മുതിർന്ന കോൺഗ്രസ് നേതാവ് രാമസ്വാമി പാർട്ടി വിട്ടു
text_fieldsപാലക്കാട്: യു.ഡി.എഫ് പാലക്കാട് ജില്ലാ മുൻ ചെയർമാനും കെ.പി.സി.സി നിർവാഹക സമിതി അംഗവുമായ എ. രാമസ്വാമി കോൺഗ്രസ് വിട്ടു. വാർത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. കോൺഗ്രസിന്‍റെ തുടർച്ചയായുള്ള അവഗണനയിൽ മനം മടുത്താണ് പാർട്ടി വിടാൻ തീരുമാനിച്ചതെന്ന് രാമസ്വാമി പറഞ്ഞു.
എൽ.ഡി.എഫുമായി ചേർന്ന് പ്രവർത്തിക്കാനാണ് തീരുമാനമെന്ന് രാമസ്വാമി പറഞ്ഞു. കനത്ത പോരാട്ടം നടക്കുന്ന പാലക്കാട് മുൻ നഗരസഭാ ചെയർമാൻ കൂടിയായ മുതിർന്ന നേതാവ് കാലുമാറിയത് കോൺഗ്രസിന് തിരിച്ചടിയാകും.
തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് രാജി. കോൺഗ്രസിൽ ഇനിയും അസംതൃപ്തർ ഉണ്ടെന്നും വരുംദിവസങ്ങളിൽ അവരും പാർട്ടിവിടുമെന്നും അദ്ദേഹം പറഞ്ഞു.
നെൻമാറ പെയ്ഡ് സീറ്റ് വിഷയത്തിൽ ഉയർന്ന ആരോപണത്തിൽ ഉറച്ചുനിൽക്കുന്നുവെന്നും കോങ്ങാട് സീറ്റ് സംബന്ധിച്ചും സമാന സംശയം ഉണ്ടെന്നും രാമസ്വാമി പറഞ്ഞു. ഐ.എൻ.ടി.യു.സി ഉന്നയിക്കുന്ന സീറ്റ് പ്രശ്നം നേതൃത്വം പരിണിക്കുന്നില്ല. മുതിർന്ന നേതാക്കളെ കെ.പി.സി.സിയാണ് അവഗണിക്കുന്നത്. കോൺഗ്രസിന്‍റെ ഭാവി സംസ്ഥാനത്ത് ചോദ്യചിഹ്നമാകും. പാലക്കാട് കോൺഗ്രസ് മൂന്നാംസ്ഥാനത്തെത്തുെമന്നും അദ്ദേഹം ആരോപിച്ചു.
ലതിക സുഭാഷ്, കെ.സി റോസിക്കുട്ടി തുടങ്ങിയ മുതിർന്ന കോൺഗ്രസ് നേതാക്കൾ കഴിഞ്ഞ ദിവസങ്ങളിൽ പാർട്ടി വിട്ടിരുന്നു.