മഞ്ചേശ്വരത്ത് അടിയൊഴുക്ക്; എന്നാലും ജയിക്കുമെന്ന് യു.ഡി.എഫ്
text_fieldsവി. രമേശൻ (എൽ.ഡി.എഫ്), എം.കെ.എം. അഷ്റഫ് (യു.ഡി.എഫ്), കെ. സുരേന്ദ്രൻ (ബി.ജെ.പി)
കാസർകോട്: ജില്ലയിൽ കൂടിയ പോളിങ് രേഖപ്പെടുത്തിയ മഞ്ചേശ്വരത്ത് അടിയൊഴുക്കിൽ വിധി. പോളിങ്ങിൽ വലിയ ആവേശം പ്രകടിപ്പിക്കാത്ത തുളുനാടൻ ജനത ഇത്തവണ 76.81ശതമാനം വോട്ട് പോൾ ചെയ്തു. സമാന രാഷ്ട്രീയാന്തരീക്ഷമുള്ള കാസർകോട് 70.87 ശതമാനം മാത്രം. ആറു ശതമാനം കുറവ്. ഇത് ആരുടെ പ്രതീക്ഷക്കാണ് പ്രഹരമേൽപിക്കുകയെന്നത് പ്രവചിക്കാനാവാത്ത സ്ഥിതിയാണ്. വിജയം ഉറപ്പിക്കുന്ന കാര്യത്തിൽ യു.ഡി.എഫിൽ ഭിന്നതയുണ്ട്.
മുസ്ലിം ലീഗിെൻറ ശക്തികേന്ദ്രങ്ങളായ മംഗൽപാടി, കുമ്പള എന്നിവിടങ്ങളിൽ പഴയ പോളിങ് രേഖപ്പെടുത്തിയെങ്കിലും ബി.ജെ.പിക്ക് ഉയർന്ന വോട്ട് നൽകുന്ന പൈവളിഗെ, വോർക്കാടി, എൻമകജെ പഞ്ചായത്തുകളിൽ കൂടുതൽ പോളിങ് രേഖപ്പെടുത്തിയിട്ടുണ്ട്. വിദേശത്തും രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിൽ നിന്നുമുള്ള യു.ഡി.എഫുകാരുടെ വോട്ടുവണ്ടി ഇത്തവണ പഴയപോലെ വന്നില്ല. കാന്തപുരം എ.പി വിഭാഗത്തിെൻറ 3000ഒാളം വോട്ട് യു.ഡി.എഫിനു ലഭിക്കുന്നതാണ്. ഇത്തവണ 'ഞങ്ങളുടെ വോട്ട് യു.ഡി.എഫിനു മാത്രമായി നൽകാൻ തീരുമാനിച്ചില്ല. അത് എൽ.ഡി.എഫിനും ലഭിച്ചിരിക്കും' എന്ന് എ.പി. വിഭാഗം നേതാവ് പ്രതികരിച്ചു. എസ്.ഡി.പി.െഎ യു.ഡി.എഫിനു പരസ്യ പിന്തുണ പ്രഖ്യപിച്ചിരുന്നു. 7000 വോട്ടാണ് എസ്.ഡി.പി.െഎ അവകാശവാദം. ഇതിൽ പകുതി വോട്ട് ലഭിക്കാം.
പരസ്യമായി പ്രഖ്യാപിച്ചതിെൻറ ദോഷവുമുണ്ടാകുമെന്ന് മുസ്ലിം ലീഗിലെ ഒരു വിഭാഗം പറയുന്നു. എല്ലാ തെരഞ്ഞെടുപ്പിലും എസ്.ഡി.പി.െഎ വോട്ട് യു.ഡി.എഫിന് ലഭിച്ചുപോരുന്നു. വിജയം ഉറപ്പിക്കുന്നതിലേക്ക് പുതിയ ഘടകങ്ങൾ ചേർക്കാൻ യു.ഡി.എഫിനു കഴിഞ്ഞിട്ടില്ല എന്ന് ലീഗിൽ ഒരു വിഭാഗം പറയുന്നു. എൻമകജെ ഉൾെപ്പടെയുള്ള കേന്ദ്രങ്ങളിൽ കോൺഗ്രസ് വോട്ടിൽ ചോർച്ചയുണ്ടായതായി സംശയമുണ്ട്.
സി.പി.എം സ്ഥാനാർഥിയായി പ്രഖ്യപിച്ചശേഷം മാറ്റി നിർത്തിയ കെ.ആർ. ജയാനന്ദ പോളിങ്ങിൽ ഒരു ഘടകമായിട്ടുണ്ട് എന്ന് സി.പി.എമ്മിനു സംശയമുണ്ട്. ജയാനന്ദയുടെ പ്രവർത്തന മേഖലയിൽ വോട്ടുകുറഞ്ഞാൽ അദ്ദേഹത്തിനെതിരെ നടപടിയുണ്ടായേക്കും. ജയാനന്ദയെ മാറ്റിനിർത്തിയ രോഷം ബി.ജെ.പിക്ക് ഗുണമായി എന്നാണ് വിലയിരുത്തൽ. ഭൂരിപക്ഷം കുറയാമെങ്കിലും വിജയം ഉറപ്പെന്നാണ് യു.ഡി.എഫിെൻറയും ലീഗിെൻറയും വിലയിരുത്തൽ.
മഞ്ചേശ്വരത്ത് ഉയർന്ന പോളിങ്
കാസർകോട്: മുസ്ലിം ലീഗ് ബി.ജെ.പിയുമായി നേരിട്ട് ഏറ്റുമുട്ടുന്ന മഞ്ചേശ്വരത്ത് 1987നുശേഷം ഏറ്റവും ഉയർന്ന പോളിങ്. ജില്ലയിലെ അഞ്ച് നിയമസഭ മണ്ഡലങ്ങളില്‍ മഞ്ചേശ്വരത്താണ് ഏറ്റവും ഉയര്‍ന്ന പോളിങ് -76.88 ശതമാനം. 2016ൽ 76.19 ശതമാനമായിരുന്നു.
1987ൽ 77.76 ശതമാനം പേരാണ് ഇവിടെ വോട്ടു രേഖപ്പെടുത്തിയത്. മുസ്ലിം ലീഗിലെ ചെർക്കളം അബ്ദുല്ലയായിരുന്നു അന്ന് ജയിച്ചത്. അന്നുമുതലാണ് മഞ്ചേശ്വരത്ത് ബി.ജെ.പി രണ്ടാം സ്ഥാനത്തെത്താൻ തുടങ്ങിയത്. പിന്നീട് പോളിങ് ശതമാനം മാറിമറിഞ്ഞെങ്കിലും 2006വരെ ചെർക്കളത്തിെൻറ തേരോട്ടം തുടർന്നു. എന്നാൽ 2006ൽ ചെർക്കളം അബ്ദുല്ലയെ അട്ടിമറിച്ച്, ഇത്തവണ ഉദുമ മണ്ഡലം സ്ഥാനാർഥിയായ സി.പി.എമ്മിലെ സി.എച്ച്. കുഞ്ഞമ്പു ജേതാവായപ്പോൾ 71.71 ശതമാനം പേരാണ് വോട്ട് രേഖപ്പെടുത്തിയത്. 2011ലും 2016ലും പി.ബി. അബ്ദുറസാഖിലൂടെ മുസ്ലിം ലീഗ് മണ്ഡലം തിരിച്ചുപിടിച്ചപ്പോൾ യഥാക്രമം 75.21, 76.19 എന്നിങ്ങനെയാണ് പോളിങ്. ഇത്തവണ വർധിച്ച ശതമാനം ആർക്ക് ഗുണകരമാകുമെന്ന കണക്കുകൂട്ടലിലാണ് മൂന്നു മുന്നണികളും.
ജില്ലയിലെ മറ്റു മണ്ഡലങ്ങളിൽ വോട്ടിങ് ശതമാനം കുറഞ്ഞു. കാസര്‍കോട് -70.87 (2016ൽ 76.38), ഉദുമ -75.53 (80.16), കാഞ്ഞങ്ങാട് -74.53 (78.5), തൃക്കരിപ്പൂര്‍ -76.77 (81.48) എന്നിങ്ങനെയാണ് പോളിങ്. പുരുഷ വോട്ടര്‍മാരില്‍ 73 ശതമാനം പേര് (3,77,356 പേര്) വോട്ടു രേഖപ്പെടുത്തി. സ്ത്രീ വോട്ടര്‍മാരില്‍ 76.73 ശതമാനവും (4,15,479 പേര്) വോട്ട് രേഖപ്പെടുത്തി. ആകെയുള്ള ആറ് ട്രാന്‍സ്ജെന്‍ഡര്‍ വോട്ടർമാരില്‍ രണ്ടുപേരും വോട്ടു രേഖപ്പെടുത്തി.