പതിവ് തെറ്റിച്ചില്ല; ചാത്തനും കരിയനും ചെല്ലനുമെത്തി
text_fieldsനെടുങ്കയം മാഞ്ചീരി പൂച്ചപ്പാറ കോളനിയിലെ ചോലനായ്ക്കർ വിഭാഗത്തിൽപ്പെട്ട കരിയനും കൂട്ടരും വോട്ട് രേഖപ്പെടുത്തി പുറത്തുവന്നപ്പോൾ
കരുളായി: സ്ഥാനാർഥിയും ചിഹ്നവും ഒന്നുമറിയില്ലെങ്കിലും കുപ്പമല ചാത്തനും പൂച്ചപ്പാറ ചെല്ലനും മാഞ്ചീരി കരിയനും ഇത്തവണയും വോട്ട് ചെയ്യാൻ കാടിറങ്ങി.
ആര് ഭരിച്ചാലും ജയിച്ചാലും ഇവരൊന്നും വോട്ട് മുടക്കാറില്ല. കരുളായി ഉൾവനത്തിൽ താമസിക്കുന്ന ചോലനായ്ക്ക വിഭാഗത്തിൽപ്പെട്ടവരാണിവർ. കരുളായി 170 ാം നമ്പർ ബൂത്തായ നെടുങ്കയം അമിനിറ്റി സെൻററിലാണ് ഉച്ചക്ക് 12 ഓടെ ഇവർ വോട്ട് ചെയ്യാനെത്തിയത്.
നെടുങ്കയത്ത് നിന്ന് 18 കിലോമീറ്റർ ദൂരെ ഉൾവനത്തിലായതിനാൽ സ്ഥാനാർഥികളൊന്നും നേരിട്ടെത്തി വോട്ട് ചോദിക്കാറില്ലെങ്കിലും രാഷ്ട്രീയ പാർട്ടി പ്രതിനിധികളാണ് ഇവരെ കാണാനെത്തുന്നത്.
തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ വനത്തിനകത്ത് താമസിക്കുന്നവർക്ക് വോട്ടിങ് യന്ത്രം പരിചയപ്പെടുത്തിയിരുന്നു. ജീപ്പ് മാർഗം നെടുങ്കയത്തെത്തിയ ആദിവാസികളെ തെർമോമീറ്റർ പരിശോധനയും സാനിറ്റൈസറും നൽകിയാണ് വോട്ട് ചെയ്യാൻ കടത്തിവിട്ടത്. മഷി പുരട്ടിയ കൈയും തിരിച്ചറിയൽ കാർഡും ഉയർത്തിപ്പിടിച്ച് ഫോട്ടോകൾക്ക് പോസ് ചെയ്തായിരുന്നു മടക്കം.