പാലക്കാട്ട് കണക്കുകളിങ്ങനെ, പോളിങ് ട്രെൻഡ് താഴോട്ട്
text_fieldsകൊടുമ്പ് എ.ജി.എം.യു.പി സ്കൂളില്‍ വോട്ട് ചെയ്യാനെത്തിയവരുടെ നീണ്ട നിര
പാലക്കാട്: നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരംകൊണ്ടും മത്സരാർഥികളെക്കൊണ്ടും ജനശ്രദ്ധയാകർഷിച്ച മണ്ഡലങ്ങളിലടക്കം ജില്ലയിൽ ഭേദപ്പെട്ട പോളിങ്. അന്തിമ റിപ്പോർട്ടുകളനുസരിച്ച് ജില്ലയിൽ 76.19 ശതമാനമാണ് പോളിങ്.
2016 നിയമസഭ തെരഞ്ഞെടുപ്പിൽ 78.37 ശതമാനമായിരുന്നു ജില്ലയിലെ ആകെ പോളിങ്. 2021ലാകെട്ട ഇത് 2.18 ശതമാനം കുറഞ്ഞതായി കണക്കുകൾ വ്യക്തമാക്കുന്നു. ജില്ലയിൽ 2016നെ അപേക്ഷിച്ച് 1,02,830 വോട്ടർമാരാണ് 2021ൽ പുതുതായി വോട്ടർപട്ടികയിലെത്തിയത്.
കടുത്ത മത്സരമുള്ള മണ്ഡലങ്ങളായി കണക്കാക്കപ്പെട്ടിരുന്ന തൃത്താല, മലമ്പുഴ എന്നിവിടങ്ങളിൽ മുൻവർഷത്തേക്കാൾ നേരിയ തോതിലെങ്കിലും പോളിങ് കുറയുന്നതാണ് കണ്ടത്. 2016ൽ 78.88 ശതമാനം പോളിങ് നടന്ന തൃത്താലയിൽ ഇക്കുറി 77.03 ശതമാനമായിരുന്നു പോളിങ്.
മലമ്പുഴയിലാകെട്ട 2016ൽ 78.74 പോൾ ചെയ്തിടത്ത് ഇക്കുറി 75.04 ശതമാനമാണ് പോളിങ്. ഇ. ശ്രീധരെൻറ വരവോടെ ശ്രദ്ധനേടിയ പാലക്കാട് മണ്ഡലത്തിലും പോളിങ് കുറയുന്ന ട്രെൻഡാണ്, 2016ൽ 77.25 ശതമാനമുണ്ടായിരുന്നിടത്ത്. 2021ൽ 73.71 ശതമാനം വോട്ടാണ് പോൾ ചെയ്തത്.
വിവിധ മണ്ഡലങ്ങളിൽ കള്ളവോട്ട് സംബന്ധിച്ച് പരാതിയുമായി വോട്ടർമാർ രംഗത്തെത്തിയത് ചില ബൂത്തുകളിൽ നേരിയ വാക്തർക്കത്തിന് കാരണമായി.
കല്ലടിക്കോട് ദാറുൽ അമാൻ 71ാം നമ്പർ ബൂത്തിൽ വോട്ട് ചെയ്യാനെത്തിയ നെല്ലിക്ക വട്ടയിൽ വീട്ടിൽ റെജിലയുടെ വോട്ട് മുമ്പ് ചെയ്തതായി കണ്ടതിനെ തുടർന്ന് അധികൃതർ ചലഞ്ച് േവാട്ട് അനുവദിച്ചു. മണ്ണാർക്കാട് മണ്ഡലത്തിൽ നാലിടങ്ങളിൽ കള്ളവോട്ടുകൾ നടന്നതായി പരാതിയുയർന്നു.
ജി.എം.യു.പി സ്കൂളിലെ ബൂത്തിൽ വോട്ടുരേഖപ്പെടുത്തേണ്ട വിനോദ് പത്തുകുടിയുടെ വോട്ട് മുമ്പ് ചെയ്തുപോയതായി അധികൃതർ അറിയിച്ചതിനെ തുടർന്ന് വാക്തർക്കമുണ്ടായി. അരയങ്ങോട് യൂനിറ്റി സ്കൂളിലെ 108ാം നമ്പർ ബൂത്തിൽ വോട്ടറായ കെ.ഇ. കുരുവിളയുടെ വോട്ട് മുമ്പ് മറ്റാരോ ചെയ്തതായി ആേരാപണമുയർന്നു.
മണ്ണാർക്കാട് കെ.ടി.എം ഹൈസ്കൂളിൽ 126ാം ബൂത്തിൽ കൊടുവാളിക്കുണ്ട് സ്വദേശി നൂർജഹാെൻറ വോട്ടും യഥാർഥ വോട്ടറെത്തിയപ്പോഴേക്കും ചെയ്തു പോയിരുന്നു. അട്ടപ്പാടി മുള്ളിയിൽ രംഗസ്വാമിയുടെ വോട്ട് കള്ളവോട്ട് ചെയ്തതായി പരാതിയുയർന്നു. പരാതിയെ തുടർന്ന് അധികൃതർ പരാതിക്കാർക്ക് ടെൻഡർ വോട്ട് അനുവദിച്ചു.
ഇതിനിടെ കാഞ്ഞിക്കുളം എ.എൽ.പി സ്കൂളിൽ വോട്ടുചെയ്യാനെത്തിയ യുവതിക്ക് പോസ്റ്റൽ വോട്ടിന് അപേക്ഷിച്ചെന്ന കാരണത്താൽ വോട്ട് ചെയ്യാനായില്ല. താൻ പോസ്റ്റൽ വോട്ടിന് അപേക്ഷിച്ചിരുന്നില്ലെന്ന് കാണിച്ച് യുവതി പ്രതിഷേധിച്ചത് വാക്തർക്കത്തിനിടയാക്കി.
കോവിഡ് പശ്ചാത്തലത്തില്‍ ആള്‍ക്കൂട്ടം ഒഴിവാക്കാനായി ഒരു പോളിങ് സ്റ്റേഷനില്‍ ആയിരം വോട്ടര്‍മാര്‍ എന്ന നിലയില്‍ നിജപ്പെടുത്തിയിരുന്നതു കൊണ്ടുതന്നെ അധികനേരം കാത്തുനിൽക്കാതെ വോട്ടർമാർക്ക് വോട്ടുചെയ്ത് മടങ്ങാനായി. ചുരുക്കം ചിലയിടങ്ങളിൽ വാക്കേറ്റമൊഴിച്ചാൽ ജില്ലയിൽ തെരഞ്ഞെടുപ്പ് സമാധാനപരമായിരുന്നു.
കല്ലടിക്കോടും ചിറ്റൂരും നെന്മാറയിലും ബൂത്ത് പരിസരത്ത് വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമമെന്ന് ആരോപണമുയർന്നതോടെ കൂടുതൽ െപാലീസ് രംഗത്തിറങ്ങി സ്ഥിതിഗതികൾ നിയന്ത്രിച്ചു. തരൂർ മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർഥി പി.പി. സുമോദ് പാർട്ടി കൊടികെട്ടിയ കാറിൽ പോളിങ് സ്റ്റേഷനിൽ എത്തിയത് വാക്തർക്കത്തിനിടയാക്കി. തുടർന്ന് അധികൃതർ കൊടിയഴിപ്പിച്ചു.
കോട്ടായി പഞ്ചായത്തിലെ മുല്ലക്കര ഗവ. എൽ.പി സ്കൂളിലെ 18ാം നമ്പർ ബൂത്തിൽ വോട്ടുയന്ത്രം പണിമുടക്കിയതിനെ തുടർന്ന് മണിക്കൂറുകളോളം പോളിങ് തടസ്സപ്പെട്ടു. ആലത്തൂർ മണ്ഡലത്തിലെ പുതിയങ്കം എ.എൽ.പി സ്കൂളിലെ 78 എ ബൂത്തിൽ വോട്ടുയന്ത്രം തകരാറിലായതോടെ 45 മിനിറ്റ് വൈകിയാണ് പോളിങ് ആരംഭിച്ചത്. പൊറ്റശ്ശേരി സ്കൂളിൽ വൈദ്യുതി തടസ്സത്തെ തുടർന്ന് പോളിങ് അരമണിക്കൂർ വൈകി.
സാമൂഹിക അകലമടക്കം നിർദേശങ്ങൾ അവഗണിച്ച് പലയിടത്തും വോട്ടർമാർ കൂട്ടം കൂടുന്നതും കാണാമായിരുന്നു. മുതലമട മൂച്ചങ്കുണ്ടിൽ മാസ്കില്ലാതെ വോട്ട് ചെയ്യാനെത്തിയ 24 പേരെ അധികൃതർ തിരിച്ചയച്ചു. ഗ്രാമീണ മേഖലയിൽ മിക്കയിടങ്ങളിലും രാവിലെ മുതൽതന്നെ മികച്ച പോളിങ്ങായിരുന്നു രേഖപ്പെടുത്തിയത്. മികച്ച വനിതപങ്കാളിത്തവും ഇക്കുറി ജില്ലയിലെ ഗ്രാമീണമേഖലകളിലെ വോട്ടിങ്ങിൽ പ്രകടമായിരുന്നു.
പ്രശ്നസാധ്യത ബൂത്തുകളായി തിരിച്ചറിയപ്പെട്ട 433 ബൂത്തുകളിലും പ്രശ്നബാധിത ബൂത്തുകളായി തിരിച്ചറിയപ്പെട്ട 61 ഇടങ്ങളിലും സുരക്ഷ ശക്തമാക്കിയിരുന്നു. ഒരിടത്തും അനിഷ്ടസംഭവങ്ങൾ റിപ്പോർട്ട് ചെയ്തില്ല. 3425 പോളിങ് സ്റ്റേഷനുകളും 1316 ഓക്സിലറി പോളിങ് സ്റ്റേഷനുകളുമാണ് ജില്ലയിൽ ഇക്കുറി സജ്ജീകരിച്ചിരുന്നത്. ഒാരോ നിയോജകമണ്ഡലത്തിലും അഞ്ചു വീതം മാതൃക പോളിങ് ബൂത്തുകളും സജ്ജീകരിച്ചിരുന്നു.
പോളിങ് ശതമാനം
മണ്ഡലം 2021 2016
തൃത്താല 77.03 78.88
പട്ടാമ്പി 76.50 77.90
ഷൊർണൂർ 76.64 76.63
ഒറ്റപ്പാലം 75.76 76
കോങ്ങാട് 75.15 77.14
മണ്ണാർക്കാട് 75.46 78.38
മലമ്പുഴ 75.04 78.74
പാലക്കാട് 73.71 77.25
തരൂർ 75.90 78.13
ചിറ്റൂർ 79.03 82.95
നെന്മാറ 76.78 81.03
ആലത്തൂർ 77.54 77.82