
ഞാൻ ജയിക്കും, കേരളത്തിൽ ബി.ജെ.പി 40 സീറ്റ് നേടും, ചിലപ്പോൾ 75 വരെയാകാം- ഇ. ശ്രീധരൻ
text_fields
തിരുവനന്തപുരം: കേരളത്തിൽ ബി.ജെ.പി അധികാരമേറുകയോ ചുരുങ്ങിയ പക്ഷം കിങ്മേക്കറുടെ റോൾ ഏറ്റെടുക്കുകയോ ചെയ്യുമെന്ന പ്രതീക്ഷയിൽ പാർട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാർഥിയായ മെട്രോമാൻ ഇ. ശ്രീധരൻ. ''ഞാൻ തീർച്ചയായും വിജയിക്കും. ബി.ജെ.പി ഏറ്റവും ചുരുങ്ങിയത് 40 സീറ്റെങ്കിലും സ്വന്തമാക്കും. അത് 75 വരെെയത്താം''- ഇംഗ്ലീഷ് പത്രം ടെലഗ്രാഫിന് നൽകിയ അഭിമുഖത്തിൽ ഇ. ശ്രീധരന്‍റെ സ്വപ്നങ്ങൾക്ക് ആകാശത്തോളം ഉയരം.
''അധികാരം പിടിക്കാൻ ബി.ജെ.പിക്ക് ഇത്തവണ ലഭിച്ച മികച്ച അവസരമാണിത്. അതില്ലെങ്കിൽ കിങ്മേക്കറെങ്കിലും ആകും. കേരളം ആരു ഭരിക്കണമെന്ന് ബി.ജെ.പി തീരുമാനിക്കും. അത്രക്ക് വലിയതോതിലുള്ള കൂറുമാറ്റമാണ് ബി.ജെ.പിയിലേക്ക്. പാർട്ടി പ്രതിഛായ തീർത്തും വ്യത്യസ്തമാണിപ്പോൾ. ഞാൻ പാർട്ടിെക്കാപ്പം ചേർന്നതോടെ പ്രത്യേകിച്ചും. പ്രശസ്തിയും കഴിവും പെരുമയും മേളിച്ച എന്നെ പോലെ ഒരാളെ ലഭിച്ചതോടെ ആളുകൾ ബി.ജെ.പിയിൽ കൂട്ടമായി ചേരുകയാണ്''. ശ്രീധരൻ പറയുന്നു.
മുഖ്യമന്ത്രിയാകുമോ എന്ന ചോദ്യത്തിന് അത് പാർട്ടി തീരുമാനിക്കുമെന്നും അതുവേണമെന്ന് ആവശ്യപ്പെട്ടിട്ടില്ലെന്നും മെട്രോമാൻ പറയുന്നു. അവർക്ക് വേണമെങ്കിൽ ഏറ്റെടുക്കുമെന്നും കൂട്ടിേചർത്തു.
പാലക്കാട് മണ്ഡലത്തിൽനിന്നാണ് ഇ. ശ്രീധരൻ ഇത്തവണ ജനവിധി തേടുന്നത്. യുവത്വത്തിന്‍റെ തിളപ്പുമായി കഴിഞ്ഞ തവണ ജയംപിടിച്ച ശാഫി പറമ്പിലാണ് ഇത്തവണയും ഇവിടെ അങ്കത്തിനുള്ളത്. സി. പി. പ്രമോദാണ് സി.പി.എം സ്ഥാനാർഥി. 2016ൽ പാലക്കാട് ബി.ജെ.പി രണ്ടാം സ്ഥാനത്തെത്തിയിരുന്നു. 57,559 വോട്ടുമായി ഷാഫി പറമ്പിൽ വിജയം പിടിച്ചപ്പോൾ രണ്ടാമതെത്തിയ ശോഭ സുരേന്ദ്രൻ 40,076 വോട്ടും എൽ.ഡി.എഫ് പ്രതിനിധി എൻ.എൻ കൃഷ്ണദാസ് 38,675 വോട്ടുംനേടി.