പേരാമ്പ്രയിൽ മത്സരം കടുക്കുന്നു
text_fieldsപേരാമ്പ്ര: പ്രചാരണത്തിെൻറ അവസാന ഘട്ടത്തിൽ പേരാമ്പ്ര മണ്ഡലത്തിൽ മത്സരം കടുക്കുകയാണ്. ഇടതുമുന്നണിക്കുവേണ്ടി മുഖ്യമന്ത്രി പിണറായി വിജയൻതന്നെ പേരാമ്പ്രയിലെത്തിയപ്പോൾ മറുഭാഗത്ത് യു.ഡി.എഫ് പി.കെ. കുഞ്ഞാലിക്കുട്ടി, മുല്ലപ്പള്ളി രാമചന്ദ്രൻ, ഹൈബി ഈഡൻ എന്നിവരെ എത്തിച്ചു. സംവിധായകൻ രഞ്ജിത്ത്, എളമരം കരീം എന്നിവരെയും ഇടതുമുന്നണി രംഗത്തിറക്കി. പ്രചാരണത്തിെൻറ ആദ്യഘട്ടത്തിൽ വൻ ഭൂരിപക്ഷമായിരുന്നു ഇടതുകേന്ദ്രങ്ങൾ പ്രതീക്ഷിച്ചിരുന്നത്. എന്നാൽ വോട്ടെടുപ്പ് അടുക്കുംതോറും യു.ഡി.എഫ് ക്യാമ്പിന് ആത്മവിശ്വാസം വർധിക്കുന്ന കാഴ്ചയും കാണാം. യു.ഡി.എഫ് വോട്ടുകൾ കൃത്യമായി സി.എച്ച്. ഇബ്രാഹീം കുട്ടിക്കുതന്നെ ലഭിച്ചാൽ ഒരു കൈ നോക്കാമെന്ന നിലയിൽ യു.ഡി.എഫ് കേന്ദ്രങ്ങൾ എത്തിയിട്ടുണ്ട്. വെൽഫെയർ പാർട്ടിയുടേത് ഉൾപ്പെടെയുള്ള വോട്ടുകൾ ഇബ്രാഹീം കുട്ടിക്ക് ലഭിക്കുകയും അദ്ദേഹത്തിെൻറ വ്യക്തിബന്ധങ്ങൾ ഉപയോഗിച്ച് ലഭിക്കുന്ന വോട്ടുകളുമാകുമ്പോൾ നേരിയ മാർജിനിൽ ജയിച്ചുകയറാമെന്ന വിശ്വാസമാണ് യു.ഡി.എഫ് പുലർത്തുന്നത്. മണ്ഡലത്തിൽ പ്രജണ്ടപ്രചാരണമാണ് ഇരുമുന്നണികളും നടത്തുന്നത്.
എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയുടെ വിജയമുറപ്പാക്കാന്‍ വിവിധ തുറകളിലുള്ളവർ രംഗത്തിറങ്ങി. എല്ലാ ബഹുജന സംഘടനകളും പ്രചാരണ രംഗത്ത് സജീവമാണ്. സ്റ്റാൻഡ് വിത്ത് ലെഫ്റ്റ് യൂത്ത് വാക് എന്ന പേരില്‍ ഇടതു യുവജനസംഘടനകളുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച റാലിയും എൽ.ഡി.എഫ് കരുത്ത് വിളിച്ചോതുന്നതായിരുന്നു. ജനാധിപത്യ മഹിള അസോസിയേഷന് പേരാമ്പ്ര ഈസ്റ്റ് മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ അവതരിപ്പിച്ച 'ചുവപ്പാണ് ശരി' എന്ന നൃത്തശില്പവും പ്രചാരണത്തിലെ വേറിട്ട കാഴ്ചയായി. കമ്യൂണിറ്റി ഹാള്‍ പരിസരത്തുനിന്നും പ്രകടനമായെത്തിയ വനിത പ്രവര്‍ത്തകര്‍ ബസ് സ്റ്റാന്‍ഡ് പരിസരത്താണ് നൃത്തശില്പം അവതരിപ്പിച്ചത്. വിവിധ സംഘടനകളുടെ നേതൃത്വത്തിൽ കലാജാഥകൾ പര്യടനം നടത്തുന്നുണ്ട്.
പ്രചാരണരംഗത്ത് ലഭിക്കുന്ന വന്‍ സ്വീകാര്യത സി.എച്ച്. ഇബ്രാഹീം കുട്ടിയുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നുണ്ട്. മൂന്നാംഘട്ട പര്യടനത്തിന് എങ്ങും ആവേശകരമായ സ്വീകരണമാണ് ലഭിച്ചത്. ദുഃഖവെള്ളി ദിനമായ ഇന്നലെ പേരാമ്പ്ര പാദുവ കപ്പുച്ചിന്‍ പള്ളിയിലെത്തി വിശ്വാസികളെയും പുരോഹിതന്മാരെയും കണ്ടതിനുശേഷമാണ് പര്യടനം ആരംഭിച്ചത്. വാളൂര്‍ ഊടുവഴിയില്‍ ആരംഭിച്ച പര്യടനം പയ്യോളി അങ്ങാടിയില്‍ സമാപിച്ചു.
മണ്ഡലം ചെയര്മാന് സത്യന് കടിയങ്ങാട് ഉദ്ഘാടനം ചെയ്തു. കെ. കുഞ്ഞബ്ദുല്ല അധ്യക്ഷത വഹിച്ചു. മുനീര്‍ എരവത്ത്, എസ്.പി. കുഞ്ഞമ്മദ്, രാജന് മരുതേരി, പി.കെ. രാഗേഷ്, കെ. മധുകൃഷ്ണന്, ആവള ഹമീദ്, രാജന് വര്‍ക്കി, പുതുക്കുടി അബ്ദുറഹിമാന്, പി.എം. പ്രകാശന്, കെ.സി. രവീന്ദ്രന് സംസാരിച്ചു.