വിദ്യാർഥികളെ ഒഴിവാക്കാൻ സമയം മാറി ഓടി സ്വകാര്യ ബസുകൾ
text_fieldsപീരുമേട്: വിദ്യാർഥികളെ കയറ്റാതിരിക്കാൻ സ്വകാര്യ ബസുകൾ സമയം മാറി ഓടുന്നു. കുമളിയിൽനിന്ന് രാവിലെ ചങ്ങനാശ്ശേരിക്ക് പുറപ്പെടുന്ന രണ്ട് ബസുകളാണ് അനുവദിച്ച സമയം തെറ്റിച്ച് ഓടുന്നത്.മുണ്ടക്കയം സ്റ്റാൻഡിൽ 45 മിനിറ്റ് മുമ്പ് എത്തുന്നതിനാൽ യാത്രക്കാർക്ക് മുണ്ടക്കയം ടിക്കറ്റ് മാത്രമാണ് നൽകുന്നത്.
രാവിലെ 6.08 ന് കുമളിയിൽനിന്ന് പുറപ്പെട്ട് 7.25ന് കുട്ടിക്കാനത്ത് എത്തി 8.15ന് മുണ്ടക്കയത്തുനിന്ന് ചങ്ങനാശ്ശേരിക്ക് പോകേണ്ട ബസ് 7.45 ന് മുണ്ടക്കയത്ത് എത്തും. 6.55 ന് കുമളിയിൽനിന്ന് പുറപ്പെട്ട് 8.10ന് കുട്ടിക്കാനത്ത് എത്തി ഒമ്പതിന് മുണ്ടക്കയത്തുനിന്ന് ചങ്ങനാശ്ശേരിക്ക് പോകേണ്ട ബസ് 8.25 ന് മുണ്ടക്കയത്ത് എത്തി 45 മിനിറ്റ് സ്റ്റാൻഡിൽ കിടക്കും. ഈ ബസിൽ കുമളിയിൽ നിന്ന് മുണ്ടക്കയം വരെ ടിക്കറ്റ് മാത്രമേ നൽകുകയുള്ളു.
അനുവദിച്ചതിലും നേരത്തേ എത്തുന്നതിനാൽ വിദ്യാർഥികളെ ഒഴിവാക്കാനാവും. നിശ്ചിത സമയത്ത് ഓടിയാൽ പാമ്പനാർ മുതൽ മുണ്ടക്കയം വരെ വിദ്യാർഥികൾ കയറാനുണ്ടാകും. ഇത് ഒഴിവാക്കാനാണ് സമയം മാറി ഓടുന്നത്. ഈ ബസുകൾ സമയം തെറ്റിക്കുന്നതിനാൽ കുമളിയിൽനിന്ന് 7.08 ന് കോട്ടയത്തേക്ക് പോകുന്ന ബസിൽ വിദ്യാർഥികളുടെ വൻ തിരക്കാണ്. വിദ്യാർഥികളെ കയറ്റാതിരിക്കാൻ സമയം മാറി ഓടുന്ന സ്വകാര്യ ബസുകൾക്കെതിരെ മോട്ടോർ വാഹന വകുപ്പ് നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാണ്.