രാഹുൽ ഇന്ന് പൊന്നാനിയിൽ; രാജീവ് ഗാന്ധിയുടെ ഓർമകൾക്ക് മൂകസാക്ഷിയായി ആ വേദി ഇവിടെയുണ്ട്
text_fieldsരാജീവ് ഗാന്ധിയുടെ സന്ദർശനത്തിന്റെ ഭാഗമായി നിർമിച്ച സ്റ്റേജ്
പൊന്നാനി (മലപ്പുറം): വെള്ളിയാഴ്ച പൊന്നാനിയിലെത്തുന്ന രാഹുൽ ഗാന്ധിക്ക് മുന്നിൽ അച്ഛെൻറ ഓർമയായി ഒരു വേദിയുണ്ട്. പൊന്നാനി മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി അഡ്വ. എ.എം. രോഹിതിെൻറ പ്രചാരണാർഥം വെള്ളിയാഴ്ച വൈകീട്ടാണ് രാഹുൽ പൊന്നാനിയിലെത്തുന്നത്.
1987ൽ പി.ടി. മോഹന കൃഷ്ണന് വേണ്ടി പൊന്നാനിയിലെത്തിയ രാജീവ് ഗാന്ധിക്ക് വേണ്ടിയാണ് എ.വി. ഹൈസ്കൂൾ ഗ്രൗണ്ടിൽ സ്റ്റേജ് നിർമിച്ചത്. അച്ഛെൻറ വാക്ധോരണികൾക്ക് സാക്ഷിയായ വേദിക്ക് മുന്നിലാണ് 30 വർഷത്തിനിപ്പുറം രാഹുൽ എത്തുന്നത്. 1987ൽ രാജീവ് ഗാന്ധി പൊന്നാനിയിലെത്തുമ്പോൾ അദ്ദേഹം പ്രധാനമന്ത്രിയായിരുന്നു.
ആ തെരഞ്ഞെടുപ്പിൽ പി.ടി. മോഹന കൃഷ്ണൻ വിജയിച്ചു. 1980ലും 82ലും ഇന്ദിരാഗാന്ധിയും പൊന്നാനിയിൽ പ്രചാരണത്തിനെത്തിയിട്ടുണ്ട്. മുത്തശ്ശിയും അച്ഛനും പ്രസംഗിച്ച അതേ മൈതാനത്താണ് വെള്ളിയാഴ്ച രാഹുൽ ഗാന്ധിയും ജനങ്ങളെ അഭിസംബോധന ചെയ്യുക.
80ൽ ഇന്ദിര എത്തിയ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥി പി.ടി. മോഹനകൃഷ്ണൻ പരാജയപ്പെട്ടു. കെ. ശ്രീധരനാണ് അന്ന് ജയിച്ചത്. 82ൽ ഇന്ദിര രണ്ടാമതെത്തിയ തെരഞ്ഞെടുപ്പിൽ എം.പി. ഗംഗാധരനായിരുന്നു വിജയം. കെ ശ്രീധരനെ 96 വോട്ടുകൾക്കാണ് പരാജയപ്പെടുത്തിയത്.