വിധിയെഴുത്ത് തികച്ചും രാഷ്ട്രീയം
text_fieldsമാവേലിക്കര: പുറത്തുകാണാത്ത അടിയൊഴുക്കുകൾ ഉണ്ടായെങ്കിലും നേർക്കുനേർ രാഷ്ട്രീയ പോരാട്ടമാണ് മാവേലിക്കരയിൽ കാണാൻ കഴിഞ്ഞത്.
കേരളപ്പിറവിക്കുശേഷം 1957ലെ ആദ്യ നിയമസഭ തെരഞ്ഞെടുപ്പ് മുതൽ ഇടതിനും വലതിനും അവസരംകൊടുത്ത മണ്ഡലമാണ് മാവേലിക്കര. 2011 മുതൽ പട്ടികജാതി സംവരണമണ്ഡലമാണിത്. അന്നുമുതൽ എൽ.ഡി.എഫിലെ ആർ. രാജേഷാണ് വിജയം നേടിയത്.
സി.പി.എമ്മിലെ എം.എസ്. അരുൺകുമാറും കോൺഗ്രസിലെ കെ.കെ. ഷാജുവും സി.പി.എമ്മിൽനിന്ന് ബി.ജെ.പിയിലെത്തിയ കെ. സഞ്ജുവുമാണ് ഇവിടെ നേർക്കുനേർ ഏറ്റുമുട്ടിയത്. പരിചയസമ്പത്തുമായി കെ.കെ. ഷാജുവും, കന്നിയങ്കവുമായി യുവത്വത്തിെൻറ ചുറുചുറുക്കോടെ അരുൺകുമാറും സഞ്ജുവും കളം നിറഞ്ഞുനിന്നിരുന്നു.
രാഷ്ട്രീയ സമവാക്യങ്ങൾക്കപ്പുറം സാമുദായിക ഘടകങ്ങളും തെരഞ്ഞെടുപ്പിൽ ഉയർന്നു വന്നിരുന്നു. എന്നാൽ, ഇത്തരം ഘടകങ്ങൾ വോട്ടായി മാറിയില്ലെന്നാണ് സൂചന. എം.എസ്. അരുൺകുമാർ പട്ടികജാതി ഭൂരിപക്ഷ സമുദായത്തിൽനിന്നുള്ള സ്ഥാനാർഥിയല്ലെന്നുള്ള രഹസ്യപ്രചാരണം ചില കേന്ദ്രങ്ങളിൽ ഉയർത്തിക്കൊണ്ടു വന്നെങ്കിലും അതിനെ പ്രതിരോധിക്കാൻ എൽ.ഡി.എഫ് കേന്ദ്രങ്ങൾക്ക് കഴിഞ്ഞു.
ന്യൂനപക്ഷ വോട്ടുകൾ കേന്ദ്രീകരിച്ചതും സർക്കാർ അനുകൂല വോട്ടുകൾ നേടാൻ കഴിഞ്ഞതും എൽ.ഡി.എഫിന് വിജയ സാധ്യതയേറി. എൽ.ഡി.എഫ് സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട് നിലനിന്നിരുന്ന അസ്വാരസ്യങ്ങൾ മാറ്റി വെച്ച് അവസാനഘട്ടത്തിൽ ഒറ്റക്കെട്ടായാണ് സി.പി.എം പ്രവർത്തന രംഗത്തുണ്ടായിരുന്നത്.
ആർ. രാജേഷ് ഒഴിവായതോടെ സി.പി.എം ജില്ല സെക്രേട്ടറിയറ്റ് അംഗം കെ. രാഘവൻ സ്ഥാനാർഥിത്വത്തിലേക്ക് എത്തുമെന്ന് ഒരുവിഭാഗം ആഗ്രഹിച്ചിരുന്നു. എന്നാൽ, അരുൺകുമാർ സ്ഥാനാർഥിയായതോടെ പാർട്ടിക്കുള്ളിൽ ഇതുമായി ബന്ധപ്പെട്ട് അസ്വാരസ്യങ്ങൾ രൂപപ്പെട്ടിരുന്നു.
കെ. സഞ്ജുവിലൂടെ പ്രബല സമുദായത്തിെൻറ വോട്ടുകൾക്ക് പുറമെ എൽ.ഡി.എഫ് വോട്ടുകളും സമാഹരിക്കാൻ കഴിഞ്ഞാൽ ജയിക്കാൻ കഴിയുമെന്നാണ് എൻ.ഡി.എ കണക്കുകൂട്ടലുകൾ. എന്നാൽ, വർഷങ്ങളായി സംഘ്പരിവാർ സംഘടനകളിൽ പ്രവർത്തിക്കുന്നവരെ തഴഞ്ഞ് സി.പി.എമ്മിൽ വന്ന ആളെ സ്ഥാനാർഥിയാക്കിയതിൽ ഒരു വിഭാഗത്തിെൻറ കടുത്ത അമർഷം എൻ.ഡി.എ പക്ഷത്തുനിന്നും വോട്ട് ചോർച്ചക്ക് കാരണമായിട്ടുണ്ട്.
കടുത്ത സംഘ് പരിവാർ പ്രവർത്തകർ ഈ തീരുമാനത്തിൽ പ്രതിഷേധത്തിലായിരുന്നു. ഈ വോട്ടുകൾ കൂടി ലഭിച്ചാൽ ജയിക്കാൻ കഴിയുമെന്നാണ് യു.ഡി.എഫ് കണക്കുകൂട്ടൽ.
എന്നാൽ, മാവേലിക്കരയിലെ കോൺഗ്രസിലെ ഒരു വിഭാഗം നേതാക്കൾ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ സജീവമല്ലാതിരുന്നതും യു.ഡി.എഫിന് തിരിച്ചടിയായി. പത്തുവർഷം എം.എൽ.എയായിരുന്ന കെ.കെ. ഷാജുവിെൻറ വികസന പ്രവർത്തനങ്ങൾ വോട്ടായി നേടാൻ കഴിഞ്ഞെന്നാണ് യു.ഡി.എഫ് കേന്ദ്രങ്ങൾ. വിവാദങ്ങൾ സർക്കാറിനെതിരെയാകുമെന്നും ഇത് വോട്ടായി അനുകൂലമായി മാറിയെന്നുമാണ് യു.ഡി.എഫ് അവകാശവാദം.