മലയോരത്ത് പ്രചാരണം പൊടിപാറുന്നു
text_fieldsഎൽ.ഡി.എഫ് സ്ഥാനാർഥി ജി.ആർ. അനിലിന് അണ്ടൂർക്കോണം പഞ്ചായത്തിലെ കീഴാവൂരിൽ
സ്വീകരണം നൽകുന്നു
നെടുമങ്ങാട്: ജനവിധിക്ക് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ ഊണും ഉറക്കവുമില്ലാതെ പായുകയാണ് നെടുമങ്ങാട് മണ്ഡലത്തിലെ സ്ഥാനാർഥികൾ.
കഴിഞ്ഞതവണ പാലോട് രവിയെ തറപറ്റിച്ച് സി. ദിവാകരൻ പിടിച്ച മണ്ഡലം നിലനിർത്താൻ എൽ.ഡി.എഫും തിരിച്ചുപിടിക്കാൻ യു.ഡി.എഫും അട്ടിമറി സൃഷ്ടിക്കാൻ ബി.ജെ.പിയും കളത്തിലുള്ളപ്പോൾ മലയോര രാഷ്ട്രീയം പ്രവചനാതീതമാണ്. പരമാവധി വോട്ടർമാരെയും നേരിൽ കണ്ട് വോട്ടുറപ്പിക്കാനുള്ള ശ്രമത്തിലാണ് മൂന്ന് സ്ഥാനാർഥികളും.
പാട്ടുപാടി പ്രശാന്ത്
യു.ഡി.എഫ് സ്ഥാനാർഥി പി.എസ്. പ്രശാന്തിന് വെമ്പായം പഞ്ചായത്തിലെ വേറ്റിനാട്ട് സ്വീകരണം നൽകുന്നു
സ്വീകരണകേന്ദ്രങ്ങളിൽ നാട്ടുകാരോട് വോട്ടഭ്യർഥിച്ച് മടങ്ങാൻ ശ്രമിക്കുമ്പോഴും യു.ഡി.എഫ് സ്ഥാനാർഥി പി.എസ്. പ്രശാന്തിനെ അങ്ങനെയൊന്നും വിടാൻ വോട്ടർമാർ ഒരുക്കമല്ല. 'വോട്ടൊക്കെ തരാം, പക്ഷേ, സ്ഥാനാർഥി ഒരു പാട്ട് പാടണം'- അവരുെട ആവശ്യം. പൊരിവെയിലിലും തന്നെ കാത്തുനിന്ന സ്ത്രീകളും കുഞ്ഞുങ്ങളെയും നിരാശപ്പെടുത്താൻ പ്രശാന്ത് തയാറായില്ല. മൈെക്കടുത്ത് ഉഗ്രൻ നാടൻപാട്ട്. പാടിക്കഴിഞ്ഞതും വീണ്ടും അഭ്യർഥന. വീണ്ടും പൈലറ്റ് വാഹനത്തിൽനിന്ന് അനൗൺസ്മെൻറ് മുഴങ്ങി.
ഇടതുഭരണത്തിെൻറ അഴിമതിയും മണ്ഡലത്തിലെ വികസനമില്ലായ്മയും യു.ഡി.എഫ് പ്രകടനപത്രികയിലെ വാഗ്ദാനങ്ങൾ നിരത്തിയും പ്രവർത്തകരെ ആവേശം കൊള്ളിച്ച് പ്രാദേശിക നേതാക്കളുടെ പ്രസംഗത്തോടെയാണ് കത്തിക്കയറുന്ന ഒരോ സ്വീകരണകേന്ദ്രത്തിലേക്കും യു.ഡി.എഫ് സ്ഥാനാർഥിയുടെ വരവ്.
കാത്തുനിന്നവർ നൽകിയ സ്വീകരണത്തിനുശേഷം ചുരുങ്ങിയ വാക്കുകളിൽ വോട്ടഭ്യർഥന. തിങ്കളാഴ്ച രാവിലെ വെമ്പായം പഞ്ചായത്തിലെ തീപ്പുകൽ പള്ളിനടയിൽനിന്ന് മുൻ എം.എൽ.എ കെ. മോഹൻകുമാർ ഉദ്ഘാടനം ചെയ്ത പര്യടനം രാത്രിയോടെ കണക്കോട് സമാപിച്ചു.
ചൂടിലും വാടാതെ ജി.ആർ
നെടുമങ്ങാട് മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർഥി ജി.ആർ. അനിലിെൻറ കഴിഞ്ഞ ദിവസത്തെ സ്ഥാനാർഥി പര്യടനം മണ്ഡലത്തിലെ അണ്ടൂർക്കോണം പഞ്ചായത്തിലെ അണ്ടൂർക്കോണം ജങ്ഷനിൽനിന്നാണ് രാവിെല ആരംഭിച്ചത്.
ജില്ല പഞ്ചായത്ത് സ്ഥിരം സമിതി ചെയർമാൻ ജലീൽ ഉദ്ഘാടനം ചെയ്ത പര്യടനം ചേമ്പാലയും പറമ്പിപ്പാലവും തുടങ്ങി നിരവധി സ്വീകരണ സ്ഥലങ്ങൾ പിന്നിട്ട് കീഴാവൂരിലെത്തുേമ്പാൾ ചൂടിന് കാഠിന്യമേറിയിരുന്നു. പൊരിവെയിലിലും ആവേശത്തിന് കുറവൊന്നുമില്ലാതെ സ്ഥാനാർഥിയെ കാണാനും സ്വീകരണം നൽകാനും സ്ത്രീകളുൾപ്പെടെ കാത്തുനിൽപ്പുണ്ട്.
സ്ഥാനാർഥി ജി.ആർ. അനിൽ എത്തുന്നതിനുമുേമ്പ സ്വീകരണസ്ഥലങ്ങളിൽ ആളെക്കൂട്ടി ഉശിരൻ രാഷ്ട്രീയ പ്രസംഗങ്ങൾ തകർക്കുകയാണ്. സർക്കാറിെൻറ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞും മണ്ഡലത്തിൽ മുൻഗാമി ചെയ്ത വികസന പ്രവർത്തനങ്ങൾ നിരത്തിയും എൽ.ഡി.എഫിന് തുടർഭരണം ലഭിച്ചാൽ ഉണ്ടാകുന്ന നേട്ടങ്ങൾ വിശദീകരിച്ചും പ്രതിപക്ഷത്തെ കടന്നാക്രമിച്ചും നടത്തുന്ന പൈലറ്റ് പ്രസംഗങ്ങൾ അവസാനിക്കെ സ്ഥാനാർഥി ജി.ആർ. അനിൽ സ്ഥലത്തെത്തി.
മുദ്രാവാക്യങ്ങളുടെ അകമ്പടിയോടെ കരിക്കിൻകുലയും വാഴക്കുലയും രക്തഹാരങ്ങളും നൽകി സ്വീകരണം. സ്വീകരണങ്ങൾക്ക് നന്ദി രേഖപ്പെടുത്തി, തെരഞ്ഞെടുപ്പിെൻറ പ്രധാന്യവും മണ്ഡലത്തിലെ തുടർവികസനവും ഒാർമപ്പെടുത്തി വോട്ടഭ്യർഥിച്ചുള്ള ചെറുപ്രസംഗം തുടർന്ന് അടുത്ത സ്വീകരണ പോയിൻറിലേക്ക്.
വികസനത്തിന്റെ പുതിയ പാതക്ക്
ബൈക്ക് റാലികളുടെയും താളമേളങ്ങളുടേയും അകമ്പടിയോടെയാണ് എൻ.ഡി.എ സ്ഥാനാർഥി ജി.ആർ. പത്മകുമാറിെൻറ മണ്ഡലം പര്യടനം.
ഇന്നലെ നെടുമങ്ങാട് നഗരസഭ പ്രദേശങ്ങളിലായിരുന്നു പ്രചാരണം. താമരപ്പൂവ് നൽകിയും കിരീടം ചൂടിച്ചും ഷാൾ അണിയിച്ചും പ്രിയ നേതാവിനെ പ്രവർത്തകരും വോട്ടർമാരും വരവേറ്റു.
എൻ.ഡി.എ സ്ഥാനാർഥി ജെ.ആർ. പത്മകുമാറിന് നെടുമങ്ങാട് നഗരസഭയിലെ പൂവത്തൂരിൽ സ്വീകരണം നൽകുന്നു
രാവിലെ പൂവത്തൂർ കലുവരമ്പിൽ ബി.ജെ.പി സംസ്ഥാന വക്താവ് എം.എസ്. കുമാർ പര്യടനം ഉദ്ഘാടനം ചെയ്തു.
മണ്ഡലത്തിൽനിന്ന് മാറി മാറി വിജയിച്ചുപോകുന്ന ഇരുമുന്നണികളിലെയും പ്രതിനിധികൾ മണ്ഡലത്തെ അവഗണിക്കുകയാെണന്നും വികസനത്തിെൻറ പുത്തൻപാത വെട്ടിത്തുറക്കാൻ ഇത്തവണ എൻ.ഡി.എയെ വിജയിപ്പിക്കണമെന്നുമാണ് പത്മകുമാറിെൻറ ആവശ്യം.