ആരോപണ-പ്രത്യാരോപണങ്ങളുമായി കാപ്പനും ജോസും
text_fieldsകോട്ടയം: ജയസാധ്യത വിലയിരുത്തി പാർട്ടികളും മുന്നണികളും കൂട്ടലും കിഴിക്കലും തുടരുന്നതിനിടെ പാലാ നിയമസഭ മണ്ഡലത്തിൽ ആരോപണ-പ്രത്യാരോപണങ്ങളുമായി സ്ഥാനാർഥികളായ ജോസ് കെ. മാണിയും മാണി സി. കാപ്പനും.
ജോസിനെതിരെ ആരോപണങ്ങളുമായി ആദ്യം രംഗത്തുവന്നത് കാപ്പനായിരുന്നു. ശക്തമായ വിമർശനവുമായി ജോസും തിരിച്ചടിച്ചു.
കേരള കോൺഗ്രസിനും ജോസ് കെ. മാണിക്കും എതിരായ വികാരം തെരഞ്ഞെടുപ്പിൽ മണ്ഡലത്തിലെ പ്രധാന ചർച്ചവിഷയമായിരുന്നെന്നും അദ്ദേഹത്തെ പരാജയപ്പെടുത്തണമെന്ന ആഗ്രഹം പലരും പറഞ്ഞിരുന്നതായും കാപ്പൻ തുറന്നടിച്ചു. തനിക്കെതിരായ വിഷയമല്ല, ഗൗരവമായ രാഷ്ട്രീയമാണ് പാലാക്കാർ തെരെഞ്ഞടുപ്പിൽ ചർച്ച ചെയ്തതെന്നായിരുന്നു ജോസിെൻറ മറുപടി.
മാണി സി. കാപ്പൻ
ജോസ് െക. മാണിക്കെതിരായ വികാരമാണ് പാലായിൽ ചർച്ചയായത്. അത് സമീപ മണ്ഡലങ്ങളിൽ ഇടതുമുന്നണിക്ക് ദോഷംചെയ്യും. ജോസിനെ തോൽപിക്കണമെന്ന് പലരും തന്നോട് പറഞ്ഞു. ജോസിനെതിരായ വികാരം തനിക്ക് വോട്ടായി മാറി. അതിനാൽ 15,000 വോട്ടിെൻറ ഭൂരിപക്ഷത്തിന് വിജയിക്കും.
തെരഞ്ഞെടുപ്പിൽ സഭ നിഷ്പക്ഷമായിരുന്നു. അതും തനിക്ക് ഗുണംചെയ്യും. മനഃസാക്ഷിയുള്ള സി.പി.എം അംഗങ്ങൾ പോലും തനിക്ക് വോട്ട് ചെയ്തിട്ടുണ്ടാകും. പാലാ നഗരസഭക്ക് പുറമെ തലപ്പലം, മേലുകാവ് പഞ്ചായത്തുകളിൽ വൻ ഭൂരിപക്ഷം ലഭിക്കും. വോട്ടിനായി ജോസും കൂട്ടരും പലതും ചെയ്തു. എലത്തൂരിൽ ശക്തമായ മത്സരമായിരുന്നു.
ജോസ് കെ. മാണി
മത്സരിച്ച 12 സീറ്റിലും കേരള കോൺഗ്രസ് വിജയിക്കും. പാലായിൽ തെൻറ വിജയം ഉറപ്പാണ്. എന്നാൽ, ഭൂരിപക്ഷം പറയുന്നില്ല. പാലാക്കാരെ സ്വാധീനിക്കാൻ ആർക്കും കഴിയില്ല. മറിച്ചുള്ള ആരോപണങ്ങളെല്ലാം അടിസ്ഥാനരഹിതമാണ്. ഇടതുമുന്നണിക്ക് തുടർഭരണം ഉറപ്പാണ്.
ഇടതുമുന്നണി സംസ്ഥാനത്ത് ഒറ്റക്കെട്ടായാണ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. പാലായിലും കോട്ടയം ജില്ലയിലും ഒറ്റെക്കട്ടായിരുന്നു. എന്നാൽ, യു.ഡി.എഫ് അങ്ങനെയായിരുന്നില്ല. ഇനി അഞ്ചുവർഷം യു.ഡി.എഫും കാപ്പനും എന്തുചെയ്യുമെന്ന് പറഞ്ഞില്ല. പറയാൻ മറ്റൊന്നും ഇല്ലാത്തതിനാലാണ് ആരോപണങ്ങൾ ഉന്നയിക്കുന്നത്. കേരള കോൺഗ്രസ് വോട്ടുകൾ ഒന്നും ചോരില്ല. തദ്ദേശ തെരഞ്ഞെടുപ്പിൽ ഇത് കണ്ടതാണ്.
പോളിങ് ശതമാനം കുറഞ്ഞെന്ന് കരുതുന്നില്ല. ഇടതുമുന്നണി നല്ല ആവേശത്തിലാണ്. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതുമുതൽ എതിരാളികൾ തനിക്കെതിരെ നിരന്തരം ആരോപണം ഉന്നയിക്കുകയായിരുന്നു. ഇത് വ്യക്തിഹത്യയാണ്. വോട്ടിനായി താൻ പലതും ചെയ്തെന്ന് പറയുന്നു. അതിെൻറ ആവശ്യം തങ്ങൾക്കില്ല.