പിടികൊടുക്കാതെ പാലാ
text_fieldsകോട്ടയം: പ്രധാന സ്ഥാനാർഥികളിൽ മാത്രമല്ല, ആരു ജയിക്കുമെന്ന ആശങ്ക വോട്ടുചെയ്ത 1.34 ലക്ഷത്തിലേറെ വോട്ടർമാരിലും ഉയർത്തിെക്കാണ്ടാണ് പാലാ മണ്ഡലത്തിലെ പോളിങ് അവസാനിച്ചത്. ഏതാണ്ട് ഒരേ മുഖഭാവവുമായാണ് മിക്കവാറും വോട്ടർമാരും ബൂത്തിലെത്തിയത്. മുഖത്തുനോക്കി ഉള്ളിലിരിപ്പ് പിടിച്ചെടുക്കുന്നതിൽ മിടുക്കരായ ബൂത്ത് ഏജൻറുമാർക്കുപോലും കാര്യങ്ങൾ മനസ്സിലാക്കാനായിട്ടില്ല. സംസ്ഥാനതലത്തിൽ ഉയർന്ന ഒരുകോളിളക്കവും ബാധിക്കാത്ത മണ്ഡലമായിരുന്നു പാലാ. ആരെയും നോവിക്കാതെ, ഒരു വോട്ടുപോലും പാഴാക്കാതെയിരിക്കാൻ മാണി സി. കാപ്പനും ജോസ് കെ. മാണിയും സദാ ശ്രദ്ധിച്ചിരുന്നു. തീപാറും പോരാട്ടത്തിൽ വോട്ടിങ് ശതമാനം 2019ലെ 70.97ൽനിന്ന് 72.51 ആയി വർധിച്ചു. 2016ൽ 77.61 ശതമാനമായിരുന്നു പോളിങ്. രാവിലെ ശാന്തമായി മുന്നേറിയ പോളിങ് ഉച്ചയോടെ കനത്തു. രണ്ടരയോടെ ഉണ്ടായ കനത്ത മഴ വോട്ടിങ്ങിനെ ബാധിച്ചു. വെളിച്ചക്കുറവ് തെരഞ്ഞെടുപ്പ് നടപടി തടസ്സപ്പെടുത്തി. കൊഴുവനാല്‍, പാലാ സെൻറ് തോമസ് ഹൈസ്കൂള്‍ എന്നിവിടങ്ങളില്‍ ഏറെ നേരം പോളിങ് നിര്‍ത്തിവെച്ചു. പതിനയ്യായിരത്തിൽപരം വോട്ടിെൻറ ഭൂരിപക്ഷത്തിൽ ജയിക്കുമെന്നാണ് മാണി സി. കാപ്പെൻറ ആത്മവിശ്വാസം.
ജോസ് കെ. മാണിയെ മാത്രം ലക്ഷ്യമിട്ട് നടത്തിയ പ്രചാരണത്തിൽ ബി.ജെ.പി, സി.പി.എം പാർട്ടികളെ കുറ്റപ്പെടുത്താതിരിക്കാൻ കാപ്പൻ പക്ഷം തുടക്കത്തിൽതന്നെ ശ്രദ്ധിച്ചിരുന്നു. പ്രത്യക്ഷമല്ലെങ്കിലും സ്ഥാനാർഥികളെ ചൊല്ലി അസ്വാരസ്യമുണ്ടായ ഈ പാർട്ടികളിൽനിന്ന് ചോർന്നുകിട്ടാവുന്ന വോട്ടായിരുന്നു ലക്ഷ്യം. എസ്.എൻ.ഡി.പി, എൻ.എസ്.എസ് വോട്ടുകളിലെ ഭൂരിപക്ഷവും ലഭിച്ചിട്ടുണ്ടെന്നാണ് അവരുടെ അവകാശവാദം.
അതേസമയം, പാലായിൽ വൻ വിജയം നേടുമെന്ന കാര്യത്തിൽ ജോസ് കെ. മാണിക്ക് സംശയമില്ല. ഇടതുമുന്നണിക്ക് ചരിത്രവിജയം ലഭിക്കും. പക്ഷേ തനിക്ക് കിട്ടാൻ പോകുന്ന ഭൂരിപക്ഷത്തെക്കുറിച്ച് പ്രവചനം നടത്താൻ അദ്ദേഹം തയാറായില്ല. എൻ.എസ്.എസ് കൈവിടില്ലെന്നാണ് മാണി വിഭാഗത്തിെൻറ കണക്കുകൂട്ടൽ. കഴിഞ്ഞ തവണ മാണി സി. കാപ്പെൻറ വിജയത്തിൽ നിർണായകമായ മൂന്നിലവ്, തലനാട്, മേലുകാവ് തുടങ്ങിയ പഞ്ചായത്തുകളിൽ ഇക്കുറി തങ്ങൾക്ക് അനുകൂല സ്ഥിതിയാണെന്നും അവർ അവകാശപ്പെടുന്നു.