കണക്കുകൾ പിഴക്കുമോ തുണക്കുമോ?
text_fieldsപൊന്നാനിയിലെ വോട്ടെണ്ണൽ കേന്ദ്രത്തിലെ സ്ട്രോങ് റൂമുകൾക്ക് മുന്നിലെ സുരക്ഷ ഭടൻ
പൊന്നാനി: വോട്ട് പെട്ടിയിലായതോടെ രാഷ്ട്രീയ പാർട്ടികൾ മനക്കോട്ടകൾ കെട്ടിത്തുടങ്ങിയെങ്കിലും പൊന്നാനി മണ്ഡലത്തിലെ വോട്ടു ശതമാനത്തിലുണ്ടായ കുറവ് ഇരുമുന്നണികൾക്കും ആശങ്കയേറ്റി.
ജില്ലയിൽ കുറഞ്ഞ പോളിങ് നടന്ന മണ്ഡലമാണ് ഇക്കുറി പൊന്നാനി. 2016ലെ നിയമസഭ തെരഞ്ഞെടുപ്പിൽ 74.31 ശതമാനം പോളിങ് രേഖപ്പെടുത്തിയപ്പോൾ ഇത്തവണ 69.58 ശതമാനത്തിലേക്ക് ചുരുങ്ങി. 2016ൽ 1,90,774 വോട്ടർമാരുണ്ടായിരുന്ന മണ്ഡലത്തിൽ ഇത്തവണ 2,05,291 ആയി വർധിച്ചിട്ടും പോളിങ്ങിലെ ഇടിവ് എങ്ങനെ പ്രതിഫലിക്കുമെന്നറിയാത്ത സ്ഥിതിയാണ്.
ഇതോടെയാണ് ബൂത്ത് തലങ്ങളിൽനിന്നുള്ള കണക്കുകൾ വെച്ച് ഇരുമുന്നണികളും കണക്കുകൂട്ടലുകൾ നടത്തുന്നത്. തെരഞ്ഞെടുപ്പ് പൂർത്തിയായതോടെ ബൂത്തുതല വോട്ടിങ് പരിശോധനക്ക് തുടക്കം കുറിച്ചിരിക്കുകയാണ് രാഷ്ട്രീയ പാർട്ടികൾ. 99,492 പുരുഷ വോട്ടര്‍മാരിൽ 64,986 പേരും 1,05,797 സ്ത്രീ വോട്ടര്‍മാരിൽ 77,859 പേരും ഉൾപ്പെടെ 1,42,845 പേരാണ് വോട്ട് ചെയ്തത്. 15,640 വോട്ടിെൻറ ഭൂരിപക്ഷം ലഭിച്ചിടത്ത് വോട്ടിങ് ശതമാനം കുറഞ്ഞതോടെ ഇത്തവണ മാർജിനിൽ കുറവുണ്ടാകുമെങ്കിലും വിജയിക്കുമെന്ന പ്രതീക്ഷയിലാണ് എൽ.ഡി.എഫ് ക്യാമ്പ്.
എന്നാൽ, പരമ്പരാഗത സി.പി.എം വോട്ടുകളുൾപ്പെടെ പോൾ ചെയ്തില്ലെന്ന കണക്കുകൂട്ടലിലാണ് യു.ഡി.എഫ് കേന്ദ്രങ്ങൾ. ഇത് തങ്ങൾക്ക് വിജയിക്കാനുള്ള ഘടകമെന്നാണ് യു.ഡി.എഫ് കരുതുന്നത്. ബി.ജെ.പി താമര ചിഹ്നത്തിൽ മത്സരിക്കാത്തതിനാൽ വോട്ടുകൾ പൂർണമായും പോൾ ചെയ്തിട്ടില്ലെന്നാണ് അറിയുന്നത്.
തിരൂരിൽ ആത്മവിശ്വാസത്തോടെ യു.ഡി.എഫ്, അടിയൊഴുക്കിൽ പ്രതീക്ഷയർപ്പിച്ച് എൽ.ഡി.എഫ്
തിരൂർ: നിയമസഭ തെരഞ്ഞെടുപ്പിൽ തിരൂർ മണ്ഡലത്തിൽ ആത്മവിശ്വാസം പ്രകടിപ്പിച്ച് ഇരു മുന്നണികളും. തുടർച്ചയായ മൂന്നാം തവണയും മണ്ഡലം നിലനിർത്തുമെന്ന ആത്മവിശ്വാസത്തിലാണ് യു.ഡി.എഫ് ക്യാമ്പ്. എന്നാൽ, അടിയൊഴുക്കിൽ പ്രതീക്ഷയർപ്പിച്ച് എൽ.ഡി.എഫ് ഇത്തവണ മണ്ഡലത്തിൽ ചരിത്രത്തിലെ രണ്ടാം അട്ടിമറി വിജയമാണ് പ്രതീക്ഷിക്കുന്നത്.
തലക്കാട് ഒഴികെ തിരൂർ, വെട്ടം, കൽപകഞ്ചേരി, വളവന്നൂർ, തിരുനാവായ, ആതവനാട് എന്നിവിടങ്ങളില്ലാം യു.ഡി.എഫ് സ്ഥാനാർഥി കുറുക്കോളി മൊയ്തീൻ മികച്ച ലീഡ് നേടുമെന്നാണ് യു.ഡി.എഫ് ക്യാമ്പ് പ്രതീക്ഷിക്കുന്നത്. പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ വെട്ടത്തുണ്ടായ തമ്മിൽപോര് നിയമസഭ തെരഞ്ഞെടുപ്പിന് മുമ്പ് പരിഹരിക്കാനായത് യു.ഡി എഫിന്, പ്രത്യേകിച്ച് ലീഗിന് ആത്മവിശ്വാസം ഇരട്ടിയാക്കിയിട്ടുണ്ട്.
പതിനായിരം വോട്ടിന് മുകളിലുള്ള ലീഡാണ് യു.ഡി.എഫ് പ്രതീക്ഷിക്കുന്നത്.അതേസമയം, തലക്കാടിന് പുറമെ, വെട്ടം, തിരൂർ, ആതവനാട് എന്നിവിടങ്ങളിൽ ഗഫൂർ പി. ലില്ലീസ് ലീഡ് നേടുമെന്നും അതിലൂടെ അട്ടിമറി വിജയം കരസ്ഥമാകുമെന്നുമാണ് എൽ.ഡി.എഫ് വിലയിരുത്തൽ. എന്നാൽ, രണ്ടായിരം വോട്ടുകളോളമുള്ള വെൽഫെയർ പാർട്ടിയുടെ വോട്ട് യു.ഡി.എഫ് അക്കൗണ്ടിലേക്ക് പോയാൽ തിരൂരും, തലക്കാടും തിരിച്ചടിയാവുമോയെന്ന ആശങ്ക എൽ.ഡി.എഫ് ക്യാമ്പിൽ ഉയരാനിടയുണ്ട്.
മൂന്നാം സ്ഥാനം കൈവിടിെല്ലന്ന ആത്മവിശ്വാസത്തിലാണ് എൻ.ഡി.എ ക്യാമ്പെങ്കിൽ ഇത്തവണ ആദ്യ മൂന്നിലെത്താൻ എസ്.ഡി.പി.ഐയും കഠിനാധ്വാനം ചെയ്തിട്ടുണ്ട്. എന്തായാലും ബൂത്ത് അവലോകനങ്ങൾ കഴിയാനായി കാത്തിരിക്കുകയാണ് മുന്നണികൾ.