മഞ്ചേശ്വരത്ത് യു.ഡി.എഫിനു തുണയായത് ന്യൂനപക്ഷ- മതനിരപേക്ഷ ശക്തികളുടെ കേന്ദ്രീകരണം
text_fieldsകാസർകോട്: മഞ്ചേശ്വരത്ത് യു.ഡി.എഫിനു തുണയായത് ന്യൂനപക്ഷ മതനിരപേക്ഷ ശക്തികളുടെ കേന്ദ്രീകരണം. അവസാന നിമിഷം വരെ വിജയം ഉറപ്പിച്ച ബി.ജെ.പിക്ക് ഇത്തവണയും അടിതെറ്റി. കോന്നിയിൽ മത്സിക്കാനുറച്ച്, 'പോരായ്മകൾ' നിറഞ്ഞ മഞ്ചേശ്വരം ഇടതു വലതു സ്ഥാനാർഥികളുടെ ഇടയിലേക്ക് പറന്നിറങ്ങിയ കെ. സുരേന്ദ്രന് ഹാട്രിക്കിൽ പരാജയം.
മഞ്ചേശ്വരത്തിന് അതിെൻറ തെരഞ്ഞെടുപ്പ് ചരിത്രത്തിൽ ആദ്യമായി കിട്ടി സ്വന്തം സ്ഥാനാർഥിയെ. തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചതുമുതൽ വർഗീയതയും പ്രാദേശികവാദവുമായിരുന്നു മഞ്ചേശ്വരത്തെ പ്രചാരണ വിഷയം. പ്രദേശിക വാദം ഉന്നയിച്ചത് യു.ഡി.എഫ്. എൽ.ഡി.എഫ് മുസ്ലിംവിരുദ്ധതയും ബി.ജെ.പി ഹിന്ദു വർഗീയതയും അതി വിദഗ്ധമായി ആയുധമാക്കിയപ്പോൾ ലീഗ് സ്ഥാനാർഥി ആദ്യഘട്ടത്തിൽ പതറിപ്പോയിരുന്നു. പ്രചാരണം രണ്ടാം ഘട്ടത്തിൽ യു.ഡി.എഫ് സ്ഥാനാർഥിയുടെ തോൽവി പോലും പ്രവചിച്ചു. ലീഗിനകത്ത് തന്നെയുള്ള പ്രശ്നങ്ങൾ, വിവിധ വിഭാഗങ്ങൾ തമ്മിലുള്ള പ്രശ്നങ്ങൾ തീർക്കാൻ പോലും പറ്റാതായി. പ്രചാരണത്തിനു പണം പോലും പ്രശ്നമായ ഘട്ടത്തിലെത്തി.
അവസാന ഘട്ടത്തിലേക്ക് കടന്നപ്പോൾ യു.ഡി.എഫ് ജയിച്ചില്ലെങ്കിൽ ബി.ജെ.പി ജയിക്കാൻ പോകുന്നുവെന്ന തന്ത്രപ്രധാനമായ അജണ്ടയിൽ യു.ഡി.എഫ് കളിച്ചു. ഇൗ കളി ഏറ്റു. ഒരു ഫ്ലക്സ് പോലും ഉയർത്താതെ സംഘപരിവാറുകാെര അണിനിരത്തി വീടുകൾ വീതിച്ചു നൽകി നിരന്തരം കയറിയിറങ്ങിയായിരുന്നു ബി.ജെ.പി പ്രചാരണം.