മദ്യപിച്ച് ഡ്യൂട്ടിക്കെത്തിയ പോളിങ് ഓഫിസർ പിടിയിൽ
text_fieldsപുനലൂർ: മദ്യപിച്ച് തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കെത്തിയ പോളിങ് ഓഫിസറെ അറസ്റ്റ് ചെയ്തു. റിസർവ് ചെയ്തിരുന്ന ഉദ്യോഗസ്ഥരിൽനിന്ന് പകരം ആളിനെ നിയമിച്ചു. പുനലൂർ നിയോജക മണ്ഡലത്തിലെ ടോക് എച്ച് പബ്ലിക് സ്കൂളിൽ 94 നമ്പർ ബൂത്തിൽ ആണ് സംഭവം. കൊട്ടാരക്കര കോടതിയിലെ ജീവനക്കാരൻ പ്രകാശ് കുമാറാണ് പിടിയിലായത്.
തിങ്കളാഴ്ച വൈകുന്നേരം ആറോടെ പ്രിസൈഡിങ് ഓഫിസറുടെ പരാതിയെത്തുടർന്നാണ് പൊലീസ് എത്തി അറസ്റ്റ് ചെയ്തത്. ഇയാളെ പുനലൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ച് വൈദ്യപരിശോധനക്ക് വിധേയനാക്കി.
പ്രിസൈഡിങ് ഓഫിസർ അടക്കം രണ്ട് വനിത ജീവനക്കാരും ബൂത്തിൽ ഉണ്ടായിരുന്നു. കേസ് എടുത്തത് സംബന്ധിച്ച് നീതിന്യായ വകുപ്പിന് റിപ്പോർട്ട് നൽകുമെന്ന് സ്റ്റേഷൻ ഹൗസ് ഓഫിസർ ജെ. രാജേഷ് പറഞ്ഞു. മദ്യപിച്ച് ബഹളമുണ്ടാക്കി എന്ന കാരണത്താലാണ് കേസ് എടുത്തിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.