പുതുപ്പള്ളി വിജയം സർക്കാറിനെതിരായ പ്രതികരണം -ഇൻകാസ്
text_fieldsചാണ്ടി ഉമ്മന്റെ വിജയത്തിൽ ആഹ്ലാദം പ്രകടിപ്പിക്കുന്ന ഷാർജയിലെ കോൺഗ്രസ് പ്രവർത്തകർ
ദുബൈ: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർഥി ചാണ്ടി ഉമ്മന്റെ ഉജ്ജ്വല വിജയം കേരള സർക്കാറിന്റെ ജനവിരുദ്ധ ഭരണത്തിനും മുഖ്യമന്ത്രി പിണറായി വിജയന്റെ അഴിമതിക്കും ധാർഷ്ട്യത്തിനും എതിരെ ജനങ്ങളുടെ പ്രതികരണമാണെന്ന് ഇൻകാസ് യു.എ.ഇ കമ്മിറ്റി. എൽ.ഡി.എഫ് ഭരണത്തിന്റെ വിലയിരുത്തലായിരിക്കും ഉപതെരഞ്ഞെടുപ്പെന്ന സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ പ്രസ്താവന ശരിയായ വിധം ജനങ്ങൾ തിരിച്ചറിഞ്ഞെന്നും ഭാരവാഹികൾ പറഞ്ഞു. ജീവിച്ചിരുന്നപ്പോഴും മരണശേഷവും ഉമ്മൻ ചാണ്ടിയെ നിഷ്കരുണം വേട്ടയാടിയ സി.പി.എമ്മിന് കിട്ടിയ കനത്ത പ്രഹരമാണ് ഈ ദയനീയ പരാജയം.
മികച്ച വിജയം സമ്മാനിച്ച മണ്ഡലത്തിലെ വോട്ടർമാർക്കും പുതുപ്പള്ളിയിലെ പുതിയ നായകൻ ചാണ്ടി ഉമ്മനും ഇൻകാസ് യു.എ.ഇ കമ്മിറ്റിയുടെ അഭിവാദ്യങ്ങൾ അർപ്പിക്കുന്നതായി ജനറൽ സെക്രട്ടറി മുഹമ്മദ് ജാബിർ, ആക്ടിങ് പ്രസിഡന്റ് ടി.എ. രവീന്ദ്രൻ എന്നിവർ പ്രസ്താവനയിൽ അറിയിച്ചു. പുതുപ്പള്ളിയിൽ ചാണ്ടി ഉമ്മന്റെ വിജയം പിണറായി സർക്കാറിന്റെ കള്ളപ്രചാരണങ്ങൾക്കും കെടുകാര്യസ്ഥതക്കും ഏറ്റ ശക്തമായ തിരിച്ചടിയാണെന്ന് ഇൻകാസ് ദുബൈ കമ്മിറ്റി അഭിപ്രായപ്പെട്ടു.
ചാണ്ടി ഉമ്മന്റെ വിജയം ഇൻകാസ് പ്രവർത്തകർ മധുരം വിതരണം ചെയ്ത് ആഘോഷിച്ചു. പ്രസിഡന്റ് നദീർ കാപ്പാട്, ജനറൽ സെക്രട്ടറി ബി.എ. നാസർ, ഗ്ലോബൽ സെക്രട്ടറി അഡ്വ. ഹാഷിക് തൈക്കണ്ടി, ടൈറ്റസ് പുല്ലൂരാൻ, സി.എ. ബിജു, നൂറുൽ ഹമീദ്, സാദിഖ്, മൊയ്തു കുറ്റ്യാടി, ഷബ്നാസ്, ബി. പവിത്രൻ, അഖിൽ തൊടിക്കളം, ഷിജു പാറയിൽ, റിയാസ് മുണ്ടേരി എന്നിവർ ആഘോഷപരിപാടിക്ക് നേതൃത്വം നൽകി. പുതുപ്പള്ളി കേരള രാഷ്ട്രീയ ചരിത്രത്തെ പുതുക്കിപ്പണിതിരിക്കുകയാണെന്ന് സാമൂഹിക, രാഷ്ടീയ പ്രവർത്തകൻ പുന്നക്കൻ മുഹമ്മദലി പറഞ്ഞു.