ആധിപത്യം അരക്കിട്ടുറപ്പിക്കാൻ യു.ഡി.എഫ്; മഞ്ചേരിയുടെ മനം മാറ്റാൻ മുസ്ലിം ലീഗ് മുൻ നേതാവിനെയിറക്കി എൽ.ഡി.എഫ്
text_fieldsഅഡ്വ. യു.എ. ലത്തീഫ് (യു.ഡി.എഫ് സ്ഥാനാർഥി) ഡിബോണ നാസർ (എൽ.ഡി.എഫ് സ്ഥാനാർഥി)
മഞ്ചേരി (മലപ്പുറം): നിയമസഭ തെരഞ്ഞെടുപ്പിൽ മാറ്റമില്ലാത്ത മനസ്സാണ് മഞ്ചേരിക്ക്. ഭൂരിപക്ഷം വർധിപ്പിച്ച് ആധിപത്യം അരക്കിട്ടുറപ്പിക്കാനാണ് യു.ഡി.എഫ് ശ്രമം. നാട്ടുകാരനും മുസ്ലിം ലീഗ് ജില്ല ജനറൽ സെക്രട്ടറിയുമായ അഡ്വ. യു.എ. ലത്തീഫാണ് 'കോണി'യിൽ ജനവിധി തേടുന്നത്.
2016വരെ മുസ്ലിം ലീഗിെൻറ നേതൃസ്ഥാനത്ത് ഉണ്ടായിരുന്ന പി. അബ്ദുൽനാസർ എന്ന ഡിബോണ നാസറാണ് എൽ.ഡി.എഫിനായി മത്സരിക്കുന്നത്. ലീഗിെൻറ വോട്ടിലും കണ്ണുവെച്ചാണ് മുൻ ലീഗ് നേതാവിനെ തന്നെ കളത്തിലിറക്കിയിരിക്കുന്നത്. മണ്ഡലത്തിൽ ശക്തമായ സ്വാധീനം ഇല്ലെങ്കിലും സ്വന്തം വോട്ടുകൾ 'താമരക്ക്' ഉറപ്പിക്കാനാണ് എൻ.ഡി.എ സ്ഥാനാർഥി പി.ആർ. രശ്മിൽനാഥിെൻറ ശ്രമം.
പ്രചാരണത്തിെൻറ അവസാന ലാപ്പ് ഓടിത്തീർക്കുകയാണ് സ്ഥാനാർഥികൾ. നാല് പേരാണ് ഇത്തവണ രംഗത്തുള്ളത്. കഴിഞ്ഞ തവണ ഏഴ് പേർ ഉണ്ടായിരുന്നിടത്താണിത്. വെൽഫെയർ പാർട്ടി, പി.ഡി.പി, എസ്.ഡി.പി.ഐ പാർട്ടികൾക്ക് കഴിഞ്ഞ തവണ മണ്ഡലത്തിൽ സ്ഥാനാർഥികളുണ്ടായിരുന്നു.
എന്നാൽ ഇത്തവണ മൂന്ന് പാർട്ടികൾക്കും സ്ഥാനാർഥികളില്ല. അതുകൊണ്ട് ഇവരുടെ വോട്ടും നിർണായകമാകും. പരസ്യമായി പിന്തുണ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ആറായിരത്തിലധികം വോട്ട് ഏത് പെട്ടിയിൽ വീഴുമെന്നാണ് ഉറ്റുനോക്കുന്നത്. എൽ.ഡി.എഫ് സർക്കാറിെൻറ വികസന, ക്ഷേമപ്രവർത്തനങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഡിേബാണ നാസർ വോട്ടർമാരെ കാണുന്നത്.
മഞ്ചേരിയുടെ വികസന തുടർച്ചക്കാണ് യു.എ. ലത്തീഫ് വോട്ടഭ്യർഥിക്കുന്നത്. 2011ൽ 71.01 ശതമാനവും 2016ൽ 72.83ശതമാനവും ആയിരുന്നു മണ്ഡലത്തിലെ പോളിങ്. ഇത്തവണ പോളിങ് ശതമാനം ഉയർത്തി വോട്ടുറപ്പിക്കാനുള്ള ശ്രമത്തിലാണ് മുന്നണികൾ.
അഡ്വ. എം. ഉമ്മർ എം.എൽ.എ മഞ്ചേരി മണ്ഡലത്തിൽ തുടങ്ങിവെച്ച വികസന പദ്ധതികൾ പൂർത്തീകരിക്കുകയാണ് ലക്ഷ്യം. മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയെ സൂപ്പർ സ്െപഷാലിറ്റി ആശുപത്രിയാക്കും. എല്ലാ സർക്കാർ സ്കൂളുകളിലും കമ്പ്യൂട്ടർ വിദ്യാഭ്യാസത്തിന് പ്രത്യേക പദ്ധതി തയ്യാറാക്കും.
–അഡ്വ. യു.എ. ലത്തീഫ് (യു.ഡി.എഫ് സ്ഥാനാർഥി)
നഗരത്തിലെ ഗതാഗതകുരുക്ക്, കുടിവെള്ളക്ഷാമം എന്നിവ പരിഹരിക്കാൻ മുൻകൈ എടുക്കും. കൂടാതെ വിദ്യാഭ്യാസ പുരോഗതിക്കായി സർക്കാർ മേഖലയിൽ കോളജ് കൊണ്ടുവരുന്നതിനായി പരിശ്രമിക്കും. പാണ്ടിക്കാട് ചന്തപ്പുര രക്തസാക്ഷി സ്മാരകം നിർമിക്കും.
–ഡിബോണ നാസർ (എൽ.ഡി.എഫ് സ്ഥാനാർഥി)