ബി.ജെ.പിക്കാരനായല്ല എന്നെ സ്വീകരിക്കുന്നത്, അത് വളരെ നല്ല കാര്യമല്ലേ -ഇ. ശ്രീധരൻ
text_fieldsപാലക്കാട്: ബിജെപിക്കാരനായല്ല, മെട്രോമാൻ എന്ന നിലയിലാണ് ആളുകൾ തന്നെ സ്വീകരിക്കുന്നതെന്നും അത് വളരെ നല്ല കാര്യമല്ലേയെന്നും പാലക്കാട് മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാർഥി ഇ. ശ്രീധരൻ. തെരഞ്ഞെടുപ്പ് കഴിഞ്ഞാലും താൻ ബി.ജെ.പിയോടൊപ്പം തന്നെ ഉണ്ടാകുമെന്നും ക്യാപ്റ്റനാകണോ വേണ്ടേ എന്ന് ബി.ജെ.പി നേതൃത്വമാണ് തീരുമാനിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
നരേന്ദ്ര മോദി വരെ എന്നെ കുറിച്ചാണ് പറയുന്നത്. വലിയ ആദരവാണ് ജനങ്ങളില്‍ നിന്ന് ലഭിച്ചത്. ഞാൻ ബി.ജെ.പിയിലേക്ക് വന്ന ശേഷം ബി.ജെ.പിയുടെ മുഖച്ഛായ മാറി. കഴിഞ്ഞ തവണ ബി.ജെ.പിയുടെ വോട്ട് വിഹിതം 17 ശതമാനമായിരുന്നു. ഇത്തവണ 30 ശതമാനമാകുമെന്നാണ് പ്രതീക്ഷയെന്നും ഇ ശ്രീധരൻ മാധ്യമങ്ങളോട് പറഞ്ഞു.
'ആം ആദ്മി പാര്‍ട്ടി എങ്ങനെയാണ് ഡല്‍ഹി പിടിച്ചെടുത്തത്. അവര്‍ക്ക് അവിടെ വേരുകളൊന്നും ഉണ്ടായിരുന്നില്ല. കേരളത്തില്‍ ബിജെപിക്ക് അതിനേക്കാള്‍ വേരുകളുണ്ട്. ത്രിപുര ഒറ്റ രാത്രി കൊണ്ട് ബിജെപി എങ്ങനെയാണ് പിടിച്ചെടുത്തത്. അങ്ങനെയുള്ള സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇവിടേയുമുണ്ടാകും. ഞാനിവിടെ ജയിക്കുമെന്ന കാര്യത്തില്‍ ഒരു സംശയവുമില്ല. അതിനേ പറ്റി പറയണ്ട. സംസ്ഥാനത്ത് ബി.ജെ.പിക്ക് വലിയൊരു മുന്നേറ്റമുണ്ടാകും. ഇപ്പോള്‍ തന്നെ ബി.ജെ.പിക്ക് 17 ശതമാനത്തിലധികം വോട്ട് ഷെയറുണ്ട്. ഒരു പത്തോ പന്ത്രണ്ടോ ശതമാനം കൂടി ആയാല്‍ ഭരണം പിടിച്ചെടുക്കാമല്ലോ. നിഷ്പ്രയാസം ജയിക്കും, മൂഡ് കണ്ടിട്ട്, ആളുകളുടെ സമീപനം കണ്ടിട്ട് അതാണ് മനസിലാകുന്നത്' എന്ന് കഴിഞ്ഞ ദിവസം ശ്രീധരൻ പറഞ്ഞിരുന്നു.