ഗണേഷ്കുമാറിന് പത്തനാപുരത്തെ എല്ലാ പഞ്ചായത്തിലും ഭൂരിപക്ഷം
text_fieldsപത്തനാപുരം: പത്തനാപുരത്ത് ഇടതുമുന്നണി സ്ഥാനാർഥി കെ.ബി. ഗണേഷ്കുമാറിന് എല്ലാ പഞ്ചായത്തിലും ഭൂരിപക്ഷം. കഴിഞ്ഞ തവണയെ അപേക്ഷിച്ച് ശക്തമായ മത്സരം നടന്നതോടെ ഗണേഷ്കുമാർ ഇത്തവണ വിജയിക്കുമോ എന്നുപോലും പല കോണിൽനിന്നും സംശയമുയർന്നിരുന്നു.
പ്രത്യക്ഷത്തിൽ ഗ്രൂപ് വൈര്യം മറന്ന് കോൺഗ്രസ് നേതാക്കളും പ്രവർത്തകരും ഒത്തിണക്കത്തോടെ പ്രവർത്തിച്ചതും പ്രചാരണത്തിെൻറ വിവിധ ഘട്ടങ്ങളിൽ വലിയ മുന്നേറ്റം സൃഷ്ടിക്കാനായതും വലത് ക്യാമ്പിന് പ്രതീക്ഷ നൽകിയിരുന്നു.
പ്രചാരണത്തിൽ പിന്നിലായത് എൽ.ഡി.എഫ് ക്യാമ്പിൽ അങ്കലാപ്പ് സൃഷ്ടിക്കുകയും ചെയ്തിരുന്നു. എന്നാൽ, വോട്ടെണ്ണൽ ആരംഭിച്ചശേഷം ഒരു ഘട്ടത്തിൽപോലും ഗണേഷ്കുമാർ പിന്നാക്കം പോയില്ല. വലിയ ഭൂരിപക്ഷം ലഭിച്ചിരുന്ന പല പഞ്ചായത്തിലെയും ഭൂരിപക്ഷം കുറഞ്ഞെന്നതല്ലാതെ എതിരാളിക്ക് പ്രതീക്ഷക്ക് വകനൽകുന്നതൊന്നും വോട്ടെണ്ണലിനിടെ ഉണ്ടായില്ല.
മൂന്ന് പഞ്ചായത്തുകളിൽ ഭൂരിപക്ഷം രണ്ടായിരത്തിന് മുകളിലായിരുന്നു. പിറവന്തൂർ 2813, വിളക്കുടി 2512, പത്തനാപുരം 2003 എന്നിങ്ങനെയായിരുന്നു ഭൂരിപക്ഷം. ഇതിൽ വിളക്കുടി പഞ്ചായത്ത് ഭരണം യു.ഡി.എഫിനാണ്. എൽ.ഡി.എഫ് ഭരിക്കുന്ന മേലില പഞ്ചായത്തിലാണ് കുറവ് ഭൂരിപക്ഷം. പട്ടാഴിയിൽ 944, പട്ടാഴി വടക്കേക്കര 1491, തലവൂർ 1956, വെട്ടിക്കവല 1949. തപാൽ വോട്ടിൽ 382 വോട്ടിെൻറ ഭൂരിപക്ഷം എൽ.ഡി.എഫിനുണ്ട്.