വാഹനത്തിനുനേരെ സി.പി.എം ആക്രമണം; പൊലീസ് സ്റ്റേഷനു മുന്നിൽ പി.കെ. ജയലക്ഷ്മിയുടെ സമരം
text_fieldsപി.കെ. ജയലക്ഷ്മിയുടെ നേതൃത്വത്തിൽ യു.ഡി.എഫ് പ്രവർത്തകർ പനമരം പൊലീസ് സ്റ്റേഷനു മുന്നിൽ സമരം നടത്തുന്നു
പനമരം: മാനന്തവാടി മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥിയും മുൻ മന്ത്രിയുമായ പി.കെ. ജയലക്ഷ്മിയുടെ പൈലറ്റ് വാഹനത്തിനുനേരെ സി.പി.എം പ്രവർത്തകർ ആക്രമണം നടത്തിയതായി പരാതി.
പനമരം പുഞ്ചവയലിലെ റോഡിൽ തിങ്കളാഴ്ച രാത്രി 8.45നാണ് സംഭവം. ആറംഗസംഘമാണ് ആക്രമണത്തിനു പിന്നിലെന്ന് യു.ഡി.എഫ് പ്രവർത്തകർ ആരോപിച്ചു.
ഉച്ചഭാഷിണി ഉപയോഗത്തിന് അനുവദിച്ച സമയം അവസാനിച്ചുവെന്ന് ആരോപിച്ച് റോഡിൽ തടഞ്ഞ് ഡ്രൈവറെയും മൈക്ക് ഓപറേറ്ററെയും മർദിച്ചെന്നാണ് പരാതി.
അക്രമികളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് സ്ഥാനാർഥി ജയലക്ഷ്മിയും യു.ഡി.എഫ് പ്രവർത്തകരും പനമരം പൊലീസ് സ്റ്റേഷൻ ഉപരോധം രാത്രി 10.30നും തുടർന്നു. ഉയർന്ന പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. ഒരു പ്രകോപനവും ഇല്ലാതെയാണ് ആക്രമണം നടത്തിയതെന്ന് ജയലക്ഷ്മി പറഞ്ഞു.