നേമത്ത് ജാതി പറഞ്ഞ് വോട്ട് പിടിക്കുന്ന നിലയിലേക്ക് സി.പി.എം തരം താഴ്ന്നു -കെ. മുരളീധരൻ
text_fieldsതിരുവനന്തപുരം: നേമത്ത് ജാതി പറഞ്ഞ് വോട്ട് പിടിക്കുന്ന നിലയിലേക്ക് സി.പി.എം തരം താഴ്ന്നിരിക്കുകയാണെന്ന് യു.ഡി.എഫ് സ്ഥാനാർഥി കെ. മുരളീധരൻ. തനിക്ക് ഹിന്ദു സമുദായത്തിന്‍റെ വോട്ട് കിട്ടില്ലെന്നും മുസ്ലിം വിഭാഗത്തിന്‍റെ വോട്ട് നഷ്ടപ്പെട്ടാൽ കുമ്മനം ജയിക്കുമെന്നുമൊക്കെ പറഞ്ഞ് ന്യൂനപക്ഷങ്ങളുടെ ഇടയിൽ സംശയങ്ങളുണ്ടാക്കാനാണ് സി.പി.എം ശ്രമം. അതിനെയൊക്കെ അതിജീവിച്ച് ന്യൂനപക്ഷത്തിന്‍റെയും ഭൂരിപക്ഷത്തിന്‍റെയും വോട്ട് യു.ഡി.എഫിന് ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സി.പി.എമ്മിനെയും ബി.ജെ.പിയേയും യു.ഡി.എഫ് ഒരേപോലെയാണ് കാണുന്നത്. തങ്ങൾ ഒന്നാം സ്ഥാനത്തിനായാണ് മത്സരിക്കുന്നത്. യു.ഡി.എഫിൽ നിന്ന് എങ്ങോട്ടും ഒഴുക്കുണ്ടാവില്ല. എന്നാൽ മറ്റുള്ളവരുടെ ഭാഗത്തു നിന്ന് യു.ഡി.എഫിലേക്ക് വല്ല ഒഴുക്കും ഉണ്ടോ എന്ന് തനിക്കിപ്പോൾ പറയാൻ പറ്റില്ലെന്നും മുരളീധരൻ പറഞ്ഞു.
കോൺഗ്രസ്-സി.പി.എം വോട്ടു കച്ചവടത്തിന് സാധ്യതയുണ്ടെന്ന കുമ്മനം രാജശേഖരന്‍റെ പ്രസ്താവനയെ കുറിച്ച് ചോദിച്ചപ്പോൾ തങ്ങൾ ഒരു കച്ചവടത്തിനും ഇല്ലെന്നും അവർ തമ്മിൽ കച്ചവടം നടത്താതിരുന്നാൽ മതിയെന്നും മുരളീധരൻ പറഞ്ഞു.