ആവേശം കോരിച്ചൊരിഞ്ഞ് നെന്മാറ-വല്ലങ്ങി വേല
text_fieldsെനന്മാറ വല്ലങ്ങി വേലയോടനുബന്ധിച്ച് െനന്മാറ ദേശത്തിെൻറ എഴുന്നള്ളത്ത്
നെന്മാറ: ആണ്ടിലൊരിക്കൽ ആമോദത്തിലാറാടിക്കാനെത്തുന്ന കേൾവികേട്ട നെന്മാറ - വല്ലങ്ങി വേല വീണ്ടുമെത്തി. കോവിഡ് ഭീതിയിൽ കഴിഞ്ഞ വർഷം ആഘോഷിക്കപ്പെടാത്തതിെൻറ കുറവ് തീർത്തുകൊണ്ടായിരുന്നു ഇത്തവണ വേലയുടെ വരവ്. മുൻകരുതലുകളുടെയും നിയന്ത്രണങ്ങളുടെയും ഭാഗമായി ഇത്തവണ ആനപ്പന്തലും വളരെയേറെ ആനകളും ഉണ്ടായില്ല.
ഇരു ദേശങ്ങളും അഞ്ചാനകളെ വീതം അണിനിരത്തിയിരുന്നു. നെന്മാറ ദേശത്തിെൻറ എഴുന്നള്ളത്ത് രാവിലെ പൂജാദി കാര്യ ചടങ്ങുകളോടെ മന്ദത്ത് നിന്ന് ആരംഭിച്ചു. ഗജവീരൻ കുട്ടൻകുളങ്ങര അർജുനൻ തിടമ്പേറ്റി. വാദ്യത്തിന് പ്രമുഖരായ കുനിശേരി ചന്ദ്രൻ, കലാമണ്ഡലം ശിവദാസ്, ഉദയൻ നമ്പൂതിരി, കലാനിലയം തുടങ്ങിയവർ നെന്മാറ ദേശത്തെ പ്രതിനിധാനം ചെയ്തു.
വല്ലങ്ങി ദേശത്തെ ചടങ്ങുകൾക്ക് രാവിലെ വല്ലങ്ങി ശിവക്ഷേത്രത്തു നിന്നാണ് ആരംഭം. പുതുപ്പള്ളി കേശവൻ തിടമ്പേറ്റി. വാദ്യമേളത്തിന് തൃപ്പാളൂർ ശിവൻ, വൈക്കം ചന്ദ്രൻ തിരുവില്വാമല ഹരി എന്നിവർ നേതൃത്വം നൽകി. ഇരുദേശം എഴുന്നള്ളിപ്പുകളും ടൗൺ ചുറ്റി വൈകീട്ട് ക്ഷേത്ര മുറ്റത്തിനടുത്ത് നിരന്ന് കാവുകയറ്റം ആരംഭിച്ചു. ഇതോടെ പകൽവേല പ്രതീക്ഷിച്ച് വല്ലങ്ങി പാടത്തെത്തിയ ജനാവലി ആവേശത്തിലാറാടി.
തട്ടകമായ നെല്ലിക്കുളങ്ങര കാവ് കയറി പ്രദക്ഷിണം െവച്ച് തിരിച്ചിറങ്ങുമ്പോൾ കുടമാറ്റവും ദൃശ്യമായി. തുടർന്ന് വല്ലങ്ങി, നെന്മാറ ദേശങ്ങളുടെ വെടിക്കെട്ടിന് തുടക്കമായി. കാണികളെ നിരാശരാക്കാത്ത വെടിക്കെട്ടുതന്നെയായിരുന്നു ഈ വർഷവും. വെടിക്കെട്ട് അവസാനിച്ചതോടെ എഴുന്നള്ളിപ്പുകളും അതത് ദേശങ്ങളിലേക്ക് മടങ്ങി. ഇതോടെ പകൽവേലക്ക് പരിസമാപ്തിയായി.