പാലായിൽ മഞ്ഞുരുക്കാൻ എ.കെ.ജി സെൻററിൽനിന്ന് സ്പെഷ്യൽ സ്ക്വാഡ്
text_fieldsകോട്ടയം: പാലാ നഗരസഭയിൽ സി.പി.എം, കേരള കോൺഗ്രസ് കൗൺസിലർമാർ തമ്മിൽ തല്ലിയ സാഹചര്യത്തിൽ അനുനയിപ്പിക്കാനും ജോസ് കെ മാണിയുടെ വിജയത്തിനായി പ്രവൃത്തിക്കാനും എ.കെ.ജി സെൻററിൽ നിന്നും സ്പെഷ്യൽ സ്ക്വാഡ് രംഗത്ത്. മണ്ഡലത്തിലെ മുഴുവൻ മേഖലയിലും തെരഞ്ഞെടുപ്പു പ്രവർത്തനങ്ങൾ വിലയിരുത്തി നടപടി സ്വീകരിക്കാനാണ് സ്ക്വാഡ് വന്നത്.
സി.പി.എം സംഘടനാ സംവിധാനം ജോസ് കെ. മാണിക്ക് വേണ്ടി പ്രവർത്തിക്കുന്നു എന്ന് ഉറപ്പു വരുത്തുന്നതിനാണിത്. തെരഞ്ഞെടുപ്പിന്‍റെ അവസാന നിമിഷം നേതാക്കൾ പരസ്യമായി ഏറ്റുമുട്ടുകയും കൈയാങ്കളിയിൽ ഏർപ്പെടുകയും ചെയ്തത് വൻ വിവാദമായിരുന്നു. സി.പി.എം കൗണ്‍സിലര്‍ അഡ്വ. ബിനു പുളിക്കക്കണ്ടവും കേരള കോണ്‍ഗ്രസ് എം കൗണ്‍സിലറും ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷനുമായ ബൈജു കൊല്ലംപറമ്പിലുമാണ് ഏറ്റുമുട്ടിയത്. ഇരുപാർട്ടികളിലെയും അണികൾ തമ്മിൽ താഴെ തട്ടിൽ നിലനിൽക്കുന്ന സ്വരച്ചേർച്ചയില്ലായ്മ പോളിങ്ങിൽ പ്രതിഫലിക്കുമെന്ന ഭീതി ഇടതുമുന്നണി നേതാക്കൾക്കുണ്ട്.
തദ്ദേശ തെരഞ്ഞെടുപ്പിലെപോലെ നിയമസഭ തെരഞ്ഞെടുപ്പിലും വിജയം നേടുകയെന്ന ലക്ഷ്യത്തിൽ ഇരുപാർട്ടിയും മുന്നോട്ടുപോകുന്നതിനിടെയാണ് നഗരസഭയിൽ തമ്മിൽത്തല്ലിയത്. തെരഞ്ഞെടുപ്പ് കഴിയുംവരെ ഇക്കാര്യത്തിൽ മൗനംപാലിക്കാനും ശേഷം ശക്തമായ നടപടിയിലേക്ക് നീങ്ങാനും സി.പി.എം തീരുമാനിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പിൽ ജോസ് കെ. മാണി ശക്തമായ മത്സരത്തെ നേരിടുെന്നന്ന് അറിഞ്ഞുകൊണ്ടുതന്നെ ചിലർ കരുനീക്കങ്ങൾ നടത്തുന്നുണ്ടെന്നും നേതാക്കൾ പറയുന്നു. ജോസ് കെ. മാണിക്കുവേണ്ടി ഇടതുമുന്നണി മണ്ഡലത്തിൽ സജീവമെല്ലന്ന് കേരള കോൺഗ്രസ് പ്രവർത്തകർ ആരോപിച്ചിരുന്നു.