53 ശതമാനം പേരും വോട്ട് ചെയ്തു. 2019ലെ പൊതുതെരഞ്ഞെടുപ്പിൽ മലപ്പുറം ലോക്സഭ മണ്ഡലത്തിൽ 75.22 ശതമാനം പേരാണ് വോട്ടെടുപ്പിൽ പങ്കാളികളായത്.
കൊണ്ടോട്ടി മുന്നിൽ; പിന്നിൽ പൊന്നാനി
ജില്ലയില്‍ ഏറ്റവും കൂടുതല്‍ പോളിങ് നടന്നത് കൊണ്ടോട്ടി മണ്ഡലത്തിലാണ്. ഇവിടെ 78.28 ശതമാനം പേർ വോട്ട് ചെയ്തു. ഏറ്റവും കുറവ് പോളിങ് പൊന്നാനിയിലും, 69.57 ശതമാനം. 4875 ബൂത്തുകളാണ് ജില്ലയിൽ സജ്ജീകരിച്ചിരുന്നത്. 111 സ്ഥാനാർഥികൾ നിയമസഭയിലേക്കും ആറുപേർ ലോക്സഭയിലേക്കും ജനവിധി തേടി.
ആവേശം അവസാന മണിക്കൂർ വരെ
രാവിലെ ഏഴിന് വോട്ടെടുപ്പ് ആരംഭിച്ചു. ആദ്യ മണിക്കൂറിൽ 6.72 ശതമാനമായിരുന്നു പോളിങ്. ഒമ്പത് മണിയായതോടെ 13.95ലെത്തി. മൂന്ന് മണിക്കൂർ പിന്നിടുമ്പോൾ 20 ശതമാനത്തോടടുത്തു. 27.48 ആയിരുന്നു 11 മണിയിലെ പോളിങ് ശതമാനം.
അടുത്ത മണിക്കൂർ പൂർത്തിയാകവെ 34.88ലെത്തി. ഉച്ചക്ക് ഒന്നിന് മുമ്പുതന്നെ 40 ശതമാനം കടന്നു. ഒന്നരയാവുമ്പോഴേക്കും ഏകദേശം പകുതി വോട്ടർമാരും സമ്മതിദാനാവകാശം വിനിയോഗിച്ചു കഴിഞ്ഞിരുന്നു. 56.28 ശതമാനമായിരുന്നു വൈകീട്ട് മൂന്നായപ്പോൾ പോളിങ് ശതമാനം. അടുത്ത അരമണിക്കൂറിൽ 60 പിന്നിട്ടു. അഞ്ചോടെ 70ലെത്തി.
72.62 ശതമാനമായിരുന്നു ആറ് മണിയിലെ പോളിങ്. കോവിഡ് രോഗികൾക്കും ക്വാറൻറീനിൽ കഴിയുന്നവർക്കും അനുവദിച്ച അവസാന മണിക്കൂർ കൂടി പൂർത്തിയായതോടെ 74 കടന്നു.
ജില്ലയിലെ വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍
കൊണ്ടോട്ടി: മേലങ്ങാടി ജി.വി.എച്ച്.എസ്.എസ്, ഏറനാട്: മലപ്പുറം ഗവ. കോളജ്, നിലമ്പൂര്‍, വണ്ടൂര്‍: ചുങ്കത്തറ മാര്‍ത്തോമ കോളജ്, മഞ്ചേരി: മലപ്പുറം ഗവ. കോളജ്, പെരിന്തല്‍മണ്ണ: പെരിന്തല്‍മണ്ണ ഗവ. ഗേള്‍സ് വൊക്കേഷനല്‍ എച്ച്.എസ്.എസ്, മങ്കട: പെരിന്തല്‍മണ്ണ ഗവ. മോഡല്‍ എച്ച്.എസ്.എസ്, മലപ്പുറം: മലപ്പുറം എം.എസ്.പി എച്ച്.എസ്.എസ്, വേങ്ങര: തിരൂരങ്ങാടി പി.എസ്.എം.ഒ കോളജ്, വള്ളിക്കുന്ന്: തിരൂരങ്ങാടി ജി.എച്ച്.എസ്.എസ്, തിരൂരങ്ങാടി: തിരൂരങ്ങാടി കെ.എം.എം.ഒ അറബിക് കോളജ്, താനൂര്‍, തിരൂര്‍: തിരൂര്‍ എസ്.എസ്.എം പോളിടെക്നിക്, കോട്ടക്കല്‍: തിരൂര്‍ ജി.ബി.എച്ച്.എസ്.എസ്, തവനൂര്‍: കേളപ്പജി കോളജ് ഓഫ് അഗ്രികള്‍ചറല്‍, പൊന്നാനി: പൊന്നാനി എ.വി.എച്ച്.എസ്.എസ്.