എന്തുകൊണ്ട് നമ്മൾ തോറ്റു; നേമം തോൽവി വിശദീകരിച്ച് കുമ്മനം
text_fieldsതിരുവനന്തപുരം: നേമത്തെ തോൽവിയോടെ ബി.ജെ.പിക്ക് കേരളത്തിൽ ആകെയുണ്ടായിരുന്ന അക്കൗണ്ടും പൂട്ടി. നിയമസഭ തെരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടിയാണ് പാർട്ടിക്കുണ്ടായത്. നേമം നിലനിർത്താമെന്ന പ്രതീക്ഷയിൽ മുൻ സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരനെ തന്നെയാണ് ബി.ജെ.പി കളത്തിലിറക്കിയതെങ്കിലും കുമ്മനത്തിനും അടിപതറി. എൽ.ഡി.എഫ് സ്ഥാനാർഥി വി. ശിവൻകുട്ടിയാണ് 3949 വോട്ടിന്‍റെ ഭൂരിപക്ഷത്തിന് ജയിച്ചത്. താൻ പരാജയപ്പെട്ടതിന്‍റെ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് കുമ്മനം രാജശേഖരൻ.
കോൺഗ്രസ് വോട്ട് കൂടുതൽ പിടിച്ചത് കൊണ്ടാണ് നേമത്തു ബി.ജെ.പി പരാജയപ്പെട്ടതെന്ന കോൺഗ്രസ് സ്ഥാനാർഥി കെ. മുരളീധരന്‍റെ പ്രസ്‌താവന വളരെ വിചിത്രമാണെന്ന് കുമ്മനം പറയുന്നു. എൽ.ഡി.എഫിനെ വിജയിപ്പിച്ചിട്ടാണെങ്കിലും ബി.ജെ.പിയെ പരാജയപെടുത്തണമെന്ന കോൺഗ്രസിന്‍റെ നിഷേധ രാഷ്ട്രീയമാണ് തോൽവിക്ക് കാരണമായി കുമ്മനം പറയുന്നത്. ന്യൂനപക്ഷ വിഭാഗത്തിലുള്ള കോൺഗ്രസിന്‍റെ വോട്ട് എൽ.ഡി.എഫിന് മറിച്ചു കൊടുത്തെന്ന് കുമ്മനം ഫേസ്ബുക് കുറിപ്പിൽ ആരോപിച്ചു.
കുമ്മനം രാജശേഖരന്‍റെ കുറിപ്പ് വായിക്കാം....
കെ. മുരളീധരൻറെ പ്രസ്‌താവന വിചിത്രം. കോൺഗ്രസ് വോട്ട് കൂടുതൽ പിടിച്ചത് കൊണ്ടാണ് നേമത്തു ബി.ജെ.പി പരാജയപ്പെട്ടതെന്ന കോൺഗ്രസ് സ്ഥാനാർത്ഥി കെ.മുരളീധരൻറെ പ്രസ്‌താവന വളരെ വിചിത്രമായിരിക്കുന്നു.
2019 -ലെ പാർലമെൻറ് തെരഞ്ഞെടുപ്പിൽ നേമത്തു കോൺഗ്രസിന് ലഭിച്ച 46,472 വോട്ട് (32.8%) ഈ അസംബ്ലി തെരഞ്ഞെടുപ്പിൽ 36,524 (25%) ആയി കുറഞ്ഞത് എങ്ങനെയെന്ന് മുരളീധരൻ വ്യക്തമാക്കണം.
2021 -ൽ കോൺഗ്രസ് വോട്ട് എൽ.ഡി.എഫിനു പോയത് കൊണ്ടാണ് 33,921 (24%) വോട്ടിൽ നിന്നും 55,837(38.2%) ആയി എൽ.ഡി.എഫിനു ഉയർത്താൻ കഴിഞ്ഞത്.
നേമത്തു ആര് ജയിക്കണമെന്നല്ല ആര് തോൽക്കണമെന്ന കാര്യത്തിൽ എൽ.ഡി.എഫിനും കോൺഗ്രസിനും വ്യക്തമായ ധാരണയുണ്ടായിരുന്നു. അതനുസരിച്ച് ന്യൂനപക്ഷ വിഭാഗത്തിലുള്ള കോൺഗ്രസിൻറെ വോട്ട് എൽ.ഡി.എഫിന് മറിച്ചു കൊടുത്താണ് കോൺഗ്രസ് ബി.ജെ.പിയെ തോൽപിച്ചത്.
തങ്ങൾ തോറ്റാലും വേണ്ടില്ല എൽ.ഡി.എഫിനെ വിജയിപ്പിച്ചിട്ടാണെങ്കിലും ബി.ജെ.പിയെ പരാജയപെടുത്തണമെന്ന കോൺഗ്രസിൻറെ നിഷേധ രാഷ്ട്രീയം അവരുടെ തന്നെ വിനാശത്തിനിടയാക്കി. നേമത്തു ബി.ജെ.പി പരാജയപ്പെട്ടത് കോൺഗ്രസ് കൂടുതൽ വോട്ട് പിടിച്ചത് കൊണ്ടാണെന്ന മുരളീധരൻറെ അവകാശവാദം ശരിയാണെങ്കിൽ സി.പി.എം വിജയിച്ചതിൻറെ ഉത്തരവാദിത്വം കൂടി അദ്ദേഹം ഏറ്റെടുക്കണം.
കേരളത്തിലുടനീളം ബി.ജെ.പിയെ തോൽപിക്കാൻ പരസ്പര ധാരണയും ആസൂത്രണവും എൽ.ഡി.എഫും, യു.ഡി.എഫും തമ്മിലുണ്ടായിരുന്നുവെന്നു മുരളീധരൻറെ വെളിപ്പെടുത്തൽ വ്യക്തമാക്കുന്നു.