മഞ്ചേശ്വരത്ത് ഭാഷാ ന്യൂനപക്ഷത്തിൽ പ്രതീക്ഷയർപ്പിച്ച് ബി.ജെ.പി
text_fieldsമഞ്ചേശ്വരം: കേരള നിയമസഭയിൽ അക്കൗണ്ട് തുറക്കാൻ പതിറ്റാണ്ടുകളായി ബി.ജെ.പി കരുതിവെച്ച മണ്ഡലമാണ് മഞ്ചേശ്വരം. എന്നാൽ, എന്നും മഞ്ചേശ്വരം ബി.ജെ.പിയെ മോഹിപ്പിച്ചു നിർത്തിയതല്ലാതെ സ്വപ്നം പൂവണിയിക്കാൻ മണ്ഡലം കനിഞ്ഞില്ല.
ഇടതു സ്വാധീന മേഖലയായിരുന്ന മഞ്ചേശ്വരം മണ്ഡലത്തിൽ 1987ൽ ചെർക്കളം അബ്ദുല്ല വിജയിച്ചതോടെയാണ് ബി.ജെ.പി മണ്ഡലത്തിൽ രണ്ടാംസ്ഥാനത്തേക്ക് എത്തുന്നത്. തൊട്ടടുത്ത തെരഞ്ഞെടുപ്പിൽ (1991) കെ.ജി. മാരാർ വിജയത്തിെൻറ തൊട്ടടുത്ത് എത്തിയെങ്കിലും 1072 വോട്ടിെൻറ വ്യത്യാസത്തിൽ വിജയം കൈവിട്ടു.
ഇതിനുശേഷവും രണ്ടാംസ്ഥാനം തുടർന്ന ബി.ജെ.പി വിജയത്തിെൻറ അടുത്തെത്തിയത് 2016 ലാണ്. അന്നത്തെ സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രൻ മുസ്ലിം ലീഗിലെ പി.ബി. അബ്ദുൽ റസാഖിനോട് 89 വോട്ടിെൻറ വ്യത്യാസത്തിലാണ് പരാജയപ്പെട്ടത്.
സുരേന്ദ്രെൻറ അപരൻ കെ.സുന്ദര നേടിയ 467 വോട്ടാണ് പരാജയത്തിന് ഇടയാക്കിയത്. അതേ സുരേന്ദ്രൻ വീണ്ടും സ്ഥാനാർഥിയായി എത്തുമ്പോൾ സംസ്ഥാന പ്രസിഡൻറ് പദവിയും, പഴയ അപരൻ കെ.സുന്ദര ബി.ജെ.പിക്കുവേണ്ടി പ്രവർത്തിക്കുന്നതുമാണ് സ്ഥിതി.
ഇത്തവണ ഏത് വിധേനയും വിജയം നേടാൻ ശ്രമിക്കുന്ന ബി.ജെ.പിക്ക് ഭാഷാ ന്യൂനപക്ഷ വോട്ടുകളും മലയോര പഞ്ചായത്തുകളുമാണ് പിൻബലം. മണ്ഡലത്തിലുള്ള 70-75 ശതമാനം വരുന്ന ഭാഷാ ന്യൂനപക്ഷങ്ങളിൽ ഭൂരിപക്ഷവും ബി.ജെ.പി അനുഭവികളാണ്. ഈ വോട്ടുകളിൽ വിള്ളൽ വീഴാതെ നോക്കിയാൽ മാത്രം മതി ബി.ജെ.പി ജയം കരസ്ഥമാക്കാൻ.
മലയോര പഞ്ചായത്തുകളായ വോർക്കാടി, മീഞ്ച, പൈവളിഗെ, പുത്തിഗെ, എന്മകജെ എന്നിവിടങ്ങളിലാണ് ബി.ജെ.പി പ്രധാനമായും നേട്ടമുണ്ടാക്കുന്നത്. വോർക്കാടി, പുത്തിഗെ എന്നിവിടങ്ങളിൽ ഇടതുപക്ഷം നേരിയ ഭൂരിപക്ഷം നേടുന്നെങ്കിലും യു.ഡി.എഫുമായി താരതമ്യപ്പെടുത്തുമ്പോൾ ബി.ജെ.പിക്കാണ് വ്യക്തമായ മേൽക്കൈ.
തീരദേശ പഞ്ചായത്തുകളായ കുമ്പള, മംഗൽപാടി, മഞ്ചേശ്വരം എന്നിവിടങ്ങളിൽ യു.ഡി.എഫിനെ അപേക്ഷിച്ച് പിന്നോട്ട് പോകുന്ന വോട്ടുകൾ മലയോരത്തെ ഭൂരിപക്ഷംകൊണ്ട് പിടിച്ചു നിർത്താൻ സാധിക്കുമെന്നാണ് ബി.ജെ.പി നേതാക്കളുടെ കണക്കുകൂട്ടലുകൾ.