നെന്മാറയിൽ മുന്നണികൾ തമ്മിൽ ബലാബലം
text_fieldsനെന്മാറ: പതിറ്റാണ്ടുകളായി മുന്നണികൾ മാറി ഭരിച്ച പാരമ്പര്യമാണ് നെന്മാറ ഗ്രാമപഞ്ചായത്തിന്. നിലവിൽ യു.ഡി.എഫിനാണ് ഭരണമെങ്കിലും എൽ.ഡി.എഫിനും അതേ അംഗസംഖ്യ തന്നെയാണ്. ഒമ്പതുവീതം അംഗങ്ങൾ. രണ്ടു ബി.ജെ.പി അംഗങ്ങളുമുണ്ട്. പ്രസിഡൻറ് നറുക്കെടുപ്പിൽ ഭാഗ്യം യു.ഡി.എഫിനെ തുണച്ചതോടെ ഭരണവും അവർക്കു തന്നെയായി. കോൺഗ്രസിലെ പ്രബിതജയൻ പ്രസിഡൻറായി.
എന്നാൽ, വൈസ് പ്രസിഡൻറ് സ്ഥാനത്തേക്ക് നടന്ന തെരഞ്ഞെടുപ്പിൽ യു.ഡി.എഫിലെ പടലപ്പിണക്കങ്ങൾ അസാധു വോട്ടിന്റെ രൂപത്തിലെത്തി. എൽ.ഡി.എഫ് നേടുകയും ചെയ്തു. സി.പി.എം അംഗം കെ. പ്രകാശൻ വൈസ് പ്രസിഡൻറായി. ബി.ജെ.പി അംഗങ്ങൾ വോട്ടിൽ നിന്നൊഴിഞ്ഞു നിന്നു. ഇത്തവണ രണ്ട് വാർഡുകൾ വർധിച്ച് 22 വാർഡുകളാണ് പഞ്ചായത്തിലുള്ളത്.
ഭരണം നിലനിർത്താൻ കഴിയുമെന്ന് യു.ഡി.എഫ് ആത്മവിശ്വാസം പുലർത്തുമ്പോഴും വികസനമുരടിപ്പ് മുൻ നിർത്തി ഭരണം പിടിക്കാനാവുമെന്നു തന്നെയാണ് എൽ.ഡി.എഫ് പറയുന്നത്. 2015ൽ എൽ.ഡി.എഫ് അധികാരത്തിലെത്തിയത് രണ്ടു വാർഡുകൾ അധികം നേടിയാണ്. എൽ.ഡി.എഫിന് 11ഉം യു.ഡി.എഫിന് ഒമ്പതായിരുന്നു അന്ന് കക്ഷിനില. അന്ന് എൽ.ഡി.എഫിലെ ഘടകകക്ഷി സി.പി.ഐക്ക് വൈസ് പ്രസിഡൻറ് സ്ഥാനം ലഭിച്ചു.
ഒരുവർഷം മുമ്പ് മുൻ സി.പി.ഐ ഏരിയ സെക്രട്ടറിയായിരുന്ന എം.ആർ. നാരായണൻ കോൺഗ്രസിൽ ചേർന്നത് യു.ഡി.എഫിന് ഗുണമാകുമെന്ന കണക്കുകൂട്ടലിലാണ് യു.ഡി.എഫ്. യു.ഡി.എഫിൽ എല്ലാ സീറ്റിലും കോൺഗ്രസാണ് മത്സരിക്കാറ്. എൽ.ഡി.എഫിൽ മൂന്ന് സീറ്റ് സി.പി.ഐയും ബാക്കി സീറ്റ് സി.പി.എമ്മാണ് പകിട്ടെടുക്കുന്നത്. എൻ.ഡി.എയിൽ ബി.ജെ.പിയും ഘടകകക്ഷികളും സീറ്റ് പങ്കിടുന്നു.


