അഴിമതിയുടെ ചെളിക്കുണ്ടില്‍ വീണ് കിടക്കുന്ന മുഖ്യമന്ത്രി ആരോപണങ്ങള്‍ക്ക് മറുപടി നല്‍കുന്നില്ലെന്ന് വി.ഡി സതീശൻ
text_fieldsതിരുവനന്തപുരം: അഴിമതിയുടെ ചെളിക്കുണ്ടില്‍ വീണ് കിടക്കുന്ന മുഖ്യമന്ത്രി ആരോപണങ്ങള്‍ക്ക് മറുപടി നല്‍കുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ഗുരുതരമായ അഴിമതികളെയും ധനപ്രതിസന്ധിയെയും വിലക്കയറ്റത്തെയും ജനജീവിതം താറുമാറാക്കിയതിനെയും കുറിച്ച് പ്രതിപക്ഷം ഉന്നയിച്ച ചോദ്യങ്ങള്‍ക്കും മുഖ്യമന്ത്രി പുതുപ്പള്ളിയില്‍ പോലും മറുപടി നല്‍കിയില്ല.
മുഖ്യമന്ത്രി മാധ്യമങ്ങളോട് സംസാരിക്കുകയോ പ്രതിപക്ഷ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയോ ചെയ്യാതെ മൗനം ഭൂഷണമായി കൊണ്ടു നടക്കുകയാണ്. ഭയമാണ് മുഖ്യമന്ത്രിക്ക്. അഴിമതിയുടെ ചെളിക്കുണ്ടില്‍ വീണ് കിടക്കുന്ന മുഖ്യമന്ത്രി ഒന്നിനും മറുപടി പറയുന്നില്ല. തനിക്കും കുടുംബത്തിനും എതിരെ ഉയര്‍ന്നിരിക്കുന്ന ആരോപണങ്ങള്‍ക്ക് മറുപടി നല്‍കേണ്ട ബാധ്യത കേരളത്തിന്റെ മുഖ്യമന്ത്രിക്കുണ്ട്. തൊട്ടാല്‍ കൂടുതല്‍ കാര്യങ്ങള്‍ പുറത്ത് വരുമെന്ന ഭയമാണ് മുഖ്യമന്ത്രിക്ക്.
നെല്‍ കര്‍ഷകരുടെ വിഷയം ഏറ്റെടുത്ത് കൊണ്ടാണ് പാലക്കാട് 5000 പേരുടെ മാര്‍ച്ച് സംഘടിപ്പിച്ചത്. കുട്ടനാട്ടില്‍ യു.ഡി.എഫ് നെല്‍കര്‍ഷകരുടെ സംഗമം സംഘടിപ്പിച്ചു. കോട്ടയത്ത് കര്‍ഷക സമരപ്രഖ്യാപന കണ്‍വെന്‍ഷനും നടത്തി. കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസിന്റെയും യു.ഡി.എഫിന്റെയും നേതൃത്വത്തില്‍ സംസ്ഥാനത്താകെ ശക്തമായ സമരപരിപാടികള്‍ നടക്കുകയാണ്. കാര്‍ഷിക മേഖല കടുത്ത പ്രതിസന്ധിയിലാണ്. പക്ഷെ ഒരു കുഴപ്പവും ഇല്ലെന്നാണ് മുഖ്യമന്ത്രി പറയുന്നത്. വിലക്കയറ്റമൊന്നും ഇല്ലെന്നാണ് പറയുന്നത്.
57 ലക്ഷം പേര്‍ക്ക് നല്‍കേണ്ട ഓണക്കിറ്റ് ആറ് ലക്ഷം പേര്‍ക്ക് മാത്രമായി ചുരുക്കി. എന്നിട്ടും കൊടുക്കാനുള്ള സാധനങ്ങളില്ല. സപ്ലൈകോയില്‍ നേരത്തെ സാധനങ്ങള്‍ എത്തിച്ച വിതരണക്കാര്‍ക്ക് പണം നല്‍കാനുള്ളതിനാല്‍ അവര്‍ വിതരണം നിര്‍ത്തി. കോവിഡ് കാലത്ത് കിറ്റ് നല്‍കിയവര്‍ക്കുള്ള 700 കോടി ഇതുവരെ നല്‍കിയിട്ടില്ല. കിറ്റ് കൊടുക്കാന്‍ പോലും സാധിക്കാത്തത് സംസ്ഥാനം കടുത്ത ധനപ്രതിസന്ധിയിലൂടെ കടന്നു പോകുന്നുവെന്നതിന് തെളിവാണ്. യതാര്‍ത്ഥ വസ്തുതകള്‍ മറച്ചുവച്ചാണ് മുഖ്യമന്ത്രി സംസാരിക്കുന്നത്.
സി.പി.എമ്മിന്റെ സംസ്ഥാന- ജില്ലാ നേതാക്കള്‍ക്ക് കരുവന്നൂര്‍ ബാങ്ക് തട്ടിപ്പില്‍ പങ്കുണ്ട്. വിജിലന്‍സ് അന്വേഷിച്ച് നേതാക്കളെയെല്ലാം രക്ഷപ്പെടുത്തി ജീവനക്കാരെ മാത്രം പ്രതികളാക്കി. അതൊക്കെയാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. അപകടകരമായ രീതിയിലാണ് സി.പി.എം നേതാക്കള്‍ തട്ടിപ്പില്‍ ഇടപെട്ടത്. അതിന്റെ ഉദാഹരമണമാണ് എം.സി മൊയ്തീനെതിരായ കേസ്.
ശാന്തന്‍പാറയിലെ പാര്‍ട്ടി ഓഫീസ് നിർമാണം ഹൈകോടതി സ്‌റ്റേ ചെയ്തിട്ടും അന്നു രാത്രി തന്നെ സി.പി.എം ജില്ലാ സെക്രട്ടറിയുടെ നേതൃത്വത്തില്‍ ജോലിക്കാരെ എത്തിച്ച് കെട്ടിടം പണി പൂര്‍ത്തിയാക്കി. പൊലീസും കോടതിയും പാര്‍ട്ടി തന്നെയാണെന്ന രീതിയിലാണ് സി.പി.എം മുന്നോട്ട് പോകുന്നതെന്നും അദ്ദേഹം പറഞ്ഞു.