സ്ഥാനാർഥികളാരും ഈ വഴി വന്നിട്ടില്ല...
text_fieldsനെടുങ്കയം ആദിവാസി കോളനിയിലെ കറുപ്പനും ചന്ദ്രനും പേരക്കുട്ടികൾക്കൊപ്പം
മലപ്പുറം: നിങ്ങളുടെ സ്ഥാനാർഥി ആരാണെന്നറിയോ? എം.എൽ.എ ആരാണ്? വെറ്റിലക്കറ പിടിച്ച പല്ലുകൾ പുറത്തുകാണിച്ച് വെളുക്കെ ചിരിച്ച് ചന്ദ്രെൻറ മറുപടി ഉടൻ വന്നു -ആര്യാടൻ ഷൗക്കത്തല്ലേ? നെടുങ്കയം ആദിവാസി കോളനിയിൽ താമസിക്കുന്ന ചന്ദ്രനും സഹോദരൻ വിജയനും ഭാര്യ വനജക്കുമൊന്നും നിലമ്പൂർ മണ്ഡലത്തിൽ മത്സരിക്കുന്നവർ ആരാണെന്നറിയില്ല.
നിലവിലെ എം.എൽ.എ ആരാണെന്നും ഓർമയില്ല. തെരഞ്ഞെടുപ്പ് ഏപ്രിൽ ആറിന് നടക്കുന്നുണ്ടെന്ന് എല്ലാവർക്കുമറിയാം. സ്ഥാനാർഥികൾ ആരും ഇതുവരെ പ്രചാരണത്തിെൻറ ഭാഗമായി പണിയ വിഭാഗം താമസിക്കുന്ന കോളനിയിലെത്തിയിട്ടില്ല. കോവിഡ് മൂലം പണിയൊന്നുമില്ലാതെയാണ് മിക്കവാറും എല്ലാവരും കഴിയുന്നത്.
ചിലർ വനംവകുപ്പിന് കീഴിലെ ജോലിക്ക് പോവുന്നുണ്ട്. അംഗൻവാടിയിൽ ഏതാനും കുട്ടികളുമായി മൂപ്പെൻറ ഭാര്യയുണ്ട്. തൊട്ടടുത്ത് ട്രൈബൽ സ്കൂൾ അടഞ്ഞുകിടക്കുന്നു.
നൈപുണ്യ വികസന കേന്ദ്രത്തിൽ ഏതാനും കുട്ടികൾ ക്ലാസുകൾ കേൾക്കുന്നുണ്ട്. കോളനിയിലെ പ്രായം ചെന്നവരിലൊരാളായ കറുപ്പന് ആര്യാടൻ മുഹമ്മദിനെ അറിയാം. അദ്ദേഹത്തിെൻറ വീട്ടിൽ പലതവണ പോയിട്ടുണ്ടെന്നും കറുപ്പൻ പറയുന്നു. ''അവർ ഈ വഴിക്ക് വന്നാലല്ലേ അറിയൂവെന്ന്'' കോളനിയിലെ വനജയുടെ കമൻറ്.